ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ട്; പേരുവിവരങ്ങൾ പുറത്ത് വിടരുതെന്നും ഹൈക്കോടതി
കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. റിപ്പോർട്ടിൽ കേസെടുക്കാൻ കഴിയുന്ന പരാതികൾ ഉണ്ടെന്നാണ് ഹൈക്കോടതി പറയുന്നത്. റിപ്പോർട്ട് പൂർണമായി വായിച്ചുവെന്നും ഹൈക്കോടതി അറിയിച്ചു. നിലവിലെ അന്വേഷണവുമായി മുന്നോട്ട് പോവാനാണ് എസ്ഐടിയ്ക്ക് കോടതി നൽകിയ നിർദ്ദേശം.
റിപ്പോർട്ടിൽ പറയുന്ന മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തെ കുറിച്ചും പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമേ അതിജീവിതമാരുടെ സ്വകാര്യത ഉറപ്പാക്കണമെന്നും അവരുടെ പേരു വിവരങ്ങൾ പുറത്തുവിടരുതെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നുണ്ട്.

അന്വേഷണം നടത്തുമ്പോൾ എഫ്‌ഐആറിൽ ഉൾപ്പെടെ അതിജീവിതകളുടെ പേര് വിവരങ്ങൾ മറയ്ക്കണമെന്നാണ് കോടതി പോലീസിന് നൽകിയ നിർദ്ദേശം. കൂടാതെ എഫ്‌ഐആറിന്റെ പകർപ്പ് പരാതിക്കാർക്ക് മാത്രമേ കൈമാറാവൂ എന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മൊഴി നൽകാൻ ആരെയും നിർബന്ധിക്കരുതെന്നാണ് കോടതി നിർദ്ദേശം. അതിജീവിതമാർ സഹകരിക്കുന്നല്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കാം. സിനിമാ സീറ്റുകളിലെ ലഹരി ഉപയോഗത്തിൽ ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ലൈംഗികാതിക്രമത്തിന് ഒപ്പം ഈ വിഷയവും അന്വേഷണ പരിധിയിൽ വരും.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് ആരോപണങ്ങളുമായി രംഗത്ത് വന്നത്. ഇതിൽ പ്രമുഖ നടന്മാർക്ക് എതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ജയസൂര്യ, സിദ്ദിഖ്, മണിയണൻപിള്ള രാജു, മുകേഷ്, ഇടവേള ബാബു, ബാബുരാജ് തുടങ്ങിയവർക്ക് എതിരേയായിരുന്നു പരാതി. ഇതിൽ എസ്ഐടി അന്വേഷണം നടത്തി വരികയാണ്.
എന്നാൽ ഇതിന് പുറമേയാണ് ഇപ്പോൾ അന്വേഷണ പരിധി സിനിമയിലെ ലഹരി ഉപയോഗത്തിലേക്ക് കൂടി നീങ്ങുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നതിന് മുൻപ് തന്നെ സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. പക്ഷേ ഇതുവരെയും പോലീസ് അന്വേഷണം ഉൾപ്പെടെ നടത്തിയിരുന്നില്ല.
അടുത്തിടെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ മലയാളത്തിലെ രണ്ട് പ്രമുഖ അഭിനേതാക്കളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേര് ഉയർന്നു കേട്ടതോടെ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ആക്ഷേപങ്ങൾ ശക്തമായിരുന്നു. എന്നാൽ ഹൈക്കോടതി ഇടപെടലോടെ അന്വേഷണത്തിനുള്ള കളമൊരുങ്ങുകയാണ്.












Click it and Unblock the Notifications