നരഭോജി കടുവയ്ക്കായി വ്യാപക തിരച്ചിൽ; മാനന്തവാടി നഗരസഭയിൽ നാളെ യുഡിഎഫ് ഹർത്താൽ, നിരോധനാജ്ഞ
വയനാട്: മാനന്തവാടി നഗരസഭയിൽ നാളെ യുഡിഎഫ് ഹർത്താൽ. മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തില്‍ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഐക്യജനാധിപത്യ മുന്നണി ഹർത്താൽ പ്രഖ്യാപിച്ചത്. എസ്‌ഡിപിഐയും നേരത്തെ നഗരസഭ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫും ഹർത്താൽ നടത്തുന്നത്.
അതിനിടെ നരഭോജി കടുവയെ പിടികൂടുന്നതിന് ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി ഉണ്ടായിരിക്കുന്നത്. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ നിലവിലുണ്ടാവുക. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. കടുവയെ കണ്ടെത്താനുള്ള വ്യാപക തിരച്ചിൽ തുടരുകയാണ്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്റിനറി ഡോക്‌ടർമാരുടെ സംഘത്തെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്.
ഇതിന് പുറമേ ചെതലത്ത് റേഞ്ചിന്റെ കീഴിലുള്ള ഇരുളം ഫോറസ്‌റ്റ് സ്‌റ്റേഷന്റെയും പുല്‍പ്പള്ളി ഫോറസ്‌റ്റ് സ്‌റ്റേഷന്റെയും കീഴിലുള്ള ജീവനക്കാരെ പ്രദേശത്ത് പ്രത്യേക തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലിയില്‍ ഒരുക്കിയ ബേസ് ക്യാമ്പില്‍ സുല്‍ത്താന്‍ ബത്തേരി ആര്‍ആര്‍ടി അംഗങ്ങളെകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. നോര്‍ത്ത് വയനാട് ഡിവിഷനില്‍ നിന്നുള്ള ക്യാമറ ട്രാപ്പുകള്‍ ഇതിനകം ഇവിടെ എത്തിക്കുകയും സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായ അഞ്ച് ലക്ഷം രൂപ കൈമാറി. മന്ത്രിയും കളക്‌ടറുമടക്കമുള്ളവര്‍ രാധയുടെ വീട്ടിലെത്തി. 11 ലക്ഷം രൂപയാണ് കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ത്തിൽ അടിയന്തര ധനസഹായം എന്ന നിലയിലാണ് അഞ്ച് ലക്ഷം കൈമാറിയത്.
ഇന്ന് രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയിൽ വനത്തിനുള്ളിൽ നിന്ന് തണ്ടർബോൾട്ട് സംഘം കണ്ടെത്തിയത്. പ്രിയദർശിനി എസ്‌റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് ലഭ്യമായ വിവരം. മൃതദേഹം കടുവ പാതി ഭക്ഷിച്ച നിലയിലായിരുന്നു.
ഇന്ന് വൈകീട്ടോടെ തന്നെ രാധയെ ആക്രമിച്ച കടുവയെ വെടിവെച്ച് കൊല്ലാൻ സർക്കാർ ഉത്തരവിട്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി ഒആർ കേളുവിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. എന്നാൽ സർക്കാർ സഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. എങ്കിലും കടുവയെ എത്രയും പെട്ടെന്ന് വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications