പിഎ സ്വർക്കടത്ത് കേസില്‍ അറസ്റ്റില്‍: രാജ്യദ്രോഹ കുറ്റമെന്ന് കെ സുരേന്ദ്രന്‍, ഒഴിഞ്ഞുമാറാനാകില്ല
തിരുവനന്തപുരം: തിരുവനന്തപുരം എംപിയും കോൺഗ്രസിൻ്റെ ഉന്നത നേതാവുമായ ശശി തരൂരിൻ്റെ പിഎ സ്വർണ്ണക്കടത്തിന് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായ സംഭവം ഗൗരവതരമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിൽ തരൂരിൻ്റെ വിശദീകരണം തൃപ്തികരമല്ല. വിമാനത്താവളത്തിൽ തന്നെ സഹായിക്കാൻ വേണ്ടി നിയോഗിച്ചിരുന്നയാളാണ് അറസ്റ്റിലായ ശിവകുമാർ പ്രസാദ് എന്നാണ് എംപി പറയുന്നത്. വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് നടത്തുന്ന ഇയാൾ ശശി തരൂരിനെ എങ്ങനെയാണ് സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറയുന്നു.
ശശി തരൂർ എംപിയുടെ പിഎ എന്ന പദവി ദുരുപയോഗം ചെയ്ത് നടത്തിയ രാജ്യദ്രോഹ കുറ്റത്തിൽ നിന്നും തരൂരിന് ഒഴിഞ്ഞുമാറാനാവില്ല. കേരളത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കടത്തിൽ ജയിലിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ അന്വേഷണത്തിൻ്റെ പരിധിയിലുമാണ്. ഇപ്പോൾ ഇതാ കോൺഗ്രസ് എം പിയുടെ പിഎയും സ്വർണ്ണക്കടത്ത് നടത്തിയിരിക്കുന്നു.

അഴിമതിയുടെയും വർഗീയതയുടെയും കാര്യത്തിലെന്ന പോലെ സ്വർണ്ണക്കടത്തിലും ഇൻഡി മുന്നണി ഐക്യപ്പെട്ടിരിക്കുകയാണ്. മോദിയെ താഴെയിറക്കണമെന്ന് കോൺഗ്രസും സി പി എമ്മും ഉൾപ്പെടെയുള്ള പാർട്ടികൾ ആഗ്രഹിക്കുന്നത് സ്വർണ്ണക്കടത്ത് പോലെയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാനാണെന്ന് വ്യക്തമായിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
500 ഗ്രാം സ്വർണവുമായിട്ടായിരുന്നു ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ശിവകുമാർ കസ്റ്റംസിന്റെ പിടിയിലാകുന്നത്. ശിവകുമാറിന്റെ സഹായിയും അറസ്റ്റിലായിട്ടുണ്ട്. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനെ സ്വീകരിക്കാൻ ഡൽഹി എയർപോർട്ടിലെത്തിയതായിരുന്നു ശിവകുമാർ പ്രസാദ്. യാത്രക്കാരൻ പ്രസാദിന് 500 ഗ്രാം സ്വർണം കൈമാറാൻ ശ്രമിക്കുന്നതിനിടെ ഇരുവരും പിടിയിലാകുകയായിരുന്നു.
എയർപോർട്ട് പരിസരത്തേക്ക് പ്രവേശനം അനുവദിക്കുന്ന എയറോഡ്രോം എൻട്രി പെർമിറ്റ് കാർഡ് ഉപയോഗിച്ചായിരുന്നു ഇദ്ദേഹം അകത്തേക്ക് കടന്നത് അതേസമയം വാർത്ത തന്നെ ഞെട്ടിച്ചെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. എയർപോർട്ട് ഫെസിലിറ്റേഷൻ സഹായത്തിൻ്റെ കാര്യത്തിൽ എനിക്ക് പാർട്ട് ടൈം സേവനം നൽകുന്ന എൻ്റെ സ്റ്റാഫിലെ മുൻ അംഗവുമായി ബന്ധപ്പെട്ട ഒരു സംഭവം കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും ശശി തരൂർ എംപി പറഞ്ഞു. 72കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താൽക്കാലികമായി തന്റെ സ്റ്റാഫിൽ തുടരാൻ അനുവദിച്ചിരുന്നു. നിയമം അതിന്റെ വഴിക്ക് പോകട്ടേയെന്നും ശശി തരൂർ ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications