'ഗോപാലകൃഷ്ണൻ വന്നത് പുസ്തകം തരാൻ, അല്ലാതെ ബിജെപിക്കാരനെ ഞാൻ പടിക്കൽ കയറ്റുമോ?'; ജി സുധാകരൻ
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ സന്ദർശനത്തിൽ പ്രതികരിച്ച് ജി സുധാകരൻ. ഗോപാലകൃഷ്ണൻ ഒരു പുസ്തകം തരാനാണ് തന്റെ വീട്ടിലേക്ക് വന്നതെന്നും അല്ലാതെ ഒരു ബി ജെ പിക്കാരനെ താൻ വീട്ടുപടിക്കൽ കയറ്റുമോയെന്നും സുധാകരൻ ചോദിച്ചു. ഗോപാലകൃഷ്ണൻ സുധാകരനെ സന്ദർശിച്ചത് സംബന്ധിച്ച് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് സുധാകരന്റെ മറുപടി.
കെ സി വേണുഗോപാൽ വീട്ടിൽ വന്നത് സംബന്ധിച്ച ചോദ്യങ്ങളോടും സുധാകരൻ പ്രതികരിച്ചു. 'വേണുഗോപാൽ തന്റെ വീട്ടിൽ വന്നത് കൊണ്ട് എന്താണ് കുഴപ്പം. മറ്റു പാർട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല. കൂടിക്കാഴ്ച ദുരുദ്ദേശത്തോടെയാണെങ്കിൽ മാത്രമേ ചോദ്യമുള്ളൂ. തന്നെ കോൺഗ്രസിലേക്ക് ക്ഷണിക്കാൻ മാത്രം മണ്ടനല്ല കെ സി വേണുഗോപാലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു നാളുകളായി പാർട്ടിയുടെ പല നിലപാടുകളിലും സുധാകരൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പരസ്യമായി വിമർശനങ്ങളും ഉന്നയിച്ചിരുന്നു. അടുത്തിടെ സി പി എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി സമ്മേളനത്തിൽ അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതും വിവാദമായി. ഇതോടെ അദ്ദേഹം സി പി എം വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടയിലാണ് കെസി വേണുഗോപാലും ബി ഉണ്ണികൃഷ്ണനും സുധാകരനെ സന്ദർശിച്ചത്.
സന്ദർശനത്തിന് പിന്നാലെ സുധാകരനെ പുകഴ്ത്തി നീണ്ട കുറിപ്പ് ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. 'ആലപ്പുഴ ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിയിൽ മതതീവ്രവാദികൾ നുഴഞ്ഞ് കയറി നേതൃത്വം പിടിച്ചെടുക്കുന്നത് ദൂരവ്യാപകമായ പ്രത്യഘാതങ്ങൾക്കിടവരുത്തുമെന്ന് ഞങ്ങൾ കൃത്യമായും വ്യക്തമായും അദ്ദേഹത്തോട് സൂചിപ്പിച്ചു. മറുപടി മൗനത്തിലൊതുക്കി അദ്ദേഹം. മൗനം സമ്മതമാണങ്കിൽ ആശയപരമായ കാഴ്ചപ്പാടിൽ അദ്ദേഹം പാതി ബി ജെ പി യോടപ്പമാണ്. ഈ കാര്യത്തിൽ ആശയപരമായി മാത്രം. ഞങ്ങൾ ഏറെ നേരം സംസാരിച്ചു. എന്നെ ഏറെ ആകർഷിച്ചത് അദ്ദേഹത്തിൻ്റെ വിനയവും ലാളിത്യവുമായിരുന്നു - കണ്ടു പഠിക്കേണ്ട വ്യക്തിത്വം.
ഇന്ന് കേരളത്തിൽ ജീവിക്കുന്ന സത്യസന്ധനായ കമ്മ്യൂണിസ്റ്റ് സഖാവാണ് ജി.സുധാകരൻ ' അദ്ദേഹം ബി ജെ പിയിൽ വരുമെന്നൊ അംഗത്വം എടുക്കുമെന്നൊ ഞാൻ ചിന്തിക്കുന്നില്ല പക്ഷെ ഇന്ന് ബി ജെ പി ഉയർത്തിക്കാട്ടുന്ന മതഭീകരതയുടെ സി പി എം ലെ നുഴഞ്ഞ്കയറ്റം അദ്ദേഹവും മനസ്സിലാക്കുന്നു എന്ന് എനിക്ക് തോന്നി', എന്നാണ് ഗോപാലകൃഷ്ണൻ കുറിച്ചത്.












Click it and Unblock the Notifications