അരിവില നിയന്ത്രിക്കാന്‍ ഇടപെടലുമായി സർക്കാർ; എട്ടു കിലോ അരി 10.90 രൂപയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ അരിവില നിയന്ത്രിക്കാൻ സർക്കാർ. കേരളത്തിലെ എല്ലാ മുൻഗണനേതര (വെള്ള, നീല) കാർഡുടമകൾക്കും എട്ട് കിലോഗ്രാം അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ 'അരിവണ്ടി' സംസ്ഥാനത്തെ 500ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കിൽ അരി വിതരണം ചെയ്യും. കാർഡ് ഒന്നിന് 10 കിലോ വീതം ജയ, കുറുവ, മട്ട അരി, പച്ചരി എന്നിവയിലേതെങ്കിലും ഒരിനമാണ് വിതരണം ചെയ്യുന്നത്. സപ്ലൈകോയോ മാവേലിസ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുക.

സംസ്ഥാനത്ത് പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ആന്ധ്രയിൽ നിന്നും നേരിട്ട് അരി, മുളക് എന്നിവ ഇറക്കുമതി ചെയ്യുന്നതിനെ സംബന്ധിച്ച കാര്യങ്ങൾ നാളെ തലസ്ഥാനത്ത് എത്തുന്ന ആന്ധ്രപ്രദേശ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി. നാഗേശ്വര റാവുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.
രണ്ടാഴ്ച മുൻപ് ആന്ധ്ര സർക്കാരുമായി സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി നടത്തിയ ചർച്ചയുടെ ഭാഗമായാണ് ആന്ധ്ര ഭക്ഷ്യ വകുപ്പ് മന്ത്രി കേരളത്തിലെത്തുന്നത്. കേരളത്തിന് ആവശ്യമുള്ള ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യപ്പെടും. എത്ര ക്വിന്റൽ അരി, വില എന്നിവ ചർച്ച ചെയ്തു തീരുമാനിക്കും.
രാവിലെ 10.30ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ ആന്ധ്രപ്രദേശ് സിവിൽ സപ്ലൈസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആന്ധ്ര മന്ത്രിയോടൊപ്പം പങ്കെടുക്കും.
പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ എല്ലാ മുൻഗണനേതര (വെള്ള, നീല) കാർഡുടമകൾക്ക് എട്ടു കിലോ ഗ്രാം അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കുമെന്നും മന്ത്രി ജി.ആർ അനിൽ അറിയിച്ചുച്ചിട്ടുണ്ട്. ജയ, കുറുവ, മട്ട അരി, പച്ചരി എന്നീ നാല് ഇനങ്ങളായി കാർഡ് ഒന്നിന് 10 കിലോ വീതം അരി വിതരണം ചെയ്യും. ഓരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നതെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications