സതീശനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് രംഗത്ത്; ചേര്‍ത്തുപിടിച്ച് സുധാകരന്‍; കോണ്‍ഗ്രസില്‍ വീണ്ടും പോര്
തിരുവനന്തപുരം: ഇടവേളക്ക് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും കോണ്‍ഗ്രസിനുള്ളില്‍ പടപ്പുറപ്പാട്. പുനസംഘടനാ വിഷയത്തില്‍ പ്രധാനമായും വി ഡി സതീശനെ ഉന്നംവെച്ച് കൊണ്ട് നീങ്ങാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. നേരത്തെ ശശി തരൂര്‍ വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ സതീശനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരെ യോജിച്ച് നീങ്ങാനാണ് നിലവില്‍ ഗ്രൂപ്പുകളുടെ തീരുമാനം എന്നാണ് അറിയുന്നത്. ഗ്രൂപ്പുകളെ ദുര്‍ബലപ്പെടുത്താനാണ് വി ഡി സതീശന്‍ ശ്രമിക്കുന്നത് എന്നാണ് ഇവര്‍ ആരോപിക്കുന്നത്. വി ഡി സതീശന്റെ ലക്ഷ്യം പാര്‍ട്ടി പിടിക്കലാണ്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ തുടങ്ങിയവര്‍ ഇതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നതായാണ് വിവരം.

കെ സി ജോസഫ്, ബെന്നി ബഹനാന്‍, ജോസഫ് വാഴക്കന്‍, എം കെ രാഘവന്‍ എന്നിവരും യോഗത്തിലുണ്ടായിരുന്നു എന്നാണ് സൂചന. അതേസമയം ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് നേതാക്കള്‍ ബെംഗളൂരുവിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു. ഗ്രൂപ്പിനതീതമായ നീക്കത്തിന് ഉമ്മന്‍ചാണ്ടിയുടേയും പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് ആര്‍ജവമില്ലെന്നാണ് വിമര്‍ശനം.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറ്റുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഇത് നേതൃത്വത്തിന്റെ കഴിവുകേടാണ്. അതേസമയം വി ഡി സതീശന് പിന്തുണയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. പാര്‍ട്ടിക്കകത്ത് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ ചെറിയ കാറ്റാണെന്നാണ് സുധാകരന്റെ അഭിപ്രായം.
എല്ലാ പ്രശ്‌നങ്ങളും പറഞ്ഞുതീര്‍ക്കും. ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട് എന്നും സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ത് പാതകം ചെയ്തുവെന്ന് തനിക്ക് അറിയില്ലെന്നും ഐക്യം തകരാതെ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനാകും എന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ബ്ലോക്ക് പുനഃസംഘടനയില്‍ വി ഡി സതീശന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ചര്‍ച്ച നടന്നില്ലെന്ന് പറയുന്നത് നുണപ്രചരണമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തലയെയും എം എം ഹസനേയും താന്‍ നേരില്‍ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സമീപനത്തില്‍ കുഴപ്പമുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും കെ സുധാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications