'500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ'; തുറന്ന് പറഞ്ഞ് കെകെ ശൈലജ
കുവൈറ്റ് സിറ്റി: കൊവിഡ് കാലത്ത് രോഗപ്രതിരോധത്തിനായി പി പി ഇ കിറ്റ് ഉള്‍പ്പെടെ വാങ്ങിയതില്‍ അഴിമതി നടന്നു എന്ന് കാണിച്ച് ലോകായുക്ത നല്‍കിയ നോട്ടീസില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എം എല്‍ എ. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആയിരുന്നു ഇടപാടുകള്‍ എന്ന് കെ കെ ശൈലജ വ്യക്തമാക്കി
കുവൈറ്റില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആണ് 500 രൂപയുടെ പി പി ഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് എന്ന് കെ കെ ശൈലജ വ്യക്തമാക്കി. ഗുണനിലവാരം ഉറപ്പാക്കി വാങ്ങണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.

എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണം. ആളുകളുടെ ജീവനല്ലെ വലുത് എന്ന് അദ്ദേഹം പറഞ്ഞതായും കെ കെ ശൈലജ വ്യക്തമാക്കി. കെ എം സി എല്ലിന്റെ പ്രവര്‍ത്തകര്‍ പി പി ഇ കിറ്റ് തീരാന്‍ പോവുകയാണ് എന്നും വാങ്ങിയില്ല എങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അപകടത്തിലാകും എന്നും പറഞ്ഞു. ഇക്കാര്യം താന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത് എന്നും ശൈലജ പറഞ്ഞു.

എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണമെന്നും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച വേണ്ട എന്നുമായിരുന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചത്. അപ്പോഴേക്കും മാര്‍ക്കറ്റില്‍ പി പി ഇ കിറ്റിന്റെ വില വര്‍ധിച്ചിരുന്നു എന്നും കെ കെ ശൈലജ ചൂണ്ടിക്കാട്ടി. 500 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു പി പി ഇ കിറ്റിന് 1500 രൂപയായാണ് വര്‍ധിച്ചിരുന്നത്. ഇത്ര വിലയായ സാഹചര്യത്തല്‍ ഇത് വാങ്ങണമോ എന്ന് ഞാന്‍ മുഖ്യമന്ത്രിയോട് ചോദിച്ചു.

എന്നാല്‍ പൈസയൊന്നും നോക്കണ്ടെന്നും ആളുകളുടെ ജീവനല്ലെ വലുത് എന്ന വിശ്വസത്തില്‍ 50,000 പി പി ഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു എന്നും കെ കെ ശൈലജ വിശദീകരിച്ചു. ഇതിനിടെ 15,000 പി പി ഇ കിറ്റ് വാങ്ങിയപ്പോഴേക്കും മാര്‍ക്കറ്റില്‍ വില കുറയാന്‍ തുടങ്ങി എന്നും ശൈലജ പറഞ്ഞു.

ഇതോടെ ബാക്കി 35,000 പി പി ഇ കിറ്റിന്റെ ഓര്‍ഡര്‍ റദ്ദാക്കുകയും പിന്നീട് മാര്‍ക്കറ്റില്‍ വരുന്ന വിലയ്ക്ക് പി പി ഇ കിറ്റ് വാങ്ങുകയുമായിരുന്നു എന്നും കെ കെ ശൈലജ വ്യക്തമാക്കി. അതേസമയം പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളും ഉണ്ടാകും എന്നും അതൊന്നും പ്രശ്‌നമല്ല എന്നും അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ചയാണ് കെ കെ ശൈലജയ്ക്ക് പി പി ഇ കിറ്റ് അഴിമതി ആരോപണത്തില്‍ ലോകായുക്ത നോട്ടീസ് നല്‍കിയത്. മുന്‍ ആരോഗ്യമന്ത്രി നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഡിസംബര്‍ 8 ന് ഹാജരാകണം എന്നാണ് നോട്ടീസിലേ നിര്‍ദേശം. ഇവരുടെ വാദം കേള്‍ക്കുന്നതിനൊപ്പം രേഖകള്‍ പരിശോധിച്ച് ലോകായുക്ത നേരിട്ടുള്ള അന്വേഷണം നടത്തും.

വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന വീണ എസ്. നായരാണ് കെ കെ ശൈലജയ്ക്ക് എതിരെ പരാതിയുമായി ലോകായുക്തയെ സമീപിച്ചത്. കെ കെ ശൈലജയെ കൂടാതെ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം ഡിയായിരുന്ന ബാലമുരളി, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ എസ് ആര്‍ ദിലീപ് കുമാര്‍, സ്വകാര്യ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ അടക്കം 11 പേര്‍ക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

നേരത്തെ ഐ എ എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കു നോട്ടീസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂര്‍ത്തിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് ഫയലില്‍ സ്വീകരിച്ച് ശൈലജയ്ക്ക് നോട്ടീസ് അയച്ചത്.












Click it and Unblock the Notifications