സ്വർണ വില കുത്തനെ താഴോട്ട്: ഈ മാസത്തെ കുറഞ്ഞ നിരക്കില്‍, 1240 രൂപയുടെ കുറവ്, ഇന്ന് തന്നെ വാങ്ങാം
കൊച്ചി: ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മാസത്തിന്റെ തുടക്കത്തില്‍ റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറിയ വില നിലവില്‍ ഈ മാസത്തെ ഏറ്റവും താഴ്ന നിരക്കില്‍ എത്തി നില്‍ക്കുകയാണ്. അന്താരാഷ്ട്ര തലത്തിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയേയും ബാധിച്ചിരിക്കുന്നത്. ട്രോയ് ഔണ്‍സിന്റെ വിലയിലെ ഇടിവ് സംസ്ഥാനത്ത് പവനിലും ഗ്രാമിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നു.
ഒരു ട്രോയ് ഔൺസ് സ്വർണത്തിന് 1,949.69 ഡോളറായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 31.1 ഗ്രാം സ്വർണമാണ് ഒരു ട്രോയ് ഔൺസ്. രണ്ട് മാസക്കാലയളവിൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് രേഖപ്പെടുത്തുന്ന താഴ്ന്ന വിലയാണിത്. ഡോളർ ശക്തിയാർജ്ജിച്ചതും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ച നടപടികള്‍ ഫലം കണ്ട് തുടങ്ങിയതുമാണ് സ്വർണ വിലയിലെ നിലവിലെ ഇടിവിന്റെ പ്രധാന കാരണം.

ഇന്ന് പവന് 120 കുറഞ്ഞതോടെയാണ് മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണ വില എത്തിയിരിക്കുന്നത്. പവന് 44520 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5580 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,640 രൂപയായിരുന്നു വില. 360 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണ വിലയിലുണ്ടായ ഇടിവ്. ഇതോടെയാണ് ഒരു ഇടവേളക്ക് ശേഷം 45000 ത്തിലേക്ക് തിരിച്ച് കയറിരുന്ന സ്വർണം വീണ്ടും 44000 ത്തിലേക്ക് എത്തിയത്.
കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കിടയില്‍ രണ്ട് തവണ മാത്രമാണ് സ്വർണ വിലയില്‍ വർധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം ഏഴ് തവണ സ്വർണ വില ഇടിഞ്ഞു. മെയ് 17 ന് പവന് 45040 രൂപയായിരുന്ന വിലയാണ് പത്ത് ദിവസങ്ങള്‍ക്ക് ഇപ്പുറം 44520 രൂപ എന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്. വില വർധനവ് ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയവർക്ക് വിലയിടിവ് തിരിച്ചടിയാണെങ്കിലും സാധാരണക്കാരനെ അപേക്ഷിച്ച് വലിയ ആശ്വാസമാണ് വിലക്കുറവ് വാർത്തകള്‍ നല്‍കുന്നത്.

മെയ് 5-ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് ഈ മാസം ഇതുവരേയുള്ളതിലെ ഏറ്റവും ഉയർന്ന വില. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കുമാണ് ഇത്. പിന്നീട് ഇങ്ങോട്ട് പലതവണ ഏറ്റക്കുറിച്ചിലുകള്‍ ഉണ്ടായെങ്കിലും കുറവിന് തന്നെയായിരുന്നു മുന്‍തൂക്കം. മെയ് 5 ലെ വില ഇന്നത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1240 രൂപയാണ് ഇതുവരെ കുറഞ്ഞിരിക്കുന്നത്.
ദീർഘ നാളത്തെ ഇടവേളക്ക് ശേഷം മെയ് 18 നായിരുന്നു സ്വർണം 45,000 രൂപയിലും താഴേക്ക് വീണത്. പിന്നീട് മേയ് 20 മുതൽ 22 വരെയുള്ള മൂന്ന് ദിവസങ്ങളിൽ വീണ്ടും സ്വർണവില 45,000 രൂപയിലേക്ക് എത്തിയെങ്കിലും വലിയ തോതിലുള്ള വർധനവ് ഉണ്ടായില്ല. 23-ാം തിയതിയാണ് സ്വർണം വീണ്ടും 44800 എന്ന നിരക്കിലേക്ക് എത്തുന്നത്. എന്നാല്‍ തൊട്ട് അടുത്ത ദിവസം 45000 ത്തിലേക്ക് തിരിച്ച് കയറി. തുടർന്നുള്ള ദിവസങ്ങളിലാണ് വിലയില്‍ തുടർച്ചയായ ഇടിവുകള്‍ രേഖപ്പെടുത്തിയത്.
അതേസമയം, 24 കാരറ്റ് സ്വർണത്തിന് പത്ത് ഗ്രാമിന് 160 രൂപയുടെ ഇടിവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ 60710 രുപയെന്ന വിലയിലാണ് വില്‍പ്പന. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6710 ആയി. കഴിഞ്ഞ ദിവസം 490 രുപയായിരുന്നു 24 കാരറ്റ് സ്വർണത്തിലുണ്ടായത്. സ്വർണം വില താഴോട്ടാണെങ്കിലും സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല, ഒരു ഗ്രാം വെള്ളിക്ക് 76.50 രൂപയാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. 8 ഗ്രാം വെള്ളിക്ക് 612 രൂപയും 10 ഗ്രാമിന് 765 രൂപയുമാണ് ഇന്നത്തെ വില.












Click it and Unblock the Notifications