പത്മജയുടെ വരവ് തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാനോ? നീക്കം കരുതിക്കൂട്ടി തന്നെ, സാധ്യതകൾ ഇങ്ങനെ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായിരുന്നു പത്മജ വേണുഗോപാൽ ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പ്രമുഖ നേതാക്കൾ ബിജെപി പാളയത്തിൽ എത്തുമെന്ന പാർട്ടിയുടെ പ്രഖ്യാപനത്തെ സാധൂകരിച്ചു കൊണ്ടാണ് പത്മജയുടെ എൻട്രി.
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെയാണ് പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം എന്നതാണ് ശ്രദ്ധേയം. പാർട്ടിയിലെ ഭിന്നതകൾക്ക് ഉപരി ഇപ്പോഴത്തെ സംസ്ഥാന നേതൃത്വവുമായി ഉള്ള അകൽച്ച തന്നെയാണ് പത്മജയുടെ ഈ മാറ്റത്തിന് പിന്നിലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പ്രത്യേകിച്ച് പല ഘട്ടങ്ങളിലും നേതൃത്വം തന്നെ അവഗണയിച്ചുവെന്ന് പത്മജ കരുതുന്ന സാഹചര്യത്തിലാണ് അവർ അടുത്ത വഴി വെട്ടിത്തെളിക്കുന്നത്.

ദേശീയ ശ്രദ്ധയാകർഷിച്ച ഒരു കോൺഗ്രസ് നേതാവിന്റെ മകൾ എന്നതിലുപരി നിലവിൽ പാർലമെന്റ് അംഗമായ കെ മുരളീധരന്റെ സഹോദരി എന്ന പരിഗണന കൂടി കണക്കിലെടുത്താണ് കേന്ദ്ര നേതൃത്വം നേരിട്ട് പത്മജയെ ആനയിച്ചു കൊണ്ട് വരുന്നത്. പത്മജയെ കൂടാരത്തിൽ എത്തിക്കാനുള്ള നീക്കങ്ങൾ എല്ലാം നടന്നത് ദേശീയ തലത്തിൽ തന്നെയായിരുന്നു എന്നത് ഇതുവരെയുള്ള ചിത്രത്തിൽ നിന്ന് വ്യക്തമാണ്.
മുൻപ് മുൻ കേന്ദ്രമന്ത്രി ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപിയിൽ എത്തിച്ചതും ഇത്തരത്തിൽ കേന്ദ്ര നേതൃത്വം എടുത്ത സമീപനത്തിന്റെ ഭാഗമായിരുന്നു. സംസ്ഥാന നേതൃത്വം അവസാനം നിമിഷമാണ് അനിലിന്റെ വരവ് അറിഞ്ഞത് പോലും. പത്മജയുടെ കാര്യത്തിൽ വാർത്തകൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ കാര്യമായ പങ്ക് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് ഇല്ലെന്നാണ് സൂചന.
ഇത്ര തിടുക്കപ്പെട്ട് പത്മജയെ ബിജെപിയിൽ എത്തിക്കുന്നതിന് മറ്റൊരു കാരണം കൂടി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ എന്ത് വിലകൊടുത്തും ജയിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ കേന്ദ്ര നേതൃത്വത്തിന്റെ പ്രഥമ ലക്ഷ്യം. ഈ ഘട്ടത്തിൽ തൃശൂർ പ്രവർത്തന മണ്ഡലമാക്കിയ, അവിടെ ബന്ധങ്ങളുള്ള പത്മജയെ കൂടെ നിർത്തിയാൽ ഗുണം ചെയ്യുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
അതുകൊണ്ട് തന്നെയാണ് നേരിട്ട് കേന്ദ്ര തലത്തിൽ ചരടുവലി നടത്തിയത്. സുരേഷ് ഗോപിക്ക് വേണ്ടി പത്മജയെ പ്രചാരണത്തിന് ഇറക്കിയാൽ കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്താം എന്നാണ് ബിജെപി കരുതുന്നത്. കരുണാകരന്റെ മകൾ എന്നതിലുപരി പത്മജയിൽ അവർ കാണുന്ന പ്രാധാന്യവും അത് തന്നെയാണെന്ന് പറഞ്ഞാലും അതിശയോക്തി ആവില്ല.
ഇനി അറിയാനുള്ളത് ബിജെപി പത്മജയ്ക്ക് എന്ത് പദവി നൽകും എന്നതാണ്. രണ്ടാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കാനിരിക്കെ അതിൽ സർപ്രൈസായി പത്മജയുടെ പേര് വരുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ദേശീയ തലത്തിൽ തന്നെ താക്കോൽ സ്ഥാനത്തെ ഭാരവാഹിത്വം അവർക്ക് വാഗ്‌ദാനം ചെയ്‌തേക്കും. അത് പത്മജയ്ക്ക് സ്വീകാര്യമാവാനാണ് സാധ്യത.












Click it and Unblock the Notifications