'അതിനാണു ബിജെപിയെ നേരിടാൻ കർണ്ണാടകയിലേക്ക് എന്ന് തള്ളുന്നത്', സിപിഎമ്മിനെ പരിഹസിച്ച് ടി സിദ്ദിഖ്
കോഴിക്കോട്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെയുളള സിപിഎം വിമര്‍ശനം ചര്‍ച്ചയായിരിക്കുകയാണ്. 18 ദിവസം കേരളത്തില്‍ യാത്ര നടത്തുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭാരത് ജോഡോ യാത്ര കുറവ് ദിവസങ്ങള്‍ മാത്രമാണെന്നാണ് സിപിഎം പരിഹാസം.
മാത്രമല്ല ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ ബാഗെപ്പള്ളിയില്‍ സിപിഎം നടത്തുന്ന ബഹുജന റാലിയുടെ പോസ്റ്റര്‍ ഇടത് അണികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ സിപിഎമ്മിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് രംഗത്ത് വന്നിരിക്കുകയാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ദിവസം ഭാരത് ജോഡോ യാത്ര നടത്താതെ എങ്ങനെയാണ് ബിജെപിക്ക് എതിരെയുളള യാത്രയാകുന്നത് എന്നാണ് സിപിഎം ചോദിക്കുന്നത്. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ സിപിഎം ജാഥയും പൊതുയോഗവും കോണ്‍ഗ്രസ് കണ്ട് പഠിക്കേണ്ടതാണ് എന്ന മട്ടിലാണ് ഇടത് കേന്ദ്രങ്ങളുടെ പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവര്‍ കര്‍ണാടകയിലെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം രണ്ടാമത് എത്തിയ മണ്ഡലമാണ് ബാഗെപ്പള്ളി. 51697 വോട്ടുകള്‍ ഇവിടെ പാര്‍ട്ടിക്കുണ്ട്. ഈ മണ്ഡലത്തില്‍ വിജയിച്ചത് കോണ്‍ഗ്രസ് ആണ്. 65710 വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ് എന്‍ സുബ്ബറെഡ്ഡിക്കായിരുന്നു വിജയം. കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലത്തില്‍ പോയാണോ ബിജെപിയെ നേരിടുന്നത് എന്നാണ് സിപിഎമ്മിനോട് ടി സിദ്ദിഖിന്റെ ചോദ്യം.

ടി സിദ്ദിഖിന്റെ കുറിപ്പ്: ' കർണ്ണാടകയിൽ പോയി ബിജെപിയെ നേരിടുകയാണെന്ന് വരുത്തിത്തീർക്കാൻ സിപിഐഎം ഒരു റാലി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലം എവിടെയാണെന്നറിയേണ്ടേ..!! "ഭാഗെപ്പള്ളി" ഡികെ ശിവകുമാറിനൊപ്പം നിൽക്കുന്ന സുബ്ബ റെഡ്‌ഡിയാണ് നിലവിൽ ഭാഗ്ഗെപ്പള്ളിയിലെ സിറ്റിംഗ് എം എൽ എ. കാലങ്ങളായി കോൺഗ്രസ് വിജയിച്ചു കൊണ്ടിരിക്കുന്ന മണ്ഡലമാണ് ഭാഗ്ഗെപ്പള്ളി. അവിടെ നിലവിൽ രണ്ടാം സ്ഥാനത്താണു സിപിഐഎം, ബിജെപി നാലാം സ്ഥാനത്തും.

ബിജെപിക്കെതിരെ നേർക്ക് നേരെ പോരാടാൻ എന്ന് പറഞ്ഞിട്ട് കോൺഗ്രസ് ജയിക്കുന്ന മണ്ഡലത്തിൽ പോയി കോൺഗ്രസിന്റെ ഒരു സീറ്റെങ്കിലും പൊട്ടിക്കാൻ പറ്റുമോന്ന് നോക്കുകയാണു സിപിഐഎം. ഇവരാണു ഫാഷിസത്തെ നേരിടാൻ കർണ്ണാടകയിൽ എത്തിയിരിക്കുന്നത്. ഒറ്റച്ചോദ്യമിതാണ്, ബിജെപിക്കെതിരെ ശക്തമായി മത്സരിക്കാൻ പോരാടാൻ ഇറങ്ങിത്തിരിച്ച നിങ്ങൾ എന്താണു ബിജെപിക്ക് ശക്തിയുള്ള സ്ഥലങ്ങളിൽ പോകാത്തത്?

ദയവ് ചെയ്ത് ഭാഗെപ്പള്ളിയിൽ പോയി ഞങ്ങൾ ബിജെപിയെ നേരിടുകായാണെന്ന പ്രചാരണം കേരളത്തിൽ വേണ്ട. മുതിർന്ന നേതാവ് ജി വി ശ്രീരാമ റെഡ്ഡി 1994 ലും 2004 ലും ബാഗേപള്ളി നിയമസഭാ മണ്ഡലത്തിൽ നിന്ന് (ഇപ്പോൾ ചിക്കബല്ലാപ്പൂരിൽ) വിജയിച്ചു. അതിനു ശേഷം സംസ്ഥാനത്ത് സിപിഐഎം വിജയിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ 19 സ്ഥാനാർത്ഥികളെ നിർത്തി, ബാഗേപള്ളിയിൽ വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി.
സാരിയിൽ സ്റ്റൈലൻ ലുക്കിൽ അനുശ്രീ... ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

എന്നാൽ ശ്രീരാമ റെഡ്ഡി (51,697 വോട്ടുകൾ) സിറ്റിംഗ് എംഎൽഎ കോൺഗ്രസിന്റെ എസ് എൻ സുബ്ബ റെഡ്ഡിയോട് (65,710 വോട്ടുകൾ) പരാജയപ്പെട്ടു. അതായത് എങ്ങനെയെങ്കിലും ഒരു സീറ്റ് കിട്ടാൻ അവിടെ കോൺഗ്രസിനെ തോൽപ്പിക്കണം എന്ന്. അതിനാണു ബിജെപിയെ നേരിടാൻ കർണ്ണാടകയിലേക്ക് എന്ന് തള്ളുന്നത്'.












Click it and Unblock the Notifications