പാമ്പ് കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി, മരുന്നുകളോട് പ്രതികരിക്കുന്നു
കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യസ്ഥിതിയില്‍ ആശാവഹമായ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് രതീഷ് കുമാര്‍ അറിയിച്ചു. ഇന്നലെയാണ് കോട്ടയം കുറിച്ചിയില്‍ വെച്ച് വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ അഞ്ചംഗ വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ.
വാവ സുരേഷിന്റെ തലച്ചോറിലേക്കുളള രക്ത പ്രവാഹത്തില്‍ പുരോഗതിയുണ്ട്. രക്ത സമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് വാവ സുരേഷിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇനിയുളള 48 മണിക്കൂര്‍ നിര്‍ണായകമാണ്. വാവ സുരേഷിന് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാവ സുരേഷിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

വാവ സുരേഷിന് വേണ്ടി പ്രാര്‍ത്ഥനയോടെ ജയറാം അടക്കമുളള സിനിമാ താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ''ദൈവം കൂടെയുണ്ട്....ഞങ്ങളുടെ ഒക്കെ prayers കൂടെയുണ്ട്'' എന്നാണ് ജയറാം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഒന്നും സംഭവിക്കില്ല . ഒരുപാടു പേരുടെ പ്രാർത്ഥനയുണ്ട് brother. പടച്ചവനെ എന്റെ പ്രിയ സഹോദരനെ കാക്കണേ എന്നാണ് നടനും സംവിധായകനുമായ നാദിർഷ കുറിച്ചിരിക്കുന്നത്.
മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം: '' വാവ സുരേഷിന് പാമ്പ് കടിയേറ്റ വാർത്ത ഏറെ വിഷമിപ്പിക്കുന്നതാണ്. സുരേഷ് തന്റെ ജീവൻ പോലും വക വെക്കാതെ ആണ് പാമ്പ് പിടിത്തത്തിന് ഇറങ്ങിയിരുന്നത്. ഒരു ഫോൺ കോൾ അകലത്തിൽ ഓടിയെത്തുന്ന വാവ സുരേഷ് സാധാരണക്കാർക്ക് ആപത്തിലെ സഹായി ആയിരുന്നു. സുരേഷ് ഇടക്ക് എന്നെ കാണാൻ വരുകയും വിശേഷങ്ങളും വിഷമങ്ങളും മറ്റും പങ്ക് വെക്കാറുണ്ട്. കഴിഞ്ഞ മാസവും സുരേഷ് എന്നെ കാണാൻ വന്നിരുന്നു. വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങി വരട്ടെ ആത്മാർഥമായി പ്രതീക്ഷിക്കുന്നു''.
കരിനാട്ടുകവലയിലെ വീട്ടില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി ചാക്കിലേക്ക് കയറ്റുന്നതിനിടെ ആണ് വാവ സുരേഷിന് കടിയേറ്റത്. ആറടിയിലേറെ നീളമുളള പാമ്പ് സുരേഷിന്റെ വലത് കാല്‍മുട്ടിന് മുകളില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുളളവര്‍ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മന്ത്രി വിഎന്‍ വാസവന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.












Click it and Unblock the Notifications