'താൻ ശശി തരൂരിന്റെ കടുത്ത ആരാധകൻ'; പ്രശംസിച്ച് എഎൻ ഷംസീർ
തിരുവനന്തപുരം: ശശി തരൂരിനെ 'വിലക്കിയത്' സംബന്ധിച്ച് കോൺഗ്രസിൽ വിവാദം പുകയുന്നതിനിടെ തരൂരിനെ പുകഴ്ത്തി സ്പീക്കർ എഎൻ ഷംസീർ. താൻ തരൂരിന്റെ കടുത്ത ആരാധകനാണെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം. അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ഷംസീറിന്റെ പ്രശംസ.

മാഹി കലാഗ്രാമത്തില്‍ കഥാകാരന്‍ ടി പത്മനാഭന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിലാണ് ഷംസീര്‍ തരൂരിനെ പുകഴ്ത്തിയത്. 'ശശി തരൂരിന്റെ കടുത്ത ആരാധകനാണ് ഞാൻ. വർഷങ്ങൾക്ക് മുൻപ് വിദ്യാർത്ഥി സംഘടന നേതാവായിരിക്കുമ്പോഴാണ് താൻ തരൂരിനെ പരിചയപ്പെടുന്നത്. തിരുവനന്തപുരത്തെ ലീല ഹോട്ടലിൽ വെച്ചായിരുന്നു കണ്ടത്. അന്ന് അദ്ദേഹം യുഎൻ പ്രതിനിധിയായിരുന്നു. അദ്ദേഹം ചില വാക്കുകൾ പറയുമ്പോൾ അതിന് അർത്ഥം തേടി ഞങ്ങൾ പോകുമായിരുന്നു. വൊക്കാബുലറി ശക്തിപ്പെടുതണമെന്ന് ആഗ്രഹമുള്ളത് കൊണ്ടായിരിക്കാം പലപ്പോഴും അദ്ദേഹം പറഞ്ഞിരുന്ന വാക്കുകളെല്ലാം ഞാൻ നോട്ട് ചെയ്ത് വെക്കാറുണ്ട്', ഷംസീർ പറഞ്ഞു.
അതേസമയം കോൺഗ്രസിൽ ശശി തരൂർ വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് വിലക്കിയിരിക്കുകയാണ് കെ പി സി സി. ശശി തരൂരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണം പാടില്ലെന്നാണ് കെ പി സി സി നിര്‍ദ്ദേശം. പാര്‍ട്ടിയുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രതികരണങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണമെന്നും കെ പി സി സി പ്രസ്താവനയിൽ വ്യകമാക്കി.
എന്നാൽ പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പറഞ്ഞത് കാര്യമാക്കുന്നില്ലെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് എം പി കോണ്‍ഗ്രസ് വേദിയില്‍ പ്രതികരിക്കുന്നതില്‍ എന്താണ് വിലക്കെന്നും തരൂര്‍ ചോദിച്ചു.
അതിനിടെ കെ സുധാകരൻ, വി ഡി സതീശൻ തുടങ്ങിയവരെ ലക്ഷ്യമിട്ട് കെ മുരളീധരൻ ഇന്ന് രംഗത്ത് വന്നതോടെ തരൂർ വിവാദം കോൺഗ്രസിൽ കൊഴുക്കുകയാണ്. തരൂരിനെ വിലക്കിയതിന് പിന്നിൽ ആരാണെന്ന് തനിക്ക് അറിയാമെന്നായിരുന്നു മുരളീധരൻ പറഞ്ഞത്. മുഖ്യമന്ത്രി കുപ്പായം തയ്യ്പ്പിച്ച് വെച്ചവരാണ് വിലക്കിയതിന് പിന്നിൽ. ശശി തരൂർ എന്നത് ഏറ്റവും നല്ലൊരു ആയുധമാണ്. അദ്ദേഹത്തിനെ അപ്പോൾ വിനിയോഗിക്കേണ്ടേതുണ്ടെന്നും മുരളീധരൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications