സ്വര്‍ണത്തിന്റെ തിളക്കം മങ്ങുന്നോ? വീണ്ടും വിലയില്‍ ചാഞ്ചാട്ടം, ഇന്ന് പവന്‍ വില കൂടി
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണ വില ഇന്ന് കൂടി. ആഗോളതലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുന്നതാണ് സ്വര്‍ണ വിലയിലെ അസ്ഥിരതയ്ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ സാഹചര്യത്തില്‍ നിന്ന് ലോകം കരകയറുന്നു എന്ന പ്രതീതി ഉടലെടുത്തിട്ടുണ്ട്.
ഇതോടെ നിക്ഷേപകര്‍ ഓഹരി പോലെ ഉള്ള അപകട സാധ്യതയുള്ള നിക്ഷേപങ്ങളിലേക്ക് തിരിച്ച് പോയി. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ ഇടിവ് നേരിട്ടു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളും ഏറെക്കുറെ മരവിച്ച അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ മാസം ഉണ്ടായ അനിശ്ചിതത്വത്തില്‍ നിന്ന് നേരിയ മോചനമുണ്ടായിട്ടുണ്ട്. കേരത്തിലെ ഇന്നത്തെ സ്വര്‍ണ വില പരിശോധിക്കാം.

സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 71160 രൂപയായിരുന്ന പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 71360 ല്‍ എത്തി. ഗ്രാം സ്വര്‍ണത്തിന് 25 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 8895 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന ഗ്രാം സ്വര്‍ണം ഇന്ന് 8920 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി സ്വര്‍ണ വിലയില്‍ സ്ഥിരമായ ചാഞ്ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
തിങ്കളാഴ്ച തുടങ്ങി ഈ ആഴ്ചയില്‍ സ്വര്‍ണവില പവന് 71600 രൂപയായിരുന്നു. 27-ാം തിയതി രാവിലെ ഇത് 360 രൂപ കൂടി 71960 ല്‍ എത്തി. എന്നാല്‍ അന്നേ ദിവസം വൈകീട്ട് 480 രൂപ കുറഞ്ഞതോടെ 71480 ല്‍ എത്തി. ബുനാഴ്ചയും ഇതേ നിരക്കില്‍ തന്നെയായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ ഇന്നലെ 320 രൂപ കുറഞ്ഞതോടെ 71160 ലേക്ക് സ്വര്‍ണം വീണിരുന്നു. ഇതാണ് ഇന്ന് കൂടിയിരിക്കുന്നത്.
സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിനാല്‍ തന്നെ നാളെ എന്തായിരിക്കും സ്വര്‍ണത്തിന്റെ വില എന്ന് പ്രവചിക്കുക അസാധ്യമാണ്. ഡോളര്‍, യുദ്ധം പോലുള്ള ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, എണ്ണ വില, യു എസ് ഫെഡ് നിരക്ക്, കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍, സാമ്പത്തിക അനിശ്ചിതത്വം തുടങ്ങി കാലാവസ്ഥ വരെ സ്വര്‍ണ വിലയേയും വില്‍പനയേയും ബാധിക്കുന്ന ഘടകങ്ങളാണ്.
കേരളത്തില്‍ കാലവര്‍ഷം നേരത്തെ ആരംഭിച്ചത് ജ്വല്ലറി വ്യാപാരികളെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായിട്ടുണ്ട്. വിവാഹ സീസണിന്റെ എല്ലാ ആനുകൂല്യങ്ങളും മുതലാക്കണം എങ്കില്‍ മേയ് അവസാനത്തെ ആഴ്ചയിലെ വ്യാപാരം കൂടി വ്യാപാരികള്‍ക്ക് ആവശ്യമായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് മഴ നേരത്തെ തുടങ്ങിയത് ജ്വല്ലറിയിലേക്കുള്ള ഉപഭോക്താക്കളുടെ വരവിനെ ബാധിച്ചിട്ടുണ്ട്.
അതേസമയം ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് ഔണ്‍സിന് 3293 ഡോളറാണ് വില. ഏപ്രില്‍ 22 ന് 3500 ഡോളറില്‍ എത്തിയിരുന്ന സ്വര്‍ണ വിലയാണ് നിലവില്‍ ഈ നിലയിലേത്ത് എത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണം 3500 ഡോളറില്‍ എത്തിയപ്പോള്‍ ഇന്ത്യയില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ എന്ന മാന്ത്രികസംഖ്യ കടന്നിരുന്നു.
അതിനിടെ ഇപ്പോള്‍ വില കുറഞ്ഞാലും ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ആഗോള വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 4000 ഡോളര്‍ മറികടന്നേക്കും എന്ന തരത്തില്‍ നിരവധി പ്രവചനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളെല്ലാം നിലവിലെ അവസ്ഥയില്‍ സ്ഥിരമായി തുടരുകയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കുന്നത് കൂടുകയും ചെയ്താല്‍ വില 4000 ഡോളര്‍ വരെ മറികടക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications