കുട്ടി പട്ടിക്കൂട്ടില്‍: സ്‌കൂള്‍ തുറക്കാനുള്ള ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ
കൊച്ചി: കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചു എന്ന് പരാതി ഉയര്‍ന്ന സ്‌കൂള്‍ തുറക്കാനുളള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പരാതി ഉന്നയിച്ച കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ ഉത്തരവിനെ മറികടന്നായിരുന്നു വിദ്യാഭ്യസമന്ത്രി ഇടപെട്ട് സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ഇക്കാര്യവും ഹൈക്കോടതി വിമര്‍ശന വിധേയമാക്കി.

തിരുവനന്തപുരം പാപ്പനംകോടുള്ള ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെയായിരുന്നു പരാതി ഉയര്‍ന്നത് . ഇതേ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടി. സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
സ്‌കൂള്‍ മാനേജ്‌മെന്റും രക്ഷിതാക്കളും നല്‍കിയ നിവേദനത്തെ തുടര്‍ന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറി വഴി സകൂള്‍ തുറക്കാന്‍ ഉത്തരവിട്ടത്. സ്‌കൂളിനെതിരെ പരാതി ഉയര്‍ത്തിയത് മുന്‍ വൈരാഗ്യത്തിന്റെ പേരിലാണെന്നായിരുന്നു മാനേജ്‌മെന്റ് ആരോപിച്ചിരുന്നത്.
125 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. 15 ദിവസത്തോളം നീണ്ട അനിശ്ചിതാവസ്ഥക്ക് ശേഷമാണ് കഴിഞ്ഞ ആഴ്ച സ്‌കൂള്‍ തുറന്നത്. ഹൈക്കോടതി സ്‌റ്റേ പുറപ്പെടുവിച്ചതോടെ കുട്ടികളുടെ പഠനം വീണ്ടും അനിശ്ചിതാവസ്ഥയിലായി. സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലോ, അല്ലെങ്കില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലോ പഠനത്തിന് സൗകര്യ ഒരുക്കാമെന്ന നിര്‍ദ്ദേശം തുടക്കം മുതലേ രക്ഷിതാക്കള്‍ അംഗീകരിച്ചിരുന്നില്ല.












Click it and Unblock the Notifications