അട്ടപ്പാടിയില്‍ ശിശു മരണം; ഇന്ന് രണ്ട് കുട്ടികള്‍ മരിച്ചു, ആരോഗ്യ മന്ത്രി നാളെ അട്ടപാടിയില്‍
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. സെറിബ്രല്‍ പാഴ്‌സി എന്ന അസുഖം ബാധിച്ചാണ് ആറ് വയസുള്ള കുട്ടി മരിച്ചത്. കടുകുമണ്ണ ഊരിലെ ജെക്കി- ചെല്ലന്‍ ദമ്പതികളുടെ മകള്‍ ശിവരഞ്ജിനിയാണ് മരിച്ചത്.സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടിയെ ശ്വാസം മുട്ടുണ്ടായതിനെത്തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. കൂടുതല്‍ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നാണ് വിവരം.
ശവരഞ്ജിനിക്ക് പുറമെ അട്ടപ്പാടിയില്‍ വേറെും കുട്ടികള്‍ ഇന്ന് മരിച്ചിരുന്നു. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പന്‍ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെണ്‍കുട്ടിയും വീട്ടിയൂര്‍ ഊരിലെ ഗീതു- സുനീഷ് ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുട്ടിയുമാണ് ഇന്ന് മരിച്ചത്. രമ്യ-അയ്യപ്പന്‍ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള ഹൃദ്രോഗിയായ കുട്ടിയെ അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടത്തറ ആശുപത്രിയില്‍ കൊണ്ടുപോകവേയാണ് മരിച്ചത്.

ഗീതു- സുനീഷ് ദമ്പതികളുടെ കുട്ടി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും മരിച്ചു. കഴിഞ്ഞ ദിവസം തൂവ ഊരിലെ വള്ളി രാജേന്ദ്രന്റ ഒന്നരമാസം പ്രായമായ കുഞ്ഞും കുറവന്‍ കണ്ടി തുളസിയുടെയും ബാലകൃഷ്ണന്റെയും കുഞ്ഞും മരിച്ചിരിച്ചിരുന്നു. ഈവര്‍ഷം മാത്രം പത്തിലധികം കുട്ടികളാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. അട്ടപ്പാടി ഡ്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെ അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി നാളെ അട്ടപ്പാടി സന്ദര്‍ശിക്കുന്നത്.
അട്ടപ്പാടിയിലെ ആദിവാസി അമ്മമാര്‍ക്ക് പോഷകാഹാരത്തിനുള്ള പണം നല്‍കുന്ന ജനനി നന്മരക്ഷാ പദ്ധതി മൂ്‌നന് മാസമായി നല്‍കാന്‍ സാധിച്ചിട്ടില്ലെന്ന് ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ സുരേഷ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോഷകാഹാരം വാങ്ങുന്നതിനായി പ്രതിമാസം രണ്ടായിരം രൂപയാണ് നല്‍കിയിരുന്നത്. ഈ തുകയാണ് മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നത്. നവജായ ശിശുക്കള്‍ മരണപ്പെടുതിനിടെയാണ് ഈ തുക മുടങ്ങിയത്. നിരന്തരം ആവര്‍ത്തിക്കുന്ന സംഭവങ്ങളായി അട്ടപാടിയിലെ ശിശുമരണം മാറുകയാണെന്നാണ് വിലയിരുത്തുന്നത്. അട്ടപാടിയിലെ ചികിത്സാ സംവിധാനങ്ങളുടെ അഭാവത്തിലേക്കാണ് സംഭവം വിരല്‍ചൂണ്ടുന്നത്. രണ്ട് ദിവസം മുമ്പാണ് തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. കുഞ്ഞിന് തൂക്കം കുറവായിരുന്നതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരണപ്പെട്ടത്.
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ദ്ധ ചികിത്സ കിട്ടുന്നില്ലെന്നാണ് മരിച്ച കുഞ്ഞിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിയിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്നും ഇതാണ് കുഞ്ഞ് മരിക്കാന്‍ കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കോട്ടത്തറ ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങളുണ്ടായിട്ടും ഗര്‍ഭിണിയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത് ഗുരുതര വീഴ്ച്ചയാണെന്ന് എന്‍ ഷംസുദീന്‍ എംഎല്‍എയും പറഞ്ഞു.












Click it and Unblock the Notifications