സംസ്ഥാനത്തെ അനധികൃത നിയമനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി അനധികൃത നിയമനങ്ങള്‍ നടക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിന് വേണ്ടി സര്‍ക്കാര്‍ രണ്ട് നടപടികളാണ് പ്രധാനമായും സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം സംസ്ഥാനത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം അലവന്‍സുകള്‍ ഇന്‍ക്രിമെന്റ് പി.എഫ് ഇന്‍കം ടാക്‌സ് മുതലായ എല്ലാകാര്യങ്ങള്‍ ചെയ്യുന്നതിനായി സ്പാര്‍ക്ക് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമായെമന്നും മന്ത്രി പറഞ്ഞു. അനധികൃതമായ നിയമനങ്ങള്‍ അവസാനിപ്പിക്കുന്നതിനും ശ്രദ്ധേയമായ കാല്‍വയ്പ്പായിരിക്കും സാപാര്‍ക്കു വഴിയുള്ള ശമ്പള വിതരണം മികച്ചതായിരിക്കുമെന്നും തോമസ് ഐലക് വ്യക്തമാക്കി

താല്‍ക്കാലിക നിയമനങ്ങള്‍ കുറഞ്ഞത്
താല്‍ക്കാലിക നിയമനങ്ങള്‍ പരമാവധി കുറയ്ക്കുക, കൂടുതല്‍ കൂടുതല്‍ നിയമനങ്ങള്‍ പിഎസ്‌സി വഴി വ്യവസ്ഥാപിതമാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിന്തുടരുന്ന നയം. അതുകൊണ്ടാണ് യുഡിഎഫിനെ അപേക്ഷിച്ച് ഈ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലിക നിയമനങ്ങള്‍ ഗണ്യമായി കുറഞ്ഞത്.

രണ്ട് നടപടികള്‍
ഇതിനുവേണ്ടി രണ്ട് പ്രധാനപ്പെട്ട നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഒന്ന്, പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നിയമനങ്ങള്‍ പി.എസ്.സി.ക്കു വിടുക. രണ്ട്, ഇതു ചെയ്താലും താല്‍ക്കാലിക നിയമനങ്ങള്‍ ഏതൊരു ഭരണത്തിലും അനിവാര്യമാണ്. എന്നാല്‍ ഇതുവരെ നിലനിന്ന വ്യവസ്ഥയില്‍ ഇത്തരത്തിലുള്ള താല്‍ക്കാലിക നിയമനങ്ങളെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ കഴിയില്ല. ഇതിനുള്ള പരിഹാരമായിട്ടാണ് ഏതൊരാള്‍ക്കും ശമ്പളമോ വേതനമോ നല്‍കണമെങ്കില്‍ അത് സര്‍ക്കാര്‍ അംഗീകൃത സോഫ്ടുവെയര്‍ വഴി ആയിരിക്കണമെന്നു തീരുമാനിച്ചിരിക്കുന്നത്. ആദ്യം ഈ പരിഷ്‌കാരം സംബന്ധിച്ച വിശദീകരണം നല്‍കാം.

സ്പാര്‍ക്ക്
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം അലവന്‍സുകള്‍ ഇന്‍ക്രിമെന്റ് പി.എഫ് ഇന്‍കം ടാക്‌സ് മുതലായ എല്ലാകാര്യങ്ങളും സ്പാര്‍ക്ക് (SPARK) എന്ന സോഫ്റ്റ് വയറിലൂടെ ആണ് നിലവില്‍ കൈകാര്യം ചെയ്യുന്നത്. ഓരോ മാസത്തേയും ജീവനക്കാരുടെ എണ്ണം അവര്‍ക്ക് നല്‍കിയ ശമ്പളം മുതലായവ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും. കൂടാതെ ജീവനക്കാര്‍ സമര്‍പ്പിക്കേണ്ട വിവിധ അപേക്ഷകള്‍ സ്പാര്‍ക്കിലൂടെ ആയിട്ടുണ്ട്. ഉദാഹരണത്തിന് പി.എഫ് അപേക്ഷ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ആദ്യമായി ഡിപ്പാര്‍ട്ടുകളിലെപ്പോലും താല്‍ക്കാലിക ജീവനക്കാരുടെ ആധികാരികമായ കണക്ക് കൃത്യമായി ലഭ്യമായത്. ഇനിമേല്‍ സ്പാര്‍ക്ക് വഴി അല്ലാതെ ഒരാള്‍ക്കും സര്‍ക്കാര്‍ ശമ്പളം ലഭിക്കില്ല.

കൃത്യമായ വിതരണം
ഇനിയിപ്പോള്‍ സര്‍ക്കാരിന് കീഴിലുള്ള നൂറോളം പൊതുമേഖല സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികള്‍, വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള നൂറ്റമ്പതോളം ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൃത്യമായ വിവരശേഖരങ്ങള്‍ ശേഖരിക്കണം. ഇവിടങ്ങളില്‍ ശമ്പളം നല്‍കുന്നരീതി ഓരോ സ്ഥാപനങ്ങളിലും വ്യത്യസ്ത രീതിയായിരുന്നു. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന ആള്‍ക്കാരുടെ എണ്ണം പോലും കൃത്യമായി അറിയാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.

പുതിയ സോഫ്‌റ്റ്വെയര്‍
കഴിഞ്ഞ വര്‍ഷം ധനകാര്യ വകുപ്പ് ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ തീരുമാനിച്ചു. പൊതുമേഖല സ്ഥാപനങ്ങള്‍ ഗ്രാന്റിന് എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വേണ്ടി ഒരു സോഫ്റ്റ് വെയറും യൂണിവേഴ്‌സിറ്റികള്‍ക്കായി മറ്റൊരു സോഫ്റ്റ് വെയറും സ്പാര്‍ക്കിന്റെ മാതൃകയില്‍ എന്‍ഐസിയുടെ സഹായത്തോടെ തയ്യാറാക്കാന്‍ തീരുമാനിച്ചു. ആദ്യത്തെ സോഫ്റ്റ് വയറിനെ ജി സ്പാര്‍ക് എന്നും രണ്ടാമത്തേതിനെ യൂണി സ്പാര്‍ക് എന്നും നാമകരണം ചെയ്തു.

ട്രയല്‍ വിജയം
ജി സ്പാര്‍ക്കില്‍ ആദ്യമായി കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ പൈലറ്റ് അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തി ട്രയല്‍ നടത്തി വിജയിപ്പിച്ചു കഴിഞ്ഞു. യൂണിസ്പാര്‍ക്കില്‍ കുസാറ്റിനെ പൈലറ്റ് അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തി ട്രയല്‍ നടത്തി വരികയാണ്. സ്പാര്‍ക്കിന്റെ ചീഫ് പ്രോജക്ട് മാനേജര്‍ ഇതിനുള്ള നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണ്.

അനധികൃത നിയമനം
വരുന്ന രണ്ടു മാസത്തിനുള്ളില്‍ പുതിയ സംവിധാനത്തിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്തി മേല്പറഞ്ഞ എല്ലാ സ്ഥാപനങ്ങളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ പത്തിനകം ഈ സംവിധാനത്തിലൂടെ ശമ്പള വിതരണം ആരംഭിക്കാത്ത സ്ഥാപനങ്ങളുടെ ഫണ്ട് ധനകാര്യ വകുപ്പ് തടഞ്ഞുവെയ്ക്കും. ഇതിനിടെ കെഎസ്ആര്‍ടിസി സ്വമേധയാ സ്പാര്‍ക്കു വഴി ശമ്പളം വിതരണം ചെയ്യുന്നതിന് തീരുമാനിക്കുകയുണ്ടായി. ഇതു നല്ലകാര്യമാണ്. അനധികൃതമായ നിയമനങ്ങള്‍ അവസാനിപ്പിക്കുന്നതിനും ശ്രദ്ധേയമായ കാല്‍വയ്പ്പായിരിക്കും സ്പാര്‍ക്കു വഴിയുള്ള ശമ്പള വിതരണം.