കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല, മുഖ്യമന്ത്രിക്കും ഇങ്ങനെയാണോ സുരക്ഷ ഒരുക്കുകയെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോലീസുകാര്‍ പ്രതിഷേധക്കാരെ തടഞ്ഞില്ലെന്ന് ഗവര്‍ണര്‍. ഇതുപോലെയാണോ മുഖ്യമന്ത്രിക്കും നിങ്ങള്‍ സുരക്ഷ ഒരുക്കുകയെന്നും ഗവര്‍ണര്‍ ചോദിച്ചു. 22 പ്രതിഷേധക്കാരെ തടയാന്‍ നൂറിലധികം പോലീസുകാരുണ്ടായിരുന്നു. എന്നാല്‍ പോലീസുകാരെ അവര്‍ തടഞ്ഞില്ല.
ജോലി ചെയ്യുന്നതില്‍ പോലീസിന് സമ്മര്‍ദമുണ്ടോയെന്നും ഗവര്‍ണര്‍ ചോദിച്ചു. കേന്ദ്ര സുരക്ഷ താന്‍ ആവശ്യപ്പെട്ടിട്ടില്ല. സുരക്ഷയില്‍ തീരുമാനമെടുത്തത് കേന്ദ്ര സര്‍ക്കാരാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. താന്‍ പ്രതിഷേധിക്കുമ്പോള്‍ മാത്രമാണ് പോലീസ് കേസെടുക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. കേരള പോലീസ് മികച്ച സേന തന്നെയാണ്. അവരെ കുറിച്ച് എനിക്ക് നല്ല അഭിപ്രായം തന്നെയാണ്. എന്നാല്‍ ആരാണ് അവരുടെ പ്രവര്‍ത്തനം തടയുന്നത്. മുഖ്യമന്ത്രിയാണ് നടുറോഡില്‍ ഇങ്ങനെ പ്രതിഷേധത്തെ നേരിട്ടതെങ്കില്‍ പോലീസ് ഇങ്ങനെയായിരുന്നോ പെരുമാറുകയെന്നും ഗവര്‍ണര്‍ ചോദിച്ചു.
72 വയസ്സ് പ്രായം തനിക്ക് പിന്നിട്ട് കഴിഞ്ഞു. ദേശീയ ശരാശരിയും കടന്നുള്ള ബോണസ് ജീവിതമാണ് താന്‍ നയിക്കുന്നത്. സ്വാമി വിവേകാനന്ദനാണ് തന്റെ ആദര്‍ശപുരുഷന്‍. കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാനത്തെ സാഹചര്യം അറിയിക്കലാണ് എന്റെ ജോലി.
എന്നാല്‍ രാജ്ഭവനാണ് താന്‍ റോഡരികില്‍ ഇരിക്കുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്. നിലമേലില്‍ തന്റെ കാറിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന് ശേഷമാണ് താന്‍ പുറത്തിറങ്ങിയത്. താന്‍ കാറില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് തിരുവനന്തപുരത്ത് പോലീസ് നടപടിയെടുത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.












Click it and Unblock the Notifications