Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈദരലി തങ്ങള്‍ വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിച്ച നേതാവെന്ന് മുഖ്യമന്ത്രി: അനുസ്മരിച്ച് പ്രമുഖർ

മലപ്പുറം: അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷനും സാമുദായിക നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് രാഷ്ട്രീയ-സാമൂഹിക-സംസ്കാരിക രംഗത്തെ പ്രമുഖർ. മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു തങ്ങളുടേതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിക്കുന്നത്. 'ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം. മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നു.'-മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങൾ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു. ശ്രീ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നു-മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

vdsatheesha

കേരളത്തെ വേദനിപ്പിക്കുന്ന വിയോഗമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ആത്മീയ രാഷ്ട്രീയ നേതൃത്വത്തിന് അപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങൾ ശ്രദ്ധ വച്ചു. പാവപ്പെട്ടവന്റെ ദു:ഖം സ്വന്തം ദുഖമായി കണ്ടു. ഉദാത്തമായ മതനിരപേക്ഷ നിലപാട് തങ്ങൾ ഉയർത്തി പിടിച്ചു. മൃദുഭാക്ഷി ആയിരുന്നുവെങ്കിലും കാർക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു ഹൈദരലി തങ്ങളുടേത്. വ്യക്തിപരമായി എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും അളവില്ലാത്തതാണ്. കേരളീയ സമൂഹത്തിന് മുന്നിൽ ഒരു ശൂന്യത സൃഷ്ടിക്കുന്നതാണ് ശിഖാബ് തങ്ങളുടെ വിയോഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തൊരു ലുക്കാണ് മഞ്ജു ചേച്ചി ഇത്, ചിരി ഒരു രക്ഷയും ഇല്ല: വൈറലായി മഞ്ജു വാര്യറുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍

മറ്റ് പ്രമുഖരുടെ ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണങ്ങള്‍

കെ സുധാകരന്‍-കെപിസിസി അധ്യക്ഷന്‍

മതനിരപേക്ഷ കേരളത്തിൻ്റെ കാവൽക്കാരിൽ ഒരാൾ കൂടി യാത്രയായിരിക്കുന്നു. പ്രിയ ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട. വർഗ്ഗീയ ശക്തികൾ ഈ മണ്ണിൽ വേരുറപ്പിക്കാതിരിക്കാൻ, കലാപകലുഷിത അന്തരീക്ഷം കേരളത്തിലുണ്ടാകാതിരിക്കാൻ ജീവിതത്തിലുടനീളം പോരാടിയ സ്നേഹ നക്ഷത്രമാണ് നമ്മെ വിട്ടുപിരിയുന്നത്. രാഷ്ട്രീയ കേരളത്തിൻ്റെ ഓർമകളിൽ സൂര്യനെപ്പോലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജ്വലിച്ചു നിൽക്കും.

വിഎം സുധീരന്‍-മുന്‍ കെപിസിസി അധ്യക്ഷന്‍

ആദരണീയനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ അതിയായി ദുഖിക്കുന്നു. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായ അദ്ദേഹം കക്ഷിരാഷ്ട്രീയത്തിനതീതമായി സർവരാലും അംഗീകരിക്കപ്പെട്ട സമുന്നത വ്യക്തിത്വമായിരുന്നു.മനുഷ്യനന്മയെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് എക്കാലവും നേതൃത്വം നൽകിയ തങ്ങളുടെ വേർപാട് കേരളീയ പൊതുസമൂഹത്തിന് തീരാനഷ്ടമാണ്. പ്രിയപ്പെട്ട ഹൈദരലി ശിഹാബ് തങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ശോഭാ സുരേന്ദ്രന്‍-ബിജെപി നേതാവ്

രാഷ്ട്രീയ വിയോജിപ്പുകളോട് തുല്യത ഇല്ലാത്ത സൗമ്യപ്രതികരണത്തിന്റെ അന്തസ്സ് പ്രകടിപ്പിച്ച നേതാവിനെയാണ് ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ കേരളത്തിനു നഷ്ടമാകുന്നത്. വിശ്വസിച്ച മൂല്യങ്ങളോടുള്ള പ്രതിബദ്ധത നല്‍കിയ തലയെടുപ്പും എല്ലാ മനുഷ്യരിലും നന്മയുടെ വെളിച്ചം കാണുന്ന വിനയവും ഒത്തുചേര്‍ന്ന അപൂര്‍വ മഹാരഥന്മാരുടെ നിരയിലാണ് പാണക്കാട്ടെ തങ്ങമ്മാരുടെ സ്ഥാനം എന്ന് ആവര്‍ത്തിച്ച് കാണിച്ചു തന്നവരിലൊരാള്‍. ഹൃദയവേദനയോടെ ആ മഹദ് വ്യക്തിത്വത്തിനു വിട പറയുന്നു.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ രാഷ്ട്രീയ, സാമൂഹിക ദര്‍ശനങ്ങളുമായി ഒരുവിധ അടുപ്പവും ഇല്ലാത്ത രാഷ്ട്രീയ, സാമൂഹിക ദര്‍ശനങ്ങളെയാണ് ആദരണീയനായ തങ്ങള്‍ പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ ഒരിക്കലും സമൂഹത്തില്‍ അന്തഛിദ്രം ഉണ്ടാക്കാന്‍ ഉതകുന്ന വിധമുള്ള ആഹ്വാനങ്ങള്‍ക്ക് ആ വിയോജിപ്പുകള്‍ അദ്ദേഹം കാരണമാക്കിയില്ല. ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും വിദ്വേഷത്തിന്റെ കണികയില്ലാതെ പ്രകടിപ്പിക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തി എന്നത് അനുഭവമാണ്; നിസ്സാരമല്ലാത്ത ജാഗ്രതയായിരുന്നു അത്. മാതൃകാ പൊതുജീവിതത്തിന്റെ കാലാതിവര്‍ത്തിയായ ഉദാഹരണമായി പാണക്കാട് തങ്ങളുടെ ജീവിതം ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഈ വിയോഗവേദന താങ്ങാനുള്ള കരുത്ത് സര്‍വേശ്വരന്‍ നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+