'പലര്‍ക്കും സാമ്പത്തിക സഹായം വേണം, അതെനിക്ക് തന്ന കാശല്ല'; വെളിപ്പെടുത്തലുമായി ഗോപിനാഥ് മുതുകാട്
തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്‍പാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി മജീഷ്യനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാടിന്റെ ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ഗോപിനാഥ് മുതുകാടിന്റെ ഭിന്നശേഷിക്കാര്‍ക്ക് ആശുപത്രി എന്ന പദ്ധതിക്ക് ഒന്നരക്കോടി രൂപയാണ് യൂസഫലി പ്രഖ്യാപിച്ചത്.
ഇത് കൂടാതെ ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ മരണശേഷവും എല്ലാം വര്‍ഷവും ഒരു കോടി രൂപ വീതം ലഭിക്കുന്നതിന് വഴിയൊരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നിറഞ്ഞ കൈയടികളോടെയാണ് മലയാളികള്‍ ഒന്നാകെ യൂസഫലിയുടെ ഈ പ്രഖ്യാപനത്തെ എതിരേറ്റത്. അതേസമയം യൂസഫലിയുടെ ഈ പ്രഖ്യാപനത്തിന് ശേഷം തന്റെ ഫോണിലേക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് നിരവധി പേരാണ് വിളിക്കുന്നത് എന്ന് ഗോപിനാഥ് മുതുകാട് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

'യൂസഫലി സാര്‍ വന്ന് പോയതിന് ശേഷം അദ്ദേഹത്തിന്റെ പ്രഖ്യാപനം വൈറലായതിന് ശേഷം ഇവിടെ സംഭവിച്ച് കൊണ്ടിരിക്കുന്ന രസകരമായ കാര്യങ്ങള്‍ പറയട്ടെ. കഴിഞ്ഞ മൂന്ന് ദിവസമായി എന്റെ ഫോണിലേക്ക് വിളിയോട് വിൡയാണ്. ആരൊക്കയോ എവിടെ നിന്നൊക്കയോ എന്റെ നമ്പര്‍ തേടിപിടിച്ച് വിളിച്ച് കൊണ്ടിരിക്കുന്നു. ചിലര്‍ക്ക് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ നമ്പര്‍ വേണം. ചിലര്‍ക്ക് അദ്ദേഹത്തിന്റെ അപ്പോയിന്‍മെന്റ് ഞാന്‍ ഫിക്‌സ് ചെയ്ത് കൊടുക്കണം.
വേറെ ചിലര്‍ അവരുടെ സാമ്പത്തിക പ്രശ്‌നങ്ങളും പരാധീനതകളും എന്നോട് പറഞ്ഞ് കൊണ്ടേയിരിക്കുന്നു. ഒന്ന് രണ്ട് കാര്യങ്ങള്‍ ഇവിടെ പറഞ്ഞിരുന്നു. ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ എന്ന് പറയുന്നത് ഒരു രജിസ്റ്റേര്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയാണ്. അതിലേക്കാണ് അദ്ദേഹം സാമ്പത്തിക സഹായം നല്‍കിയത്. ഞാന്‍ അതിന്റെ ഫൗണ്ടറും എക്‌സിക്യൂടീവ് ഡയറക്ടറുമായത് കൊണ്ട് ചെക്ക് എന്റെ കൈയില്‍ ഏല്‍പിച്ചു എന്ന് മാത്രം.
വ്യക്തിപരമായി അതിലെ ഒരു രൂപ പോലും എനിക്ക് അര്‍ഹതപ്പെട്ടതല്ല. ഇനി യൂസഫലി സാറിന്റെ പേഴ്സണല്‍ നമ്പര്‍ എന്റെ കൈയിലില്ല. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടുമില്ല. നിങ്ങള്‍ , പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല, ഞാന്‍ ക്ഷണിച്ചിട്ടല്ല അദ്ദേഹം വന്നത്. ഈ സ്ഥാപനത്തെ കുറിച്ച് കേട്ടറിഞ്ഞ് അദ്ദേഹം സ്വയം താല്‍പര്യപ്പെട്ട് വന്നതാണ്. അത് ആ മനുഷ്യ സ്‌നേഹിയുടെ വലിയ മഹത്വം.
ഇവിടെ വരുമ്പോള്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുമെന്നൊന്നും ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. പക്ഷെ ഒരു കാര്യം പറയാം. എന്റെ മക്കളുടെ മാതാപിതാക്കള്‍ പലപ്പോഴും എന്നോട് ചോദിച്ചിരുന്നു. ഒരിക്കല്‍ യൂസഫലി സാറിനെ നമ്മുടെ സ്ഥാപനത്തില്‍ ഒന്ന് കൊണ്ട് വരാന്‍ പറ്റുമോ എന്ന്. അന്നൊക്കെ അവരോട് ഞാന്‍ പറഞ്ഞു. ഒരു ചീത്തപ്പേരും വരാതെ നമ്മുടെ സ്ഥാപനത്തെ പരിപാലിക്കുക. എല്ലാം വൃത്തിയായും വെടിപ്പായും സൂക്ഷിക്കണം.
നല്ലത് മാത്രം ചിന്തിക്കുക, നല്ലത് മാത്രം പ്രവര്‍ത്തിക്കുക. നമ്മുടെ മക്കളുടെ ഉയര്‍ച്ച മാത്രം സ്വപ്‌നം കാണുക. അവരെ ആവോളം സ്‌നേഹിക്കുക. അദ്ദേഹം ഒരിക്കല്‍ വരും. ഇവിടത്തെ 300 ഓളം മക്കളും അവരുടെ മാതാപിതാക്കളും അധ്യാപകരും 150 ഓളം സ്റ്റാഫും പരസ്പരം സ്‌നേഹം മാത്രം പങ്ക് വെച്ചു. അന്ന് യൂസഫലി സാര്‍ പറഞ്ഞ വാക്കുകള്‍ ഈ സ്ഥാപനത്തെ പൊന്ന് പോലെ നോക്കുന്ന സ്റ്റാഫുകള്‍ക്ക് ശരിക്കും പറഞ്ഞാല്‍ പ്രചോദനമാണ്.
കൊവിഡ് കടന്ന് പോയ ശേഷം ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ സാമ്പത്തികമായി കുത്തുപാളയെടുത്ത കാലം. എന്റെ മക്കളുടേയും അവരുടെ മാതാപിതാക്കളുടേയും ആഹാരം മുടങ്ങി പോകാതിരിക്കാന്‍ വേണ്ടി കുട്ടികള്‍ക്ക് കൊടുക്കുന്ന വഴികള്‍ തേടി ഉറക്കം നഷ്ടപ്പെട്ട രാത്രികളെ കുറിച്ചാണ് ഞാനോര്‍ക്കുന്നത്. അന്നും ഞാനിവിടെയുള്ള എന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞത് ഇവിടെയുള്ള മക്കളെ സ്‌നേഹം കൊണ്ട് പൊതിയുക എന്നാണ്. കൊവിഡ് കടന്ന് പോയി. ലോകത്തുള്ള ഒരുപാട് പേര്‍ ഈ മക്കളെ ചേര്‍ത്ത് പിടിച്ചു. എല്ലാവരോടും നന്ദി പറയുന്നു'












Click it and Unblock the Notifications