സ്വര്‍ണം ഞെട്ടിച്ചു; 2000 രൂപയുടെ വമ്പന്‍ വര്‍ധനവ്, വില്‍ക്കല്ലേ, ഇനിയും കൂടും, ഇന്നത്തെ പവന്‍ വില
കൊച്ചി: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ആഗോള വിപണിയില്‍ വലിയ മുന്നേറ്റത്തിലാണ് സ്വര്‍ണം. കേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ട്. 2000 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം എത്തി. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില കൂടുമെന്നാണ് പ്രവചനങ്ങള്‍.
കഴിഞ്ഞാഴ്ച വലിയ ആശ്വാസമാണ് ലഭിച്ചിരുന്നത്. സ്വര്‍ണവില കുറയുന്നതായിരുന്നു ട്രെന്‍ഡ്. എന്നാല്‍ ഇന്നലെ 160 രൂപ വര്‍ധിച്ച പിന്നാലെയാണ് ഇന്ന് 2000 രൂപ കൂടിയിരിക്കുന്നത്. അതായത്, രണ്ട് ദിവസത്തിനിടെ 2160 രൂപ കൂടി. ആഗോള വിപണിയില്‍ 105 ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്. 3500 ഡോളര്‍ കടന്ന് സ്വര്‍ണവില കുതിക്കാന്‍ സാധ്യതയുണ്ട് എന്നാണ് ജ്വല്ലറി വ്യാപാരികള്‍ കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ വില ഇനിയും വര്‍ധിക്കും.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 72200 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഗ്രാമിന് 250 രൂപ വര്‍ധിച്ച് 9025 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7410 രൂപയായി കൂടി. വെള്ളിയുടെ വില ഗ്രാമിന് 108 രൂപയായി വര്‍ധിച്ചു. കഴിഞ്ഞ മാസം 22ന് അന്താരാഷ്ട്ര സ്വര്‍ണവില 3500 ഡോളറിലേക്ക് അടുത്ത ശേഷം വലിയ തോതില്‍ കുറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ഉയര്‍ന്ന് 3363 ഡോളറായിട്ടുണ്ട്.
നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണവില 3500 ഡോളര്‍ കടന്ന് കുതിക്കുമെന്ന് ഗോള്‍ഡ് മന്‍സാച്ചസ് അഭിപ്രായപ്പെടുന്നു. അക്ഷയ തൃതീയ ദിവസം കേരളത്തില്‍ വില്‍പ്പന വര്‍ധിച്ചിരുന്നു. വില കുറഞ്ഞ സാഹചര്യത്തിലായിരുന്നു വില്‍പ്പന കൂടിയത്. ഇപ്പോള്‍ വില വീണ്ടും ഉയര്‍ന്നതിനാല്‍ സ്വര്‍ണവില്‍പ്പന കുറയാനാണ് സാധ്യത. എന്തുകൊണ്ടാണ് സ്വര്‍ണവില പൊടുന്നനെ വര്‍ധിക്കാനുള്ള കാരണം എന്നറിയാമോ...
സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം ഇതാണ്
പ്രധാനമായും വില കൂടാന്‍ രണ്ട് കാരണമാണുള്ളത്. ഒന്ന് ഡോളറിന്റെ മൂല്യത്തകര്‍ച്ചയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട വ്യാപാര ചുങ്കപ്പോരിന് ശേഷം ഡോളറിന് കരകയറാന്‍ സാധിച്ചിട്ടില്ല. ഡോളര്‍ മൂല്യമിടിയുമ്പോള്‍ യൂറോ, പൗണ്ട്, യെന്‍, യുവാന്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രധാന കറന്‍സികള്‍ മൂല്യം കൂടും. അവ ഉപയോഗിച്ച് വ്യാപകമായി സ്വര്‍ണം വാങ്ങിക്കൂട്ടുന്ന സാഹചര്യം വരും. ഇതോടെയാണ് സ്വര്‍ണവില കൂടുക.
ചുങ്കപ്പോര് ഉടന്‍ അവസാനിക്കാന്‍ ഇടയില്ല എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ചൈനയും അമേരിക്കയും തമ്മില്‍ സമവായ ചര്‍ച്ച വൈകുമെന്നും കേള്‍ക്കുന്നു. മാത്രമല്ല, അമേരിക്കക്ക് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം ചുങ്കം ചുമത്താനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. അമേരിക്ക പുതിയ നയവുമായി മുന്നോട്ട് പോകുമെന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. ഇത് വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടുമോ
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നാളെ പണനയം പ്രഖ്യാപിക്കും. വിപണിയില്‍ ചലനമുണ്ടാക്കുന്ന നയം മാറ്റത്തിന് സാധ്യതയില്ല എന്നാണ് വിവരം. എന്നാല്‍ ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായ അമേരിക്കയുടെ പണനയം എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുകയാണ്. പലിശ നിരക്ക് കുറയ്ക്കുമോ അതോ കൂട്ടുമോ എന്നാണ് പ്രധാന നോട്ടം. പലിശ നിരക്ക് കുറച്ചാല്‍ സ്വര്‍ണവില കൂടാന്‍ വഴിയൊരുങ്ങും.
ഡോളര്‍ സൂചിക നിലവില്‍ 99.79 ആണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 84.34 ആണ്. ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 64.17 ആയി ഉയര്‍ന്നു. സൗദിയും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചിരുന്നു. ഈ വേളയില്‍ വില കുറയുമെന്നാണ് കരുതിയത് എങ്കിലും വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്.
വിപണിയില്‍ അപ്രതീക്ഷിതമായ ചില മാറ്റങ്ങള്‍ കാണുന്നു എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ക്രിപ്‌റ്റോ കറന്‍സിയുടെ വിലയില്‍ ചാഞ്ചാട്ടം നടക്കുന്നതും വിപണിയിലെ അനിശ്ചിതത്വം സൂചിപ്പിക്കുന്നു. ഓഹരി വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. പല ഏഷ്യന്‍ വിപണികളും ഇന്ന് അവധിയാണ്.












Click it and Unblock the Notifications