'മോദിയുടെയും അമിത് ഷായുടെയും നേർക്കുനേർ നിന്ന് സത്യം വിളിച്ചു പറഞ്ഞിട്ടുണ്ട്..'; ടിഎൻ പ്രതാപൻ
തൃശൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിൽ പോരാട്ടം കനക്കുമെന്ന് ഉറപ്പായ സ്ഥിതിക്ക് ടിഎൻ പ്രതാപൻ എംപിയും ബിജെപിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. പാർലമെന്റിൽ ചെന്ന് മോദിയുടെയും അമിത് ഷായുടെയും നേർക്കുനേർ നിന്ന് സത്യം വിളിച്ചു പറഞ്ഞിട്ടുള്ള ആളാണ് താനെന്നായിരുന്നു പ്രതാപന്റെ പ്രസ്‌താവന.
"പാർലമെന്റിൽ ചെന്ന് മോദിയുടെയും അമിത് ഷായുടെയും നേർക്ക് നേർക്കുനിന്ന് സത്യം വിളിച്ചു പറഞ്ഞിട്ടുണ്ട്. മുഖത്തു നോക്കി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. സ്‌കൂൾ കാലം മുതൽക്കേ ആർഎസ്എസ് ഗുണ്ടകളെ കണ്ടും നേരിട്ടും വളർന്നുവന്ന പൊതുപ്രവർത്തകനാണ് ഞാൻ. സത്യത്തിനൊപ്പമാണ് ഞാൻ." ടിഎൻ പ്രതാപൻ തന്റെ ഫേസ്‍ബുക്ക് പോസ്‌റ്റിൽ കുറിച്ചു.

'വെറുപ്പിന്റെ ഉപാസകരെ ഒരിക്കലും പേടിക്കില്ല. അവരോട് മരണം വരെ സന്ധിയുമില്ല. അതുകൊണ്ട്, ബിജെപി പ്രസിഡന്റിന്റെ ഭീഷണി എന്റെ അടുത്ത് വേണ്ട. മതനിരപേക്ഷതയും ജനാധിപത്യവും സോഷ്യലിസവും ഭരണഘടനയാൽ ഞാനേറ്റെടുത്ത എന്റെ ജീവിത മന്ത്രമാണ്. എന്റെ പൊതുജീവിതത്തിന് ഒരു ആർഎസ്എസുകാരന്റെയും സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട. ഗാന്ധിഘാതകരുടെ വോട്ടും വേണ്ട.' പ്രതാപൻ തന്റെ നിലപാട് വ്യക്തമാക്കി.
നിരോധിക്കപ്പെട്ട പിഎഫ്ഐ അംഗങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ടിഎൻ പ്രതാപൻ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. പിഎഫ്ഐ അംഗങ്ങളാണ് പ്രതാപന്റെ ശിങ്കിടികളെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. ഇതിന് മറുപടിയായാണ് പ്രതാപൻ രംഗത്തെത്തിയത്.
നേരത്തെ തൃശൂരിൽ മോദിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ ചാണകവെള്ളം തളിച്ചുകൊണ്ടുള്ള സമരത്തെ പ്രതാപൻ തള്ളിപ്പറഞ്ഞിരുന്നു. ചാണകവെള്ളം തളിച്ച സമരത്തോട് യോജിപ്പില്ലെന്നായിരുന്നു പ്രതാപൻ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വേദിക്കരികിൽ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണക വെള്ളം തളിച്ച് സമരം നടത്തിയത്.
ടിഎൻ പ്രതാപന്റെ ഫേസ്ബുക്ക് പോസ്‌റ്റ്:
പാർലമെന്റിൽ ചെന്ന് മോദിയുടെയും അമിത് ഷായുടെയും നേർക്ക് നേർക്കുനിന്ന് സത്യം വിളിച്ചു പറഞ്ഞിട്ടുണ്ട്. മുഖത്തു നോക്കി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. സ്‌കൂൾ കാലം മുതൽക്കേ ആർഎസ്എസ് ഗുണ്ടകളെ കണ്ടും നേരിട്ടും വളർന്നുവന്ന പൊതുപ്രവർത്തകനാണ് ഞാൻ. സത്യത്തിനൊപ്പമാണ് ഞാൻ. വെറുപ്പിന്റെ ഉപാസകരെ ഒരിക്കലും പേടിക്കില്ല.
അവരോട് മരണം വരെ സന്ധിയുമില്ല. അതുകൊണ്ട്, ബിജെപി പ്രസിഡന്റിന്റെ ഭീഷണി എന്റെ അടുത്ത് വേണ്ട. മതനിരപേക്ഷതയും ജനാധിപത്യവും സോഷ്യലിസവും ഭരണഘടനയാൽ ഞാനേറ്റെടുത്ത എന്റെ ജീവിത മന്ത്രമാണ്. എന്റെ പൊതുജീവിതത്തിന് ഒരു ആർഎസ്എസുകാരന്റെയും സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട. ഗാന്ധിഘാതകരുടെ വോട്ടും വേണ്ട.












Click it and Unblock the Notifications