സ്വര്‍ണവില ഇങ്ങനെ അപൂര്‍വം!! വില കുതിക്കുമെന്ന സൂചനയോ? അറിയാം ഇന്നത്തെ നിരക്ക്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസമായി ഒരേ വിലയില്‍ തുടരുകയാണ് സ്വര്‍ണം. സമീപകാലത്ത് ഇത്തരത്തില്‍ മാറ്റമില്ലാതെ സ്വര്‍ണം തുടര്‍ന്നിട്ടില്ല. ഏറിയും കുറഞ്ഞും നേരിയ മാറ്റം വിലയില്‍ സാധാരണമാണ്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില കേരളത്തില്‍ മാറിയിട്ടില്ല.
ജൂലൈ ഒന്നിന് കേരളത്തില്‍ സ്വര്‍ണവില പവന് 43320 രൂപയായിരുന്നു. പിന്നീട് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 43240 ലേക്ക് എത്തി. ശേഷം നേരിയ തോതില്‍ വില ഉയരുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രേഖപ്പെടുത്തിയത് 43720 രൂപയാണ്. വ്യാഴാഴ്ച 280 രൂപ കൂടി 44000 രൂപയിലെത്തി. ഈ വില ഇന്നും തുടരുകയാണ്. ഗ്രാമിന് 5500 രൂപയും.

വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വര്‍ധനവിന് സാധ്യതയുണ്ട് എന്നാണ് വിപണി നിരീക്ഷകര്‍ നല്‍കുന്ന സൂചന. ഡോളര്‍ ഇന്‍ഡക്‌സിലുണ്ടായ വന്‍ ഇടിവാണ് ഇതിന് കാരണം. 100ല്‍ താഴെയാണ് ഇന്‍ഡക്‌സ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. സ്വാഭാവികമായും മറ്റു കറന്‍സികള്‍ക്ക് മൂല്യം കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണവില വര്‍ധിക്കേണ്ടതാണ്.
അതേസമയം, ഇന്ത്യന്‍ രൂപ നേരിയ തോതില്‍ മാത്രമാണ് കരുത്താര്‍ജിച്ചിട്ടുള്ളത്. 82.17 എന്ന നിരക്കിലാണിപ്പോള്‍. രൂപയില്‍ എണ്ണയിടപാട് നടത്താന്‍ യുഎഇ തീരുമാനിച്ചത് ഇന്ത്യയ്ക്ക് നേട്ടമാണ്. രൂപയും ദിര്‍ഹവും ഉപയോഗിച്ച് ഇടപാട് നടത്താമെന്നാണ് ധാരണ. നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
യുഎഇക്ക് പുറമെ മറ്റു മറ്റു ജിസിസി രാജ്യങ്ങളുമായും ഇന്ത്യ സമാനമായ കരാറിലെത്താന്‍ ശ്രമിക്കുന്നുണ്ട്. സൗദി അറേബ്യയും ഖത്തറും ഇന്ത്യയുമായി ധാരണയുണ്ടാക്കിയാല്‍ ഇന്ത്യന്‍ രൂപയ്ക്ക് നേട്ടമാകും. കൂടാതെ ഇന്തോനേഷ്യയുമായി കരാറുണ്ടാക്കാനും ഇന്ത്യ ശ്രമിച്ചുവരികയാണ്. പ്രാദേശിക കറന്‍സികളില്‍ ഇടപാടിന് കൂടുതല്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നത് ഡോളറിന് കനത്ത തിരിച്ചടിയാകും.
അതേസമയം, ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന വര്‍ധനവാണ് നേരിയ ആശങ്കയ്ക്ക് ഇടയാക്കുന്നത്. ഒരു മാസം മുമ്പ് ബാരലിന് 75 ഡോളറുണ്ടായിരുന്ന എണ്ണ വില ഇപ്പോള്‍ 79 ഡോളറിലെത്തിയിരിക്കുന്നു. എണ്ണവില കൂടുന്നത് ഫലമായി വിപണിയില്‍ സൃഷ്ടിക്കുന്ന ആശങ്ക കൂടുതല്‍ നിക്ഷേപര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ക്കാന്‍ ഇടവരുത്തും. ഇത് സ്വര്‍ണവില കൂടാന്‍ കാരണമാകും.
അതേസമയം, സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് വന്നാല്‍ മാത്രമേ വില്‍പ്പന കരുത്താര്‍ജിക്കൂ എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിബന്ധനകള്‍ ജ്വല്ലറി വ്യാപാര രംഗത്തെ കൂടുതല്‍ തളര്‍ത്തുമെന്നും അവര്‍ പരിതപിക്കുന്നു. ഹാള്‍മാര്‍ക്കിങ്, കൈവശം കരുതാന്‍ കഴിയുന്ന സ്വര്‍ണത്തിന്റെ അളവിലെ നിയന്ത്രണം എന്നിവയെല്ലാമാണ് ചെറുകിട വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications