ഹജ്ജ് പ്രതീക്ഷ കൈവിടണ്ട: വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും അവസരം, ക്രമനമ്പർ അറിയാം
കോഴിക്കോട്: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉൾപ്പെട്ട ക്രമ നമ്പര്‍ 1171 മുതൽ 1412 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഓരോ അപേക്ഷകരുടെയും എംബാർക്കേഷൻ പോയിന്റ് അടിസ്ഥാനത്തിൽ പണമടക്കേണ്ടതാണ്.
എമ്പാർക്കേഷൻ പോയിന്റ്, അടക്കാനുള്ള തുക(ഒരാൾക്ക്), കോഴിക്കോട് 3,53,313 രൂപയും കൊച്ചിയില്‍ 3,53,967 രൂപയും കണ്ണൂരില്‍ 3,55,506 രൂപയുമാണ് നല്‍കേണ്ടത്. അപേക്ഷാ ഫോമിൽ ബലികർമ്മത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ, ആ ഇനത്തിൽ 16,344/-രൂപ കൂടി അധികം അടക്കണം.

ഒർജിനൽ പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ (3.5x3.5 white Background) പണമടച്ച രശീതി, നിശ്ചിത ഫോറത്തിലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കല്‍ സ്ക്രീനിംഗ് & ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് (സർക്കാർ അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷ ഫോം, അനുബന്ധ രേഖകൾ എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ 2023 മെയ് 31-നകം സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് ഹജ്ജ് ട്രൈനർമാരുമായി ബന്ധപ്പെടാവുന്നതാണ്. വെബ്‌സൈറ്റ്: hajcommittee.gov.in, keralahajcommittee.org.
അതേസമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മദീന സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഹജ്ജ് കർമങ്ങൾക്കുശേഷം മദീനയിലെത്തുന്ന മലയാളി തീർഥാടകരുടെ താമസത്തിനായി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളിലെ സജ്ജീകരണങ്ങളും അദ്ദേഹം പരിശോധിച്ചു. ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രത്യേകമായി ചുമതലപ്പെടുത്തിയ നോഡൽ ഓഫീസർ ജാഫർ മാലിക്കുമായും അദ്ദേഹം ഒരുക്കങ്ങള്‍ ചർച്ച ചെയ്തു.
ഇന്ത്യയില്‍ നിന്ന് ആയിരം വിശ്വാസികള്‍ക്ക് ഒരു ഹാജി എന്ന അനുപാതത്തിലാണ് സഊദി ഭരണകൂടം അനുവാദം നല്‍കുന്നത്. ഇപ്രാവശ്യം ഒന്നേമുക്കാല്‍ ലക്ഷം പേരെ അവര്‍ ക്ഷണിച്ചു. പതിനേഴര കോടി മുസ്്ലിംകള്‍ ഉണ്ടാകുമ്പോഴാണ് ഇത്രയും പേര്‍ക്ക് അവസരം ലഭിക്കുന്നത്. ഈ പതിനേഴര കോടിയെന്ന കണക്ക് വളരെ മുമ്പുള്ളതാണ് എന്നത് മറ്റൊരു കാര്യം. 70 വയസ്സുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഒരു സഹായിയോടൊപ്പം ഹജ്ജിന് അവസരം ലഭിക്കുന്ന രീതി ഇപ്പോഴും തുടരുന്നുണ്ടെന്നും മുഹമ്മദ് ഫൈസ് പറഞ്ഞു.
ഇത്തവണ കേരളത്തില്‍ നിന്നാകെ 11,010 പേരാണ് പോകുന്നത്. കോഴിക്കോട്ട് നിന്ന് 2,584 പുരുഷന്മാരും 4,272 സ്ത്രീകളും അടക്കം ആകെ 6,856 പേര്‍. കണ്ണൂരില്‍ നിന്ന് 745 പുരുഷന്മാരും 1,162 സ്ത്രീകളുമായി 1,907 പേര്‍ പോകുന്നു. കൊച്ചിയില്‍ നിന്ന് 903 പുരുഷന്മാരും 1,344 സ്ത്രീകളുമായി 2,247 പേരാണ് പോകുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള 164 തീര്‍ഥാടകരും കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴിയാണ് പുറപ്പെടുക.












Click it and Unblock the Notifications