എനിക്ക് വനിതാ ഇമാമാകണ്ട, ഖുതുബക്ക് നേതൃത്വവും നല്‍കേണ്ട; പക്ഷേ, ആ പള്ളിപ്പറമ്പില്‍ പോണം
എന്നാല്‍ ലൈക്ക് കിട്ടാനുള്ള തന്ത്രമായി റജീനയുടെ പോസ്റ്റിനെ കാണുന്നവരുമുണ്ട്.
ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ നേതാവ് ജാമിദ വണ്ടൂരില്‍ വെള്ളിയാഴ്ച ജുമുഅക്ക് ഇമാമായി എന്ന വാര്‍ത്തയുടെ അലയൊലികള്‍ വിട്ടൊഴിഞ്ഞിട്ടില്ല. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമടക്കം സോഷ്യല്‍ മീഡിയ നിരവധി ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത്. സ്ത്രീക്ക് നമസ്‌കാരത്തിന് നേതൃത്വം കൊടുക്കാന്‍ കഴിയുമോ എന്ന ചോദ്യം മുതല്‍ ജാമിദ ചുരിദാറിട്ട് പുരുഷന്‍മാര്‍ക്ക് മുന്നില്‍ നിന്ന് നമസ്‌ക്കരിച്ചത് വരെ അശ്ലീലം കലര്‍ത്തിയും അല്ലാതെയും പലരും ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് എനിക്ക് ജുമുഅ ഖുതുബക്ക് ഇമാമാകേണ്ട എന്ന മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ് വന്നിരിക്കുന്നത്. പക്ഷേ, അവര്‍ക്ക് പള്ളിപ്പറമ്പില്‍ പോയി മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന ആഗ്രഹവും കുറിപ്പില്‍ പങ്കുവയ്ക്കുന്നു....

ബാങ്ക് വിളിക്കേണ്ട
മാധ്യമപ്രവര്‍ത്തക വിപി റജീനയാണ് തന്റെ ആഗ്രഹം ഫേസ്ബുക്ക് വഴി തുറന്നുപറഞ്ഞിരിക്കുന്നത്. എനിക്ക് ബാങ്ക് വിളിക്കണമെന്ന ആഗ്രഹമില്ലെന്നും ഖുതുബക്ക് നേതൃത്വം നല്‍കണമെന്നില്ലെന്നും റജീന പറയുന്നു. പക്ഷേ, ഒരു ആഗ്രഹം ബാക്കിയാണെന്നും അവര്‍ സൂചിപ്പിക്കുന്നു.

പ്രിയപ്പെട്ടവരുടെ ഖബര്‍സ്ഥാനില്‍
മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ഖബര്‍സ്ഥാനില്‍ പോയി പ്രാര്‍ഥിക്കണമെന്നാണ് റജീന ആഗ്രഹമായി പറയുന്നത്. പള്ളിപ്പറമ്പിലെ ഖബര്‍സ്ഥാനില്‍ പോയി ഒന്ന് നില്‍ക്കണമെന്നും മരിച്ചവര്‍ക്ക് വേണ്ടി രണ്ടുവരി പ്രാര്‍ഥിക്കണമെന്നും റജീന ആഗ്രഹം പങ്കുവയ്ക്കുന്നു.

പൂര്‍ണ രൂപം ഇങ്ങനെ
റജീനയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്. എനിക്ക് ബാങ്ക് വിളിക്കണമെന്നില്ല, ജുമുഅ ഖുത്തുബക്ക് നേതൃത്വം നല്‍കണമെന്നില്ല. പക്ഷെ, ഒരാഗ്രഹമുണ്ട്. ഒരു മാപിനികൊണ്ടും അളന്ന് അതിര് തിട്ടപ്പെടുത്താനാവാത്ത ആഗ്രഹമെന്ന് പറഞ്ഞാണ് റജീന ഉള്ളു തുറക്കുന്നത്.

ചുടുതുള്ളികള്‍
എന്റെ ദേഹിയും ദേഹവും വേര്‍പിരിയുംമുമ്പ്, എന്റെ പ്രിയപ്പെട്ടവര്‍ നിത്യയുറക്കത്തിലാണ്ട ആ പള്ളിപ്പറമ്പില്‍ ഒന്നു ചെന്നു നിക്കണം. അവര്‍ക്കായി രണ്ടുവരി പ്രാര്‍ഥനകള്‍ ഉരുവിടണം. ഇത്രയും കാലം ഉള്ളില്‍ കാത്തുവെച്ച രണ്ടു ചുടുതുള്ളികള്‍ കണ്ണീരായി എനിക്കവിടെ പൊഴിക്കണം. അല്‍പ നേരം കണ്ണടച്ച് ഞാനും അവരും മാത്രമുള്ള ആ ഭൂതകാലത്തിലൂടെ സഞ്ചരിക്കണം...അത്രമാത്രമെന്ന് സൂചിപ്പിച്ച് പോസ്റ്റ് അവസാനിക്കുന്നു.

പോകുന്നത് വിരളമാണ്
സാധാരണ പള്ളിപ്പറമ്പുകളിലെ ഖബര്‍സ്ഥാനില്‍ സ്ത്രീകള്‍ പോകുന്നത് വിരളമാണ്. പുരുഷന്‍മാര്‍ പോകുന്ന പോലെ സ്ത്രീകള്‍ പോകാറില്ല. ഇക്കാര്യത്തില്‍ വിലക്കുള്ളതായി അറിയില്ലെന്നാണ് റജീനയുടെ പോസ്റ്റിനോട് പ്രതികരിച്ചവര്‍ പറയുന്നത്.

ദര്‍ഗകളിലും മറ്റും
ദര്‍ഗകളിലും മറ്റും സിയാറത്ത് നടത്താന്‍ മുസ്ലിം സ്തീകള്‍ പോകാറുണ്ട്. മഖാമുകള്‍ മഹദ് വ്യക്തികള്‍ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലമാണ്. അവിടെ സ്ത്രീകള്‍ പോകുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് പള്ളിപ്പറമ്പുകളിലെ ഖബര്‍ സ്ഥാനില്‍ ഉറ്റവര്‍ക്ക് വേണ്ടി പ്രാര്‍ഥനയ്ക്ക് പോയിക്കൂടാ എന്നും ചിലര്‍ ചോദിക്കുന്നു.

ലൈക്ക് കിട്ടാനുള്ള തന്ത്രം
വിപി റജീനയുടെ ആവശ്യം ന്യായമാണെന്നു പലരും പ്രതികരിച്ചു. എന്നാല്‍ ലൈക്ക് കിട്ടാനുള്ള തന്ത്രമായി റജീനയുടെ പോസ്റ്റിനെ കാണുന്നവരുമുണ്ട്്. അനാവശ്യ വിവാദമുണ്ടാക്കി ചര്‍ച്ച നടത്താന്‍ മാത്രമേ ഇത്തരം വാദങ്ങള്‍ ഉപകരിക്കൂവെന്ന് അഭിപ്രായപ്പെട്ടവരും നിരവധി.

ആരാ തടഞ്ഞത്
എന്നാല്‍ ഇത്തരത്തില്‍ സ്ത്രീ ഖബര്‍സ്ഥാനില്‍ പോകുന്നത് കൊണ്ട് യാതൊരു പ്രശ്‌നമില്ലെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. നിലവില്‍ പലരും പോകുന്നുണ്ട്. നിങ്ങളെ ആരാ തടഞ്ഞത് എന്നും പ്രതികരിച്ചവര്‍ ചോദിക്കുന്നു.

വിദേശരാജ്യങ്ങളില്‍
വിദേശരാജ്യങ്ങളില്‍ സ്ത്രീകള്‍ ഖബര്‍സ്ഥാനില്‍ പോകാറുണ്ടോ? ഉണ്ടെന്നാണ് റജീനയുടെ പോസ്റ്റില്‍ കമന്റിട്ടവര്‍ പറയുന്നത്. മലേഷ്യയില്‍ ഖബറടക്കല്‍ ചടങ്ങില്‍ സ്ത്രീകള്‍ പങ്കെടുക്കാറുണ്ടെന്നും പറഞ്ഞു ചിലര്‍.

പ്രവാചകന്‍ വിലക്കിയെന്ന്
അതേമസയം, സ്ത്രീകള്‍ ഖബര്‍ സിയാറത്ത് നടത്തുന്നത് പ്രവാചകന്‍ വിലക്കിയിട്ടുണ്ടെന്ന് ചില കമന്റുകളില്‍ പറയുന്നു. ഉറ്റവരുടെ ഖബറുകള്‍ കാണുമ്പോള്‍ സ്ത്രീകള്‍ മാനസികമായി തകരാന്‍ സാധ്യതയുള്ളതിനാലാണ് പ്രവാചകന്‍ നിരുല്‍സാഹപ്പെടുത്തിയതെന്നും കമന്റുകളില്‍ പറയുന്നു. എന്തായാലും ഇത്തരം കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കാനുള്ള ബാധ്യത മതപണ്ഡിതര്‍ക്കാണ്.












Click it and Unblock the Notifications