അതിഥിതൊഴിലാളിയെ 500 രൂപ വാടകയ്ക്ക് പട്ടിക്കൂട്ടിൽ താമസിപ്പിച്ച സംഭവം; കേസെടുത്തിട്ടില്ലന്ന് പോലീസ്, കാരണം
കൊച്ചി: പിറവത്ത് അതിഥിതൊഴിലാളിയെ 500 രൂപ വാടക വാങ്ങി പട്ടിക്കൂട്ടിൽ താമസിപ്പിച്ചുവെന്ന വാർത്ത കഴിഞ്ഞദിവസങ്ങളിൽ വ്യാാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ബംഗാൾ മുർഷിദാബാദ് സ്വദേശിയായ തൊഴിലാളി ശ്യാംസുന്ദറാണ് 500 രൂപ വാടക നൽകി പട്ടിക്കൂട്ടിൽ കഴിഞ്ഞത്. ബിസിനസുകാരനായ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള പട്ടിക്കൂട്ടിലാണ് ശ്യാം സുന്ദർ താമസിച്ചിരുന്നത്.
വീട്ടുടമയോട് വീടിനോട് ചേർന്നാണ് പട്ടിക്കൂട്. പട്ടിക്കൂടിന്റെ ഗ്രില്ലിന് ചുറ്റും കാർഡ് ബോർഡ് കൊണ്ട് മറച്ചിട്ടുണ്ട്. പാചകം ചെയ്യുന്നതും കൂട്ടിൽ വെച്ച് തന്നെയാണ്. ശ്യാംസുന്ദർ പട്ടിക്കൂട്ടിൽ താമസിക്കുന്ന വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പിറവം നഗരസഭാധികൃതരും പോലീസും ഉടനടി സ്ഥലത്ത് എത്തുകയും ചെയ്തു.

വിവരം അറിഞ്ഞതിന് പിന്നാലെ ജനപ്രതിനിധികൾ ഉൾപ്പെടെ ഉള്ള ആളുകൾ ഇവിടെ എത്തിയിരുന്നു. സംഭവം വലിയ രീതിയിൽ ചർച്ചയായെങ്കിലും സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല. ശ്യം സുന്ദറിൽ നിന്ന് മൊഴിയെടുത്തിരുന്നെങ്കിലും നിലവിൽ ആർക്കെതിരെയും കേസ് എടുത്തിട്ടില്ല. ശ്യാം സുന്ദറിന് സംഭവത്തിൽ പരാതി ഇല്ലാത്തത് കൊണ്ട് വാടകയ്ക്ക് കൊടുത്ത വ്യക്തിക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് പിറവം പോലീസ് വൺഇന്ത്യ മലയാളത്തോട് പറഞ്ഞത്.
അനൂപ് ജേക്കബ് എം എൽ എ, നഗരസഭാധ്യക്ഷ അഡ്വ. ജൂലി സാബു, ഉപാധ്യക്ഷൻ, കെ പി സലിം എന്നിവരുംനഗരസഭ കൗൺസിലർമാരും സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്തുകൊണ്ടാണ് ശ്യാം സുന്ദർ ഇങ്ങനെയൊരു സാഹചര്യത്തിൽ വന്ന് താമസിക്കാൻ ഇടയായത് എന്ന് അന്വേഷിക്കേണ്ടതാണ്.
ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഒരാൾ ഇങ്ങനെയൊരു സാഹചര്യത്തിൽ താമസിക്കുന്നത് നിർഭാഗ്യകരം തന്നെയാണ്. സംഭവത്തിൽ ഇടപെടുമെന്ന് അനൂപ് ജേക്കബ് എം എൽ എ പറഞ്ഞു.
തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് പട്ടിക്കൂട്ടിൽ താമസിക്കുന്നത് എന്നാണ് ശ്യാം സുന്ദർ പറയുന്നത്. പോലീസ് ശ്യാംസുന്ദറിനെ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
അതേ സമയം വാടക നൽകി കുറച്ചാളുകൾ തന്റെ കെട്ടിടത്തിൽ താമസിക്കുന്നുണ്ടെന്നും ശ്യാം സുന്ദർ പട്ടിക്കൂട്ടിലാണ് താമസിക്കുന്നത് എന്ന് അറിയില്ലെന്നുമാണ് കെട്ടിട ഉടമ പറഞ്ഞത്. ശ്യാം സുന്ദരിനെ ഭാര്യ സഹോദരൻ താമസിച്ചിരുന്ന പിറവം ടൗണിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി നാല് വർഷമായി ശ്യം സുന്ദർ കേരളത്തിൽ എത്തിയിട്ട്.
അതേ സമയം സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണർക്കാണ് നിർദേശം നൽകിയതായാണ് വിവരം.












Click it and Unblock the Notifications