Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെ വിറപ്പിച്ച ചെറിയാന്‍... കോണ്‍ഗ്രസുകാരെ അമ്പരപ്പിച്ചു; മടങ്ങിവരില്ലേ? മറുപടി നല്‍കി

തിരുവനന്തപുരം: ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ വരുന്നതിനിടെ അദ്ദേഹവുമായുള്ള പഴയ ഓര്‍മകള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ഡോ. എസ്എസ് ലാല്‍. പഠനകാലത്ത് ചെറിയാനില്‍ കണ്ട വ്യക്തിത്വവും നിലപാടിലെ സ്പഷ്ടതയുമെല്ലാം ഏറെ ആകര്‍ഷിച്ചിരുന്നുവെന്ന് അദ്ദേഹം കുറിക്കുന്നു. കാര്യങ്ങള്‍ പഠിച്ച ശേഷം അവതരിപ്പിക്കുക എന്നതായിരുന്നു ചെറിയാന്റെ സവിശേഷത.

എകെജി സെന്റര്‍ യൂണിവേഴ്‌സിറ്റിയുടെ ഭൂമി കൈയ്യേറി എന്ന വിഷയത്തില്‍ സിപിഎമ്മിനെ ഞെട്ടിച്ച സമരത്തിന് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു ചെറിയാന്‍. താന്‍ ആഗ്രഹിച്ച സീറ്റ് കിട്ടാതെ വന്നപ്പോള്‍ ഇടത് പിന്തുണയോടെ ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മല്‍സരിക്കാന്‍ ചെറിയാന്‍ തയ്യാറായപ്പോള്‍ കോണ്‍ഗ്രസുകാര്‍ അന്തംവിട്ടു നിന്നുപോയിട്ടുണ്ട്. എതിര്‍ ചേരിയിലുള്ളവരോടും വളരെ മാന്യമായ പെരുമാറ്റമായിരുന്നു ചെറിയാന്റെ പ്രത്യേകതയെന്ന് എസ്എസ് ലാല്‍ പറയുന്നു.

വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ആ ബന്ധം നിലനിന്നു. എങ്കിലും തിരിച്ച് കോണ്‍ഗ്രസിലേക്ക് വരില്ലേ എന്ന് ചോദിച്ചിരുന്നില്ല. മാത്രമല്ല, രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കുന്നതും കുറഞ്ഞു. അടുത്ത കാലത്ത് ഞാന്‍ ആ ചോദ്യം ചെറിയാനോട് ചോദിച്ചു. തിരിച്ച് കോണ്‍ഗ്രസിലേക്ക് വരില്ലേ എന്ന്. അദ്ദേഹം അതിന് മറുപടിയും നല്‍കി.... പിന്നിട്ട വഴികളിലെ ചെറിയാനുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവങ്ങളും വ്യക്തിപരമായ കാര്യങ്ങളും സൂചിപ്പിച്ചുള്ള എസ്എസ് ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം....

1

ഞാനറിയുന്ന ചെറിയാന്‍ ഫിലിപ്പ്
ചെറിയാന്‍ ഫിലിപ്പിനെ വളരെ അടുത്തറിയാന്‍ അവസരം കിട്ടിയിട്ടുള്ള ഒരാളാണ് ഞാന്‍. വലിയ നേതാവായിരിക്കുമ്പോഴും വൃക്തികളുമായി ഒരു പരിധിക്കപ്പുറം അടുക്കാത്ത നേതാവായിരുന്നു ചെറിയാന്‍. ഒരു കാലത്ത് സ്വന്തം വ്യക്തിത്വത്തിനും ഇമേജിനും പോറലേല്‍ക്കാതിരിക്കാന്‍ കൃത്യമായി ശ്രദ്ധിച്ചിരുന്ന നേതാവ്. അതുകൊണ്ടാണ് ചെറിയാനുമായി അടുക്കാന്‍ കഴിഞ്ഞത് ഒരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്. രാഷ്ട്രീയമായി തുടങ്ങിയ ബന്ധം ഒടുവില്‍ സ്വകാര്യ - കുടുംബ ഡോക്ടര്‍ എന്ന നിലയില്‍ വരെ എത്തി. 1981 - ലാണ് ഞാന്‍ ചെറിയാനെ ആദ്യമായി അടുത്ത് കണ്ടത്. യൂണിവേഴ്‌സിറ്റി കോളേജില്‍ ഞാന്‍ ചെയര്‍മാനായി മത്സരിക്കുമ്പോള്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രസംഗിക്കാന്‍ വന്നപ്പോള്‍. മെഡിക്കല്‍ കോളേജില്‍ പഠിച്ചപ്പോഴും ആ ബന്ധം തുടര്‍ന്നു.

2

1987-ല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഞാന്‍ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായിരുന്നു. അന്ന് ചെറിയാനും സെനറ്റില്‍ ഉണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്ന് സി.പി.എം - നെ രാഷ്ട്രീയമായി തീര്‍ത്തും വെട്ടിലാക്കിയ ഒരു പ്രക്ഷോഭം നടന്നിരുന്നു. യൂണിവേഴ്‌സിറ്റിയുടെ കുറച്ചധികം ഭൂമി എ.കെ.ജി സെന്റര്‍ കൈയേറിയെന്ന വിവാദത്തെത്തുടര്‍ന്നുള്ള പ്രക്ഷോഭം. യു.ഡി.എഫ് മന്ത്രിസഭ അനുവദിച്ചു നല്‍കിയ ഭൂമി കൂടാതെ യൂണിവേഴ്‌സിറ്റിയുടെ ഭൂമി കൂടി സി.പി.എം കൈയേറി എന്നതായിരുന്നു വിവാദ വിഷയം. ചെറിയാന്റെ നേതൃത്വത്തില്‍ ഒരുപാട് നാള്‍ ആ വിഷയം കേരളത്തില്‍ കത്തി നിന്നു. യൂണിവേഴ്‌സിറ്റി സെനറ്റിലും അതിന്റെ മാറ്റൊലികള്‍ ഉണ്ടായി. എന്നെപ്പോലെയുള്ള കെ.എസ്.യു പ്രതിനിധികളായ സെനറ്റ് അംഗങ്ങളെ ചെറിയാന്‍ ആ പ്രക്ഷോഭത്തില്‍ അണിചേര്‍ത്തു.

3

സംഘടനാ ശേഷിയും കായികശക്തിയും ഒരുപോലെയുള്ള സി.പി.എം - നെതിരെ രാഷ്ടീയ യുദ്ധം നടത്താന്‍ കഴിയുമെന്ന് ചെറിയാന്‍ ഞങ്ങള്‍ക്കു മുന്നില്‍ തെളിയിക്കുകയായിരുന്നു. ഒരു വിഷയം എങ്ങനെ കൃത്യമായും വിശദമായും പഠിച്ച് അവതരിപ്പിക്കണമെന്ന കാര്യത്തില്‍ ചെറിയാന്‍ അന്ന് ഞങ്ങള്‍ക്ക് മാതൃകയായി.
മെഡിസിന്‍ പാസായിക്കഴിഞ്ഞപ്പോള്‍ ചെറിയാന്‍ നയിച്ച കേരള ദേശീയ വേദിയുടെ മെഡിക്കല്‍ കണ്‍വീനറായി അദ്ദേഹം എന്നെ ഉള്‍പ്പെടുത്തി. ആ ഉത്തരവാദിത്വവും വലിയ അനുഭവമായിരുന്നു. പിന്നീട് ശ്രീ. എ.കെ. ആന്റണി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഞങ്ങള്‍ സ്ഥിരമായി കണ്ടുമുട്ടിയിരുന്നു.

4

ചെറിയാന്റെ 'കാല്‍ നൂറ്റാണ്ട്' പുസ്തക പ്രകാശന ചടങ്ങില്‍ ഇ.എം.എസ് ചെറിയാനെ പ്രശംസിച്ച് സംസാരിച്ച വരികള്‍ ഇന്നും മനസിലുണ്ട്. കോണ്‍ഗ്രസുകാരെക്കൊണ്ട് നിറഞ്ഞിരുന്ന സെനറ്റ് ഹാളിന് അതൊരു പുതിയ അനുഭവമായിരുന്നു. രാഷ്ട്രീയമായി എതിര്‍ ചേരികളില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായി പരസ്പര ബഹുമാനം വേണ്ടതിന്റെ പാഠങ്ങള്‍. ചെറിയാന്‍ ഇ.എം.എസ് - നെ ക്ഷണിച്ചതും ഇ.എം.എസ് അവിടെ വന്നതും ഉദാത്ത മാതൃകകളായി.

5

താന്‍ ആഗ്രഹിച്ച അസംബ്ലി സീറ്റ് കിട്ടാത്ത രോഷത്തില്‍ ഒരു സുപ്രഭാതത്തില്‍ രാഷ്ടീയ നിലപാട് മാറ്റി ചെറിയാന്‍ എല്‍.ഡി.എഫ് പിന്തുണയോടെ പുതുപ്പള്ളിയില്‍ ശ്രീ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം അന്തംവിട്ടു നിന്നു പോയി. ചെറിയാനില്‍ നിന്നും രാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ - ആദര്‍ശത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ - പഠിച്ച ഞങ്ങള്‍ ഒരുപാട് പേര്‍ വല്ലാതെ ദുഃഖിച്ചു. എന്നെപ്പോലെയുള്ളവര്‍ക്ക് അതൊരു വലിയ മനോവേദനയായിരുന്നു.

6

ചെറിയാന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുമ്പോഴും വ്യക്തിപരമായി അദ്ദേഹത്തെ ആക്രമിക്കാതിരിക്കാന്‍ ചെറുപ്പക്കാരായ ഞങ്ങള്‍ ഓരോരുത്തരും ശ്രദ്ധിച്ചത് അദ്ദേഹം തന്നെ പഠിപ്പിച്ച പാഠങ്ങള്‍ ഓര്‍ത്തത് കൊണ്ടായിരുന്നു. പിന്നീട് കൈരളി ടെലിവിഷനില്‍ ഉള്‍പ്പെടെ വന്ന് അദ്ദേഹം ശ്രീ. എ.കെ ആന്റണിയെയും ശ്രീ. ഉമ്മന്‍ ചാണ്ടിയെയും ഒക്കെ കടന്നാക്രമിച്ചപ്പോഴും അതേ നിലവാരത്തില്‍ ഞങ്ങള്‍ മറുപടി പറയാതിരുന്നതും ഒന്നും വിളിച്ചു പറയാതിരുന്നതും അദ്ദേഹം കൂടി പഠിപ്പിച്ച രാഷ്ട്രീയ മാന്യത കാരണമായിരുന്നു. പിന്നെ ഒരു കാലത്ത് അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നതു കൊണ്ടും.

7

ഇടതുമുന്നണിയുടെ ഭാഗമായിക്കഴിഞ്ഞിട്ടും ഞങ്ങള്‍ പലരുമായും ചെറിയാന്‍ വ്യക്തി ബന്ധം സൂക്ഷിച്ചു. കെ.റ്റി.ഡി.സി - യില്‍ ഒക്കെ അദ്ദേഹം ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കും പ്രാപ്യനായിരുന്നു. സുതാര്യമായ ഇടപാടുകളില്‍ മാത്രം ഞങ്ങളും അദ്ദേഹത്തെ സമീപിച്ചിരുന്നു. ആവശ്യപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം ഇടപെടല്‍ നടത്തുകയും ചെയ്തു. രാഷ്ട്രീയ ചുവടുമാറ്റം നടത്തിയതിന് ശേഷം അദ്ദേഹത്തെ കാണുമ്പോള്‍ ഒരിക്കലും രാഷ്ട്രീയം സംസാരിക്കാതിരിക്കാന്‍ ഞാനും ശ്രമിച്ചിരുന്നു. രണ്ടു വശത്തും വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കാനായി. പിന്നീട് ഒരുപാട് നാള്‍ ഞങ്ങള്‍ നേരില്‍ കണ്ടിരുന്നില്ല. ഇടയ്ക്ക് ഫോണില്‍ സംസാരിക്കുമായിരുന്നു.

മുട്ടയിടുന്ന പൂവന്‍കോഴി; ഭാര്യ കിളിക്ക് രമേശ് പിഷാരടിയുടെ വക 'കോഴി' കേക്ക്; ചിരി അടക്കാനാകാതെ ആരാധകര്‍

8

വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ബ്ലോക്കില്‍ കണ്ടുമുട്ടിയപ്പോള്‍ താഴത്തെ നിലയിലെ അദ്ദേഹത്തിന്റെ ഓഫീസിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. അദ്ദേഹം അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചിരിക്കുന്ന സന്തോഷം വാക്കുകളില്‍ നിഴലിച്ചു. എങ്കിലും ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. നീണ്ട സംഭാഷണത്തില്‍ ഒരിക്കല്‍പ്പോലും സി.പി.എം - നെ ചെറിയാന്‍ 'എന്റെ പാര്‍ട്ടി' എന്ന് വിശേഷിപ്പിച്ചില്ല. ഇടയ്ക്ക് പല പ്രാവശ്യം 'സി.പി.എം പാര്‍ട്ടി' എന്ന് പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു. എങ്കിലും ചെറിയാനെ വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ ഒന്നും ഞാന്‍ ചോദിച്ചില്ല.

9

കഴിഞ്ഞ മാസം ചെറിയാന്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. അടിയന്തിര ചികിത്സ ആവശ്യമായ ഒരു വൃദ്ധന് ഒരു ആശുപത്രിയില്‍ മുറി സംഘടിപ്പിക്കാനായി. അദ്ദേഹത്തിന് നേരിട്ട് പരിചയമില്ലാത്ത ഒരു രോഗിക്ക് വേണ്ടി. ഞാനത് ചെയ്തു കൊടുത്തു. സാധാരണക്കാരായ മനുഷ്യരുടെ അടിയന്തിരാവശ്യങ്ങളില്‍ ഇടപെടാന്‍ ചെറിയാന്‍ ഇപ്പോഴും സമയം കണ്ടെത്തുന്നതില്‍ മതിപ്പ് തോന്നി. അതിന് ശേഷം ഒരു പ്രാവശ്യം ഫോണില്‍ സംസാരിച്ചപ്പോള്‍ ഒരുപാട് വര്‍ഷങ്ങള്‍ ഞാന്‍ മാറ്റിവച്ച ആ ചോദ്യം അന്ന് ചെറിയാനോട് ചോദിച്ചു. പാര്‍ട്ടിയിലേയ്ക്ക് മടങ്ങി വരില്ലേ എന്ന്. ചെറിയാന്‍ അതിന് മറുപടി നല്‍കി. എന്തായിരുന്നു മറുപടിയെന്ന് ഇവിടെ എഴുതുന്നില്ല. ചെറിയാന്‍ അനുവദിക്കുകയാണെങ്കില്‍ പിന്നീട് എഴുതാം.

10

ചെറിയാന്റെ രാഷ്ട്രീയ നിലപാടുകള്‍ മാറുന്നുവെന്ന തരത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ അടുത്ത കാലത്തായി നടക്കുന്നുണ്ട്. ചെറിയാന്‍ പ്രഖ്യാപിച്ച യൂട്യൂബ് ചാനല്‍ ഇന്ന് വലിയ വാര്‍ത്തയായിക്കഴിഞ്ഞു. അതാണ് ഇത്രയും എഴുതാന്‍ പ്രേരണയായത്. ഒരു കാര്യം പറയാം. ചെറിയാന്‍ ഇടതുപക്ഷത്ത് നില്‍ക്കുമ്പോഴും ഉള്ളില്‍ കോണ്‍ഗ്രസുകാരനായിരുന്നു. വ്യക്തിപരമായി ഇടപെടുമ്പോള്‍ അതായിരുന്നു അനുഭവം. ശരീര ഭാഷയും ശബ്ദവും പഴയത് തന്നെ. എന്നാല്‍ രാഷ്ട്രീയ രംഗത്ത് താനര്‍ഹിച്ച സ്ഥാനങ്ങള്‍ ലഭിക്കാതെ പോയപ്പോള്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ച രീതി ചെറിയാന്‍ തന്നെ പ്രചരിപ്പിച്ച കോണ്‍ഗ്രസ് മാതൃകയായിരുന്നില്ല. അക്കാര്യത്തിലാണ് ചെറിയാനോട് ഞങ്ങള്‍ക്ക് എതിര്‍പ്പും വിഷമവും തോന്നിയിട്ടുള്ളത്. ചെറിയാന്‍ ഏത് പക്ഷത്ത് നിന്നാലും ചില നല്ല മാതൃകകള്‍ കളങ്കമില്ലാതെ അദ്ദേഹത്തില്‍ ബാക്കി നില്‍ക്കും. അതില്‍ പ്രധാനം മനുഷ്യരോട് നന്നായി പെരുമാറുക എന്നതാണ്. കൂടാതെ, രാഷ്ട്രീയ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഗൃഹപാഠം ചെയ്യേണ്ടതിന്റെ ആവശ്യകതയും.
ഡോ: എസ്.എസ്. ലാല്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+