ശമ്പളം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ പൂട്ടി പോയ്ക്കൂടെ; കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി
സ്വന്തം ചെലവിനുള്ള വരുമാനം കോര്‍പ്പറേഷന്‍ കണ്ടെത്തണം എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ വാദം ഗതാഗത മന്ത്രി നിഷേധിച്ചിട്ടുണ്ട്

കൊച്ചി: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ശമ്പളം നല്‍കാന്‍ കഴിയുന്നില്ല എങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ എല്ലാ മാസവും അഞ്ചാം തിയതിക്ക് മുന്‍പ് ശമ്പള വിതരണം ഉറപ്പാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
എന്നാല്‍ പത്താം തിയതിയായിട്ടും കെ എസ് ആര്‍ ടി സിയില്‍ ശമ്പളം വിതരണം ചെയ്തിട്ടില്ല. കൂടാതെ ബജറ്റ് മാസത്തില്‍ 30 കോടി മാത്രമാണ് ധനവകുപ്പ് കെ എസ് ആര്‍ ടി സിക്ക് അനുവദിച്ചിരിക്കുന്നത്. അതേസമയം ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കും എന്ന് കെ എസ് ആര്‍ ടി സി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സി പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കും എന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

യാത്രക്കാര്‍ വേറെ വഴി നോക്കിക്കോളും
അതേസമയം യാത്രക്കാര്‍ ബദല്‍ മാര്‍ഗം തേടിക്കൊള്ളും എന്നായിരുന്നു ഹൈക്കോടതി ഇതിന് നല്‍കിയ മറുപടി. അതിനിടെ ജീവനക്കാരുടെ ശമ്പളത്തിനുള്ള ധനസഹായം അടുത്ത ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കും എന്ന് യൂണിയന്‍ നേതാക്കളെയും കോര്‍പ്പറേഷനെയും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട് എന്ന് കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍ പറഞ്ഞു.

ചെലവ് സ്വയം വഹിക്കണം
സ്വന്തം ചെലവിനുള്ള വരുമാന സ്രോതസ് കോര്‍പ്പറേഷന്‍ കണ്ടെത്തണം എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട് എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. 2022 ജൂലൈ മുതല്‍ സര്‍ക്കാര്‍ 50 കോടി രൂപ സഹായം നല്‍കുന്നുണ്ട്. അതേസമയം ദിവസ വരുമാനം 8 കോടിയായി വര്‍ധിപ്പിക്കാനാണ് കെ എസ് ആര്‍ ട സി ശ്രമിക്കുന്നുത്. ഇങ്ങനെ വന്നാല്‍ മാസത്തിന്റെ ആദ്യവാരം തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവും.

സിംഗിള്‍ ഡ്യൂട്ടി പാറ്റേണ്‍ ആണോ പ്രതിവിധി?
സിംഗിള്‍ ഡ്യൂട്ടി പാറ്റേണ്‍ നടപ്പാക്കിയാല്‍ പ്രതിമാസം 20-25 കോടി രൂപ അധികവരുമാനമുണ്ടാകും എന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഡ്യൂട്ടി പാറ്റേണ്‍ സംസ്ഥാനത്തെല്ലാം നടപ്പിലാക്കാന്‍ ചുരുങ്ങിയത് 6 മാസമെങ്കിലും വേണ്ടി വന്നേക്കാം. ഇതിന് ജീവനക്കാരും സമ്മതിക്കണം. എന്നാല്‍ കെ എസ് ആര്‍ ടി സിക്കുള്ള സര്‍ക്കാര്‍ സഹായം തുടരും എന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത്.

സര്‍ക്കാര്‍ സഹായിക്കും
കെ എസ് ആര്‍ ടി സിയെ സഹായിക്കില്ല എന്ന നിലപാട് സംസ്ഥാന സര്‍ക്കാരിന് ഇല്ല എന്നും സര്‍ക്കാര്‍ അത്തരത്തിലുള്ള കാര്യങ്ങളൊന്നും ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കും അത് എന്നും ആന്റണി രാജു വ്യക്തമാക്കി.












Click it and Unblock the Notifications