'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു
യുഎസ്-ഇറാൻ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ സ്വർണ വില വീണ്ടും ഉയർന്നിരിക്കുകയാണ്. ഇന്ന് ഒറ്റയടിക്ക് 2920 രൂപയാണ് പവൻ വിലയിൽ കൂടിയത്. ഇതോടെ സംസ്ഥാനത്ത് സ്വർണ വില 1.12 ലക്ഷത്തിലെത്തി. യുദ്ധം ഉടൻ തന്നെ പൂർണമായി അവസാനിക്കുകയാണെങ്കിൽ സ്വർണ വില ഇനിയും ഉയരുമെന്നാണ് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ് പറയുന്നത്. സീ ന്യൂസ് മലയാളത്തോട് അദ്ദേഹം പങ്കുവെച്ച കാര്യങ്ങൾ ഇങ്ങനെ
'ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും സ്വർണവില ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. കാരണം യുദ്ധത്തിന് എന്തെങ്കിലും തരത്തിൽ ഒരു അയവ് വരുന്ന സാഹചര്യം ഉണ്ടായാൽ സ്വർണവില പഴയതുപോലെ തന്നെ മുകളിലേക്ക് പോകും. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ അമേരിക്ക-ഇറാൻ യുദ്ധത്തിന് അയവ് വന്നുവെന്ന് പൂർണമായി കണക്കാക്കാൻ സാധിക്കില്ല. പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണെന്ന് പറയുന്നതുപോലെ അമേരിക്കടെ പിന്നോട്ടുള്ള പോക്ക് ഒളിക്കാനാണോ കുതിക്കാനാണോ എന്ന് ആർക്കും മനസ്സിലാവാത്ത തരത്തിലാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. യുദ്ധത്തിന് ഒരു വിരാമം ഉണ്ടാകുകയാണെങ്കിൽ സ്വർണ വില പ്രതീക്ഷിക്കാത്ത തരത്തിലേക്ക് ഉയർന്നുവരാൻ സാധ്യത കാണുന്നുണ്ട്. ഇല്ല എന്നുണ്ടെങ്കിൽ ഏകദേശം ഈ റേഞ്ചിനോട് അടുത്ത് തന്നെ വില നിൽക്കാനും അല്ലെങ്കിൽ ചെറിയ തോതിൽ കുറവ് രേഖപ്പെടുത്താനും സാധ്യത കാണുന്നുണ്ട്.

കൂടുന്നതിനുള്ള ട്രെൻഡ് ആണ് നിലവിൽ കാണുന്നത്. വില വർധനവ് ജ്വല്ലറികളെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. നിലവിൽ ബിസിനസ് വലിയ കുഴപ്പമില്ലാത്ത ഒരു തരത്തിലാണ് പോകുന്നത്. കാരണം ഇപ്പോൾ കല്യാണ സീസൺ ആണ്. ആളുകൾക്ക് സ്വർണ്ണം വാങ്ങിയേ പെറ്റുള്ളൂ. കൂടുതലായിട്ടുള്ളത് അല്ലെങ്കിൽ പോലും അളവിൽ കുറഞ്ഞ അളവിലാണെങ്കിലും സ്വർണം വാങ്ങാനായിട്ട് ആളുകൾ ജ്വല്ലറികളിലേക്ക് എത്തുന്നുണ്ട്. പക്ഷേ വീണ്ടും ക്രമാതീതമായി വില വർദ്ധിക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ ആളുകൾ ജ്വല്ലറിലേക്ക് എത്തുന്നതിന് ഒരു കുറവ് വീണ്ടും രേഖപ്പെടുത്തും. അത് വ്യാപാരികളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് തള്ളിവിടും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്ലാവരും, പ്രത്യേകിച്ച് ബിസിനസുകാർ എല്ലാവരും ആഗ്രഹിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കണം, ബിസിനസ് തിരിച്ചുവരണം എന്നുള്ളതാണ്.
അതുപോലെ ആവശ്യ സാധനങ്ങളുടെ വില വർധിക്കുകയാണ്. അവശ്യ സാധനങ്ങളുടെ വില കുറയുന്ന തരത്തിലേക്ക് എത്തിക്കുകയാണെങ്കിൽ ബിസിനസുകൾ വർദ്ധിക്കും .അത് നാടിനെ പുരോഗതിയിലേക്ക് നയിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല. അങ്ങനെ ഉണ്ടെങ്കിൽ സ്വർണ വ്യാപാരം മാത്രമല്ല ബാക്കി എല്ലാ തരത്തിലുള്ള ബിസിനസുകളും നല്ല രീതിയിലേക്ക് മുന്നോട്ടു പോകും.
യുദ്ധം പൂർണമായി നിൽക്കുകയും സമാധാനം പുനർസ്ഥാപിക്കുകയും ചെയ്താൽ മുന്നോട്ടുള്ള സ്വർണത്തിന്റെ കുതിപ്പിന് ആക്കം കൂട്ടും. ഈ വർഷം അവസാനത്തുകോടി രണ്ടു ലക്ഷം എന്ന മാജിക് നമ്പറിലേക്ക് വരെ എത്താനുള്ള ഒരു സാധ്യതയുണ്ട്. യുദ്ധം എത്രയും പെട്ടെന്ന് അവസാനിച്ചാൽ മിനിമം ഒന്നര ലക്ഷത്തിന് മുകളിലേക്ക് സ്വർണ വില പോകും എന്നുള്ള കാര്യത്തിൽ തർക്കമില്ല. പല വിദഗ്തരും രണ്ട് ലക്ഷം എന്നുള്ള സംഖ്യ പ്രവചിക്കുന്നുണ്ട്, എന്നാൽ എത്രത്തോളം പ്രായോഗികമാണെന്ന് മനസിലാകുന്നില്ല. എന്നിരുന്നാൽ തന്നെയും യുദ്ധം അടങ്ങി സമധാനം ഉണ്ടാകുന്നതോടെ രണ്ടു ലക്ഷം എന്നുള്ള സംഖ്യയിലേക്ക് എത്താനുള്ള സാധ്യത അപ്രാപ്യം എന്ന് പറയാൻ സാധിക്കില്ല. ഏറ്റവും കുറഞ്ഞത് ഒന്നര ലക്ഷം എങ്കിലും കടക്കുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്', അരുണ്‍ മാർക്കോസ് പറഞ്ഞു.
സ്വർണ വില രണ്ട് ലക്ഷമായി ഉയർന്നാൽ ഇപ്പോഴത്തെ വിലയിൽ നിന്നും ഏകഗേശം 88,000 രൂപയുടെ വർധനവ് പ്രകീക്ഷിക്കാം, ഗ്രാമിന് 20,000 രൂപ വരേയും.












Click it and Unblock the Notifications