ധീരജ് വധക്കേസ്: ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം; വൈകിട്ട് പുറത്തിറങ്ങും
ഇടുക്കി: എസ് എഫ് ഐ പ്രവര്‍ത്തകൻ ധീരജിന്റെ കൊലപാതക കേസിൽ ഒന്നാം പ്രതിയായ നിഖിൽ പൈലിക്ക് കോടതി ജാമ്യം അനുവദിച്ചു. ഇടുക്കി സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്ത് 88 ദിവസങ്ങൾ പിന്നിടുമ്പോഴാണ് കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിഖിൽ പൈലി ഇന്ന് വൈകിട്ടോടെ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങും. ആകെ എട്ട് പ്രതികളാണ് ധീരജ് വധക്കേസിൽ ഉണ്ടായിരുന്നത്. കൊലക്കുറ്റം അടക്കമുള്ള കേസുകൾ ചുമത്തി ആയിരുന്നു പ്രതികൾക്ക് എതിരെ കേസെടുത്തിരുന്നത്.

യൂത്ത് കോൺഗ്രസിന്റെ വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ആണ് നിഖിൽ പൈലി. അതേസമയം കേസിലെ മറ്റ് ഏഴ് പ്രതികൾക്ക് ഇതിന് മുൻപ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം 600 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. 160 സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചില്ല എന്ന ആക്ഷേപവും നില നിൽക്കുകയാണ്.
ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകനാണ് ധീരജ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആയിരുന്നു ധീരജ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷമാണ് കൊലപാതകത്തിന് കാരണം. യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി ആണ് ധീരജിനെ കത്തി കൊണ്ട് കുത്തിയത്. സംഘർഷത്തിൽ ധീരജിന് ആഴത്തിലുള്ള കുത്തേറ്റിരുന്നു.
ഇതിന് പുറമെ ഹൃദയത്തിന് പരിക്കും പറ്റി. ഇതാണ് ധീരജിന്റെ മരണ കാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നിരുന്നു. ധീരജിനൊപ്പം മറ്റ് എസ് എഫ് ഐ നേതാക്കൾക്കും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നടന്ന സംഘർഷത്തിൽ കുത്തേറ്റു. അഭിജിത്ത് സുനിൽ, എസ് അമൽ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ സംഘർഷത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Recommended Video

അതേസമയം, വിഷയത്തിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. നിഖിൽ പൈലിയെ പിന്തുണച്ചാണ് സുധാകരൻ പ്രതികരിച്ചിരുന്നത്. ധീരജിനെ കൊലപ്പെടുത്തിയത് നിഖിൽ പൈലി അല്ലെന്നാണ് സുധാകരൻ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് ജയിലിൽ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.
താൻ പ്രതികൾക്കൊപ്പം ഉറച്ച് നിൽക്കും. സ്വയ രക്ഷ കണക്കിലെടുത്താണ് നിഖിൽ പൈലി ഓടിയത്. ധീരജിനെ നിഖിൽ പൈലി കുത്തുന്നത് ആരും കണ്ടിട്ടില്ല. കേസിലെ പ്രതികൾക്ക് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നിയമ സഹായം നൽകും. നിഖിൽ പൈലി കുത്തി എന്നതിൽ ഉറപ്പില്ലാത്തതിനാലാണ് അപലപിക്കാത്തതെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, സംഭവ സ്ഥലത്ത് നിന്നും നിഖിൽ പൈലി ഓടി രക്ഷപ്പെടുകയാണ് ചെയ്തത് ഇയാളെ എറണാകുളത്തുള്ള ബസ്സിൽ വച്ചായിരുന്നു പൊലീസ് പിടികൂടിയത്. രാഷ്ട്രീയ വിരോധത്തെ തുടർന്നാണ് ധീരജിനെ കൊലപ്പെടുത്തിയതെന്നാണ് എഫ് ഐ ആർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications