രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു: പൊലീസ് സിപിഎമ്മിന്റെ ശിങ്കിടികളായി മാറിയെന്ന് കെ സുരേന്ദ്രന്‍
ചെങ്ങന്നൂർ: കേരളത്തിലെ പൊലീസ് സി പി എമ്മിന്റെ ശിങ്കിടികളായി മാറിയെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ആറന്മുളയിൽ അനീഷ് എന്ന യുവാവിനെ പുലർച്ചെ വീട് വളഞ്ഞ് പ്രായമായ അച്ഛന്റെയും അമ്മയുടേയും മുമ്പിൽ വെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അറസ്റ്റ് ചെയ്തു തൃശ്ശൂരിൽ ജയിലിലടച്ച സംഭവം പ്രതിഷേധാർഹമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.
സി പി എമ്മിന്റെ ശിങ്കിടികളായാണ് പൊലീസ് പെരുമാറുന്നതെന്നും അനീഷിന്റെ അമ്മയെ ചെങ്ങന്നൂർ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കൊടുംകുറ്റവാളികളെ സംരക്ഷിക്കുകയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയുമാണ് പൊലീസ് ചെയ്യുന്നത്. ന്യായമായ പരാതികൾ പൊലീസ് അവഗണിക്കുകയാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ അപമാനിച്ചാൽ കേസെടുക്കാത്ത പൊലീസ് സി പി എം നേതാക്കളുടെ പരാതിയിൽ മാത്രമാണ് കേസെടുക്കുന്നത്. ഇത് അംഗീകരിച്ചു തരാൻ ബി ജെ പി തയ്യാറല്ല. ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് സമാനമായ രീതിയിൽ മന്ത്രി ശിവൻകുട്ടിക്കെതിരെ പോസ്റ്റിട്ടതിന്റെ പേരിൽ കൊല്ലം പോരുവഴി പഞ്ചായത്ത് മെമ്പറെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. സി പി എമ്മിനും സർക്കാരിനുമെതിരെ ആരും മിണ്ടരുതെന്നാണ് പൊലീസ് പറയുന്നത്. വ്യാജരേഖ ചമച്ച് ജോലി നേടിയവരെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്ത പൊലീസാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താൽ അറസ്റ്റ് ചെയ്യുന്നത്. പരീക്ഷ എഴുതാതെ പാസായ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടിയില്ല. മയക്കുമരുന്ന് കടത്തുന്ന ഡി വൈ എഫ് ഐ നേതാക്കൾക്കെതിരെ ഒരു നടപടിയുമില്ല. കേരളം മുഴുവൻ പൊലീസിന്റെ നരനായാട്ടാണ് നടക്കുന്നതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാർ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ഐ ടി / സോഷ്യൽ മീഡിയ സംസ്ഥാന കൺവീനർ എസ് ജയശങ്കർ, സഹ കൺവീനർ അനിൽ കുമാർ, ജനറൽ സെക്രട്ടറിമാരായ കെ ബിനു മോൻ, പ്രദീപ് അയിരൂർ, മണ്ഡലം പ്രസിഡൻ്റ് മാരായ പ്രമോദ് കാരയ്ക്കാട്, ദീപ ജി നായർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, അജി ആർ നായർ, ബൈജു കോട്ട തുടങ്ങിയവരു സുരേന്ദന് ഒപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications