'ഹർ ഘർ തിരംഗ': ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്താന്‍ ആഹ്വാനം ചെയ്ത് മോദി
ദില്ലി: രാജ്യം സ്വാതന്ത്രത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയില്‍ ഓഗസ്റ്റ് 13-മുതല്‍ 15 വരെ വീടുകളില്‍ ദേശീയ പതാക ഉയർത്തി എല്ലാവരും ഹർ ഘർ തിരംഗ (ഓരോ വീട്ടിലും ത്രിവര്‍ണപതാക) മുന്നേറ്റത്തിന്റെ ഭാഗമാവണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മുന്നേറ്റം ത്രിവർണ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുമെന്നും 1947 ജൂലൈ 22 നാണ് ദേശീയ പതാക അംഗീകരിക്കപ്പെട്ടതെന്നും പ്രധാനമന്ത്രി ട്വീറ്റുകളുടെ ഒരു പരമ്പരയിലൂടെ വ്യക്തമാക്കി.
സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നംകണ്ടവരുടെ മഹത്തായ ധൈര്യത്തെയും പ്രയത്നത്തെയും മോദി അനുസ്മരിച്ചു. ത്രിവര്‍ണപതാകയുമായി ബന്ധപ്പെട്ട സമിതിയുടെയും പണ്ഡിറ്റ് നെഹ്രു ഉയര്‍ത്തിയ ആദ്യത്തെ ത്രിവര്‍ണപതാകയുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടെ ചരിത്രത്തില്‍നിന്നുള്ള മൂല്യവത്തായ ചില വിവരങ്ങളും അദ്ദേഹം പങ്കിട്ടു. 1947ല്‍ ഈ ദിവസമാണു ത്രിവര്‍ണപതാക നമ്മുടെ ദേശീയ പതാകയായി സ്വീകരിച്ചത് എന്നതിനാല്‍ നമ്മുടെ ചരിത്രത്തില്‍ ജൂലൈ 22നു പ്രത്യേക പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

"ഈ വര്‍ഷം, നാം 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുമ്പോള്‍, നമുക്കു 'ഹര്‍ ഘര്‍ തിരംഗ' മുന്നേറ്റത്തിനും കരുത്തുപകരാം. ഓഗസ്റ്റ് 13നും 15നുമിടയ്ക്കു നിങ്ങളുടെ വീടുകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യൂ. ഈ ജനകീയമുന്നേറ്റം ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം ദൃഢമാക്കും." -മോദി ട്വിറ്ററില്‍ കുറിച്ചു.
"നാം കോളനിവാഴ്ചയ്ക്കെതിരെ പോരാടുമ്പോള്‍ സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും മഹത്തായ ധൈര്യവും പ്രയത്നവും ഇന്നു നാം അനുസ്മരിക്കുന്നു. അവരുടെ കാഴ്ചപ്പാടു നിറവേറ്റുന്നതിനും അവരുടെ സ്വപ്നങ്ങളിലെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധത നാം തുടരുന്നു." എന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം 'ഹർ ഘർ തിരംഗ' പരിപാടിയുടെ ഭാഗമാകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. നമ്മുടെ ദേശീയ പതാക ഓരോ ഇന്ത്യക്കാരനെയും ഒന്നിപ്പിക്കുക മാത്രമല്ല, രാഷ്ട്രത്തോടുള്ള അവരുടെ ആത്മാർപ്പണത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അമിത് ഷാ ട്വീറ്റു ചെയ്തു. 1947 ജൂലൈ 22 നാണ് ഇന്നത്തെ രൂപത്തിലുള്ള ത്രിവർണ്ണ പതാക, ദേശീയ പതാകയായി സ്വീകരിക്കാനുള്ള പ്രഖ്യാപനം ഉണ്ടായത്.
ഹോട്ട് ലുക്കില്‍ റംസാനൊപ്പം തകർത്താടി പ്രിയവാര്യർ: ശ്രദ്ധേയമായി പുത്തന്‍ ലുക്ക്
ഈ പരിപാടിയിലൂടെ രാജ്യത്തെ 20 കോടിയോളം വീടുകളിൽ ത്രിവർണ പതാക ഉയർത്തുമെന്നും ഇത് പൗരന്മാരിൽ, പ്രത്യേകിച്ച് യുവജനങ്ങളിൽ ദേശസ്‌നേഹത്തിന്റെ ജ്വാല കൂടുതൽ പ്രകാശിപ്പിക്കാൻ സഹായിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. യുവാക്കൾക്ക് ത്രിവർണ പതാകയോടുള്ള ആദരവും അടുപ്പവും വർദ്ധിപ്പിക്കാനും സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര വ്യക്തികളുടെ ത്യാഗത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനും ഇതിലൂടെ നമുക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications