സ്വര്‍ണവില തിരിച്ചുകയറി; ആഭരണം ബുക്ക് ചെയ്തവര്‍ക്ക് ആശ്വാസം, ഇന്നത്തെ പവന്‍, ഗ്രാം വില
കൊച്ചി: കേരളത്തില്‍ ഒരു ദിവസം മാത്രം നീണ്ട ആശ്വാസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ വലിയ തോതില്‍ ഇടിഞ്ഞത് ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ആഗോള വിപണിയില്‍ വില കയറുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ഇന്ന് നിരക്ക് കൂടിയത്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു.
ഡോളര്‍ സൂചിക കുറഞ്ഞുവരുന്നത് സ്വര്‍ണവില കൂടിയേക്കുമെന്ന സൂചന നല്‍കുന്നു. അതേസമയം, ഇന്ത്യന്‍ രൂപ കരുത്ത് കൂട്ടുന്നത് വില കുറയുമെന്ന പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. അമേരിക്കയുടെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് യുക്രൈന്‍ യുദ്ധം അവസാനിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതും വിപണിക്ക് പ്രതീക്ഷയാണ്. അറിയാം പുതിയ സ്വര്‍ണവിലയെ കുറിച്ച്...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 63840 രൂപയാണ് നല്‍കേണ്ടത്. 320 രൂപ വര്‍ധിച്ചു. ഗ്രാമിന് 40 രൂപ കൂടി 7980 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 എന്ന നിരക്ക് തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2916 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതാണ് ഇന്ന് കേരളത്തില്‍ വില കൂടാന്‍ ഒരു കാരണം.
അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാമിന് 6580 രൂപയും പവന് 52640 രൂപയുമായി. 22 കാരറ്റ് സ്വര്‍ണത്തിന് വില കൂടി വരുന്ന സാഹചര്യത്തില്‍ 18 കാരറ്റിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കുന്നുണ്ട്. ദിവസവും ഉപയോഗിക്കാന്‍ സാധിക്കുന്ന ആഭരണങ്ങള്‍ ഈ കാരറ്റില്‍ ലഭ്യമാണ്. 75 ശതമാനം സ്വര്‍ണവും 25 ശതമാനം മറ്റു ലോഹങ്ങളുമാണ് ഈ കാരറ്റിലുണ്ടാകുക.
എന്താണ് 18 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ മടി
സ്വര്‍ണം പണയം വയ്ക്കുമ്പോള്‍ ബാങ്കുകള്‍ 18 കാരറ്റിലുള്ള ആഭരണങ്ങള്‍ സ്വീകരിക്കില്ല എന്നതാണ് ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന് ആവശ്യക്കാരെ കുറയ്ക്കുന്നത്. 24 കാരറ്റിലുള്ള ബാറുകളും പണയത്തിന് വേണ്ടി സ്വീകരിക്കാറില്ല. 22 കാരറ്റ് ആഭരണങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ സ്വീകരിക്കുക. 18 കാരറ്റിന് വില കൂടിവരുന്ന സാഹചര്യത്തില്‍ വൈകാതെ ഈ ആഭരണങ്ങളും ബാങ്കുകള്‍ സ്വീകരിച്ചേക്കും.
ഡോളര്‍ മൂല്യം കുറഞ്ഞു വരുന്നത് സ്വര്‍ണവില കൂടാന്‍ ഒരു കാരണമാണ്. ഇന്ന് ഡോളര്‍ സൂചിക 107 എന്ന നിരക്കിലാണ്. ഈ വേളയില്‍ മറ്റു കറന്‍സികള്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയും അവ ഉപയോഗിച്ച് വന്‍തോതില്‍ സ്വര്‍ണം വാങ്ങുകയും ചെയ്യുമ്പോഴാണ് സ്വര്‍ണവില കൂടുക. അതേസമയം, സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ വന്‍കിട നിക്ഷേപകരും കേന്ദ്ര ബാങ്കുകളും മല്‍സരിക്കുന്നതും സ്വര്‍ണവില കൂടുന്നതിന് കാരണമാണ്.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 61640 രൂപയും കൂടിയത് 64480 രൂപയുമാണ്. വന്‍തോതിലുള്ള വിലക്കുറവ് ഇനി പ്രതീക്ഷിക്കണ്ടതില്ല. പകരം നേരിയ ചാഞ്ചാട്ടങ്ങള്‍ക്കാണ് സാധ്യത. കഴിഞ്ഞ ദിവസം 63520 രൂപയിലേക്ക് വില താഴ്ന്നിരുന്നു. ഈ വേളയില്‍ ആഭരണങ്ങള്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്തവര്‍ക്ക് നേട്ടമായി.
ഇന്ന് ഇന്ത്യന്‍ രൂപ 86.79 എന്ന നിരക്കിലാണുള്ളത്. വ്യാപാരം തുടരുന്നതിനാല്‍ നിരക്കില്‍ ഇനിയും മാറ്റം വരും. രൂപ കരുത്ത് കൂടിയാല്‍ സ്വര്‍ണവില കുറയും. ക്രൂഡ് ഓയില്‍ വില അല്‍പ്പം താഴ്ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 74 ഡോളറാണ് പുതിയ നിരക്ക്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില 97000 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications