ആഭരണ പ്രേമികള്‍ക്ക് സന്തോഷിക്കാം, സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും കുറഞ്ഞുവരുന്നു. ഇന്നത്തെ വിലയിടിവോടെ സ്വര്‍ണത്തിന് ഏറെ കാലത്തിന് ശേഷം 42000ത്തില്‍ താഴെ എത്തി. വരും ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ മാസം 20 മുതല്‍ കുറയാന്‍ തുടങ്ങിയതാണ് സ്വര്‍ണവില. പിന്നീട് തിരിച്ചുകയറിയിട്ടേയില്ല. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞതാണ് ഒരു കാരണം. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചതും കാരണമായി. ഈ മാസം ഒന്നിന് പവന് രേഖപ്പെടുത്തിയത് 42680 രൂപയായിരുന്നു. തുടര്‍ച്ചയായി കുറഞ്ഞ് ഇപ്പോള്‍ 42000ത്തില്‍ താഴെ എത്തി.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ വില 41920 രൂപയാണ്. 160 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5240 രൂപയായി. അതേസമയം, വരും ദിവസങ്ങളില്‍ വിലയിടിവ് പ്രതീക്ഷിക്കേണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. വ്യാപാരം വര്‍ധിച്ചിട്ടുണ്ടെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. അഡ്വാന്‍സ് ബുക്കിങില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
വില കുറയുന്ന ഘട്ടത്തില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നേട്ടമാകുക. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ വഴിയൊരുക്കുന്ന പദ്ധതിയാണിത്. നിശ്ചിത തുക നല്‍കി ബുക്ക് ചെയ്യാം. മുഴുവന്‍ തുകയും നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ കാലാവധിയില്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ചില ജ്വല്ലറികള്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് പണിക്കൂലിയിലും ഇളവ് നല്‍കുന്നുണ്ട്.
ഡോളര്‍ ഇന്‍ഡക്‌സ് 106.57ലാണുള്ളത്. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില ഇനിയും കുറയും. ഇന്ത്യന്‍ രൂപ നേരിയ തോതില്‍ മുന്നേറിയിട്ടുണ്ട്. ഡോളറിനെതിരെ 83.22 എന്ന നിരക്കിലാണ് രൂപ. അതേസമയം, എണ്ണവില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. വിപണിയില്‍ ആഹ്ലാദം പകരുന്നതാണിത്. അവശ്യ വസ്തുക്കളുടെ വന്‍തോതിലുള്ള വില വര്‍ധനവ് തടയാന്‍ ഇത് സഹായിക്കും.
ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 86.50 എന്ന നിരക്കിലാണ് എണ്ണ വ്യാപാരം. രണ്ടാഴ്ച മുമ്പ് 96 ഡോളര്‍ വരെ എത്തിയിരുന്നു. പിന്നീട് കുറയുകയാണ് ചെയ്തത്. വില വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയും റഷ്യയും നടത്തിയിരുന്നു എങ്കിലും ഫലമുണ്ടായില്ല. ഇന്ത്യയും ചൈനയുമുള്‍പ്പെടെ പ്രധാന ഇറക്കുമതി രാജ്യങ്ങള്‍ മറ്റു വഴികള്‍ തേടിയതോടെ എണ്ണയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ആഗോള വിപണിയില്‍ എണ്ണവില കൂടിയാലും ഇന്ത്യയില്‍ വര്‍ധിക്കാന്‍ നിലവില്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. നിര്‍ണായകമായ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണിത്. മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാചക വാതക സിലിണ്ടറുകളുടെ വില കുറയ്ക്കുകയും ചെയ്തു. കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ വൈകാതെ പ്രഖ്യാപിച്ചേക്കും.












Click it and Unblock the Notifications