ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ അവർ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കും; എംവി ഗോവിന്ദൻ
ബിജെപി ആർഎസ്എസ് ഗുണ്ടകളെ ജനങ്ങൾ പ്രതിരോധിച്ചപ്പോൾ അർദ്ധ സൈനിക വിഭാഗങ്ങളെയും പൊലീസിനെയും ഉപയോഗിച്ച് സർക്കാർ അടിച്ചമർത്തുകയാണ്.

തിരുവനന്തപുരം: ദേശീയ രാഷ്‌ട്രീയം ഗുരുതരമായ സാഹചര്യത്തിലാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇന്ത്യയെ അവർ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കും. ഇന്ത്യ ജനാധിപത്യ ഇന്ത്യയായി തുടരണോയെന്ന ചോദ്യത്തിന് ഉത്തരമാണ് 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്. ആർഎസ്എസിന്റെയും ബിജെപിയുടെയും ഹിന്ദു സവർണരായ കോർപറേറ്റുകൾ മാത്രമാണ്. 32 കോടി പട്ടിണിപാവങ്ങളുള്ള രാജ്യത്തോടാണ് 2025ൽ രാമക്ഷേത്രം നിർമിക്കുമെന്ന് ബിജെപി സർക്കാർ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രാജ്യത്തെ എല്ലാ മേഖലകളിലും ആർഎസ്എസ് പിടിമുറുക്കി കഴിഞ്ഞു. ജ്യുഡീഷ്യറി തന്നെ കൈയടക്കാനാണ് ശ്രമം. മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായി മഹിളാമോർച്ച നേതാവിനെ നിയമിച്ചതും ഇതിന്റെ ഭാഗമാണ്. ത്രിപുരയിൽ തെരഞ്ഞെടുപ്പ് നീതിപൂർവം നടന്നാൽ ബിജെപി സർക്കാരിനെ ജനങ്ങൾ താഴെവീഴ്ത്തും. ത്രിപുരയിൽ ബിജെപി സർക്കാരിന്റേത് അർദ്ധഫാസിസ്‌റ്റ് ഭരണമാണ്.

ബിജെപി ആർഎസ്എസ് ഗുണ്ടകളെ ജനങ്ങൾ പ്രതിരോധിച്ചപ്പോൾ അർദ്ധ സൈനിക വിഭാഗങ്ങളെയും പൊലീസിനെയും ഉപയോഗിച്ച് സർക്കാർ അടിച്ചമർത്തുകയാണ്. സിപിഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടി എംഎൽഎമാർക്ക് സ്വന്തം മണ്ഡലങ്ങളിൽ പോലും പോകാനാവാത്ത സ്ഥിതിയാണ്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടെ കൊന്നൊടുക്കി. ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രം ത്രിപുരയിൽ ജയിക്കാനാകില്ല.ഇത് ഒറ്റപ്പെട്ട ഒരു ത്രിപുരയുടെ പ്രശ്‌നമല്ലെന്നും ഭാവി ഇന്ത്യയുടെ പ്രശ്നമാണെന്നും സംസ്താന സെക്രട്ടറി അഭിപ്രായപ്പെടുന്നു.
ഈമാസം ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോൾ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ഈമാസം മൂന്നിന് നിയമസഭയിൽ സംസ്ഥാന ബജറ്റും അവതരിപ്പിച്ചു. ഇരു ബജറ്റിലൂടെയും കണ്ണോടിച്ചാൽ കേന്ദ്ര ബജറ്റിന്റെ ജനവിരുദ്ധതയ്‌ക്ക് ശക്തമായ ബദൽ ഉയർത്തുന്ന, ജനങ്ങളെ ചേർത്തുപിടിക്കുന്ന ബജറ്റാണ് കേരളത്തിന്റേതെന്ന് വ്യക്തമാകും. കോർപറേറ്റുകളെയും വൻകിടക്കാരെയും സഹായിക്കുന്നതാണ് കേന്ദ്ര ബജറ്റെങ്കിൽ സാമൂഹ്യമേഖലയിൽ കൂടുതൽ നിക്ഷേപം നടത്തിയും സാമൂഹ്യനീതി ഉറപ്പാക്കിയും ത്വരിതഗതിയിലുള്ള സാമ്പത്തികവളർച്ചയാണ് കേരളത്തിന്റെ ബജറ്റ് ലക്ഷ്യമാക്കുന്നത്. ആസൂത്രണം ഉപേക്ഷിച്ച് എല്ലാ പണവും കോർപറേറ്റ് സഹായത്തിനായി നീക്കിവയ്‌ക്കുകയാണ് കേന്ദ്രം ചെയ്യുന്നതെങ്കിൽ ആസൂത്രണത്തിന്റെ പിൻബലത്തിൽ എല്ലാവിഭാഗം ജനങ്ങൾക്കും സാമ്പത്തികവളർച്ചയുടെ നേട്ടത്തിന്റെ പങ്ക് ഉറപ്പാക്കുകയാണ് എൽഡിഎഫ് സർക്കാർ. മറ്റൊരർഥത്തിൽ പറഞ്ഞാൽ ജനങ്ങളാണ് കേരള ബജറ്റിന്റെ ആധാരമെങ്കിൽ കോർപറേറ്റുകളാണ് കേന്ദ്ര ബജറ്റിന്റെ ഊന്നൽ.
കോവിഡാനന്തര ലോക സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഉക്രയ്‌ൻ യുദ്ധം ഈ പ്രതിസന്ധി രൂക്ഷമാക്കി. ഇന്ത്യയെയും ഇത് നന്നായി ബാധിച്ചിട്ടുണ്ട്. ഇത് മുറിച്ചുകടക്കാനുള്ള പദ്ധതികളുടെ അഭാവമാണ് കേന്ദ്ര ബജറ്റിൽ മുഴച്ചുനിൽക്കുന്നത്. മൊത്തം ആഭ്യന്തര ഉൽപ്പാദനവളർച്ച ഇടിയുമെന്നാണ് സാമ്പത്തിക സർവേതന്നെ പറയുന്നത്. ജിഡിപി വളർച്ചയ്‌ക്കൊപ്പം ആഭ്യന്തര ഉപഭോഗം വളരുന്നില്ലെന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന പ്രതിസന്ധി. ബജറ്റിൽ മൂലധനച്ചെലവ് വർധിപ്പിക്കാനുള്ള നിർദേശമുണ്ട്. വികലമായ നയം കാരണം ഇതിന്റെ നേട്ടം കൊയ്യുന്നത് കോർപറേറ്റുകളായിരിക്കും. എന്നാൽ, ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാനുള്ള ഒരു നടപടിയും ബജറ്റിൽ ഇല്ല. സാമൂഹ്യമേഖലയിൽ കൂടുതൽ നിക്ഷേപം നടത്തിയാൽ മാത്രമേ ജനങ്ങളുടെ കൈവശം പണം എത്തുകയുള്ളൂവെന്നും സെക്രട്ടറി പറയുന്നു.
ജനങ്ങളുടെ കൈവശം പണമില്ലാത്തതിന് കാരണം ഉള്ള പണം അടിസ്ഥാനമേഖലയായ ആരോഗ്യ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വർധിച്ച തോതിൽ ഉപയോഗിക്കുന്നതിനാലാണ്. ഇതുകൊണ്ടാണ് ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പണം ചെലവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് പറയുന്നത്. മെച്ചപ്പെട്ട ആരോഗ്യസേവനം സർക്കാർ ആശുപത്രികളിൽ നൽകിയാൽ സ്വകാര്യമേഖലയെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ ജനങ്ങൾക്ക് കഴിയും. മാത്രമല്ല, സ്വകാര്യമേഖലയിൽ ചെലവാക്കുന്ന ഭീമമായ തുക ജനങ്ങളുടെ കൈവശം മിച്ചം നിൽക്കും. സ്വാഭാവികമായും ഈ പണം ഉപഭോഗത്തിനായി ഉപയോഗിക്കും. എന്നാൽ, മോദിസർക്കാരിന്റെ ബജറ്റ് പരിശോധിച്ചാൽ സാമൂഹ്യമേഖലയിലെ നിക്ഷേപം തുലോം തുച്ഛമാണെന്ന് കാണാം. ഒരു ഉദാഹരണം മാത്രം പറയാം. സാധാരണ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്ക് 60,000 കോടി രൂപ മാത്രമാണ് അടുത്ത സാമ്പത്തിക വർഷത്തേക്ക് നീക്കിവച്ചിട്ടുള്ളത്.
1.12 ലക്ഷം കോടി രൂപ ചെലവാക്കിയയിടത്താണ്, തുക ഏതാണ്ട് നേർപകുതിയായി വെട്ടിക്കുറച്ചത്. വർഷത്തിൽ 100 ദിനം തൊഴിൽ ഉറപ്പുവരുത്തുന്നതിന് 2.72 ലക്ഷം കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതിന്റെ അഞ്ചിലൊന്ന് തുക മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. 15,000 കോടി രൂപ കുടിശ്ശികകൂടി തട്ടിക്കിഴിച്ചാൽ 45,000 കോടി രൂപ മാത്രമാണ് നീക്കിയിരിപ്പ്. മോദി സർക്കാരിന്റെ മനസ്സിൽ രാജ്യം മാത്രമേയുള്ളൂ. അതിൽ ജനങ്ങളില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ പദ്ധതിക്കുള്ള വൻവെട്ടിക്കുറവ്. ഭക്ഷ്യസബ്‌സിഡിയിൽ 31 ശതമാനവും ഉച്ചഭക്ഷണപദ്ധതിയിൽ 9.4 ശതമാനം കുറവുവരുത്തിയതും ഇതുതന്നെയാണ് തെളിയിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications