ഹിജാബ് വിവാദം; കർണ്ണാടക സർക്കാരിന്റെ നടപടി അവകാശ ലംഘനമെന്ന് എംപി എംകെ രാഘവൻ
തിരുവനന്തപുരം; ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് എംകെ രാഘവൻ എംപി. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച കർണ്ണാടക സർക്കാരിന്റെ നടപടി അവകാശ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ബഹുസ്വര മതേതര രാഷ്ട്രമാണെന്ന യാഥാർത്ഥ്യം മത ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബിജെപി സൗകര്യപൂർവം വിസ്മരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

പഠിക്കാനുള്ള അവകാശം മതം അനുഷ്ഠിക്കുന്നവർക്ക് നിഷേധിക്കാൻ പാടില്ല. ഹിജാബ് ധരിക്കാനുള്ള മുസ്‌ലിം പെൺകുട്ടികളുടെ അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണ്.
കോൺഗ്രസ് ഭരിക്കുന്ന കാലങ്ങളിൽ വിശ്വാസങ്ങൾക്ക് അനുസൃതമായി വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം നൽകിയത് ബഹുസ്വരതയെ മാനിച്ചും ഭരണഘടന ഉയർത്തി പിടിച്ചുമാണ്.
കോൺഗ്രസ് സർക്കാരുകൾ ഒരു തീരുമാനവും ഒരിക്കലും ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കാറില്ല. ജനങ്ങൾക്ക് അവർക്കിഷ്ടമുള്ള മതം, വിശ്വാസം, ആചാരം എന്നിവക്കുള്ള സ്വാതന്ത്രം ഭരണഘടന ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ബിജെപി ഓർക്കണം.
വിവിധങ്ങളായ വിഷയങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ ബോധപൂർവം വർഗീയ ചേരിതിരിവുണ്ടാക്കാനും പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യപ്രസക്തിയുള്ള വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാനുമായി ബിജെപി ഒരുക്കുന്ന വിവിധങ്ങളായ അജണ്ടകളിൽ ഒന്നുമാത്രമാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്ന ഹിജാബ് വിവാദമെന്നും അദ്ദേഹം പറഞ്ഞു.
ചില പ്രതികരണങ്ങളിലേക്ക്
ഫാത്തിമ തെഹ്ലിയ- മുസ്ലിങ്ങളുടെ സാംസ്‌ക്കാരിക ചിഹ്നങ്ങളെ തുടച്ചു നീക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഹിജാബ് വിവാദമെന്ന് എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ പറഞ്ഞു. കർണാടകയിലെ സർക്കാർ കോളേജിൽ നിന്നും ഹിജാബ് ധരിച്ച പെണ്കുട്ടികളെ പുറത്താക്കുന്നത് തുടരുകയാണ്. പരീക്ഷക്ക് വെറും രണ്ട് മാസം അവശേഷിക്കുമ്പോഴാണ് ഈ കടുംകൈ എന്നോർക്കണം. മുസ്ലിങ്ങളുടെ സാംസ്‌ക്കാരിക ചിഹ്നങ്ങളെ തുടച്ചു നീക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണീ നീക്കം. ഈ പച്ചയായ ഫാസിസത്തെ പിന്തുണക്കാൻ കേരളത്തിലും 'പുരോഗമനത്തിന്റെ' ലേബലിൽ ആളുണ്ടെന്നതാണ് ദുഃഖകരം.
ഹിജാബ് ധരിച്ചവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിന്റെ പേരാണോ പുരോഗമനം എന്നത്? ഹിജാബ് കാണുമ്പോൾ അസഹിഷ്ണുത തോന്നുന്നവർ ദയവ് ചെയ്ത് സ്ത്രീ വിമോചകരുടെ മൂടുപടം അണിയരുത്. അധികാര പ്രയോഗത്തിലൂടെ ഹിജാബ്ധാരികളുടെ അവകാശങ്ങളെ റദ്ദ് ചെയ്യുന്നതിനെ പിന്തുണക്കുന്നവർ സ്ത്രീ വിമോചകരുടെ പുറം ചട്ടയിൽ ഒളിച്ചിരിക്കാതെ താൻ സംഘിയാണെന്ന് തുറന്നു പറയുനുള്ള ധൈര്യം കാണിക്കണമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ബിന്ദു കൃഷ്ണ-കർണാടകയിലെ ചില കോളജുകളിൽ ഹിജാബ് ധരിച്ച മുസ്‌ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചത് അവകാശ ലംഘനമാണ്. നമുക്ക് ഓരോരുത്തർക്കും ഭരണഘടന അനുവദിച്ച സ്വാതന്ത്ര്യത്തെ ഹനിക്കാൻ ഒരു വ്യക്തിക്കും കഴിയില്ല.
അതോടൊപ്പം തന്നെ വിദ്യാഭ്യാസവും ഓരോ വ്യക്തിയുടെയും അവകാശമാണ്, അതും നിഷേധിക്കാൻ കഴിയില്ല. ഇന്ത്യ ജനാധിപത്യ മതേതര രാജ്യമാണെന്ന് മറന്നുപോകരുത്.












Click it and Unblock the Notifications