മഴക്കെടുതി!കൊച്ചിൻ കലാഭവനുള്ളിൽ വെള്ളം കയറി;ലക്ഷങ്ങൾ വില വരുന്ന ഗിറ്റാർ, കീബോർഡ് നശിച്ച നിലയിൽ
കൊച്ചി: ഇന്നലെ പെയ്ത മഴയിൽ കേരളത്തിലുടനീളം വലിയ രീതിയിലുള്ള നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. എറണാകുളം കെ എസ് ആർ ടി സി ബസ്റ്റാൻഡ്, സൗത്ത് റെയിൽവേ സ്റ്റേഷന്റെ മുൻവശം, എം ജി റോഡ് ഇതിനുപുറമേ മരട് ഭാഗങ്ങളിലും വെള്ളം കയറിയിരുന്നു.
ടൗൺഹാളിനു സമീപം കൊച്ചിൻ കലാഭവനുള്ളിൽ വെള്ളം കയറുകയും വിലപിടിപ്പുള്ള സാധനങ്ങൾ നശിക്കുകയും ചെയ്തിരുന്നു. ലക്ഷങ്ങൾ വിലയുള്ള ഗിറ്റാർ, കീബോർഡ് തുടങ്ങിയവയാണ് വെള്ളം കയറി നശിച്ചത്.

ശക്തമായ മഴയുടെ സ്വാധീനത്താൽ വൈപ്പിന്‍ - മുനമ്പം സംസ്ഥാനപാതയിലെ ഗതാഗതം തടസ്സപ്പെടുകയും ഉണ്ടായി. പലയിടങ്ങളിൽ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി. കൊട്ടാരക്കര പുലമണ്‍ തോട് കരകവിഞ്ഞിരുന്നു. ആലുവയിലും കലൂരിലും ഇന്നലെ പെയ്ത മഴയിൽ വെള്ളക്കെട്ട രൂപപ്പെട്ടു. കളമശ്ശേരി ചങ്ങംപുഴ നഗറിലെ തങ്കപ്പൻ റോഡ് പൂർണമായും മുങ്ങി, ഇതിനു പുറമേ, 30 വീടുകളിൽ വെള്ളം കയറി, മൂന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
ആലുവയിൽ ഇരുപതോളം വരുന്ന കടകളിൽ വെള്ളം കയറി നശിക്കുകയായിരുന്നു. പെരുമ്പാവൂരിൽ മഴയ്ക്കൊപ്പം എത്തിയ കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണ് എം.സി. റോഡിലടക്കം ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് എടച്ചേരിയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.
കനത്ത മഴയിൽ തലസ്ഥാനത്തെ സ്ഥിതിയും മോശമായി മാറി. തിരുവനന്തപുരം ജില്ലയിൽ രാത്രി ശക്തമായ മഴ പെയ്തിരുന്നു. ബോണക്കാട് എസ്റ്റേറ്റിലെ 111 തൊഴിലാളികളെ മാറ്റി താമസിപ്പിച്ചു. വിഴിഞ്ഞത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയി കാണാതായ മൂന്ന് പേരെ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്ത് കണ്ടെത്തി. പോത്തന്‍കോട് സ്വകാര്യ ഹോട്ടലിന്‍റെ മതില്‍ തകര്‍ന്നു വീണ് വീടിന് കേടുപാട് പറ്റി.
Recommended Video

കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകള്‍ ഉയര്‍ത്തി. കരമന, കിള്ളിയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ മിന്നൽ സാധ്യത കൂടുതലാണ്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം.
അതേസമയം, കേരളത്തിലെ വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. വരുന്ന അഞ്ചു ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ മഴ ലഭിക്കാൻ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഇന്നും നാളെയും സംസ്ഥാനത്ത് അതിതീവ്രമഴക്കാണ് സാധ്യത. കാലാവസ്ഥ സാഹചര്യം കണക്കിലെടുത്ത് കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം ഇന്ന് എത്തിച്ചേരാൻ സാധ്യതയുണ്ട്.
ജാഗ്രതാ മുന്നറിയിപ്പിന്റെ ഭാഗമായി കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ‍് അലേർട്ട്. കാസർകോട് യെലോ അലേർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തലസ്ഥാനത്ത് നാളെ ഓറഞ്ച് അലേർട്ടാണ്. മെയ് 17 വരെ എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള മഴ മുന്നറിയിപ്പുകൾ തുടരും.
മഴ കനത്ത പശ്ചാത്തലത്തിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. ടോൾ ഫ്രീ നമ്പറായ 1077 ൽ ജനങ്ങൾക്ക് 24 മണിക്കൂറും സഹായത്തിനായി ബന്ധപ്പെടാം. അതേസമയം, മേയ് 15 മുതൽ 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.












Click it and Unblock the Notifications