ഇന്നലെ അവർ, ഇന്ന് ഞങ്ങളും; ഐഎൻഎല്‍ കാസിം ഇരിക്കൂർ വിഭാഗവും പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു
കോഴിക്കോട്: രണ്ടായി പിളർന്ന ഐഎന്‍എല്ലിലെ രണ്ട് വിഭാഗങ്ങള്‍ക്കും പുതിയ സംസ്ഥാന കമ്മിറ്റികളായി. കഴിഞ്ഞ ദിവസം അബ്ദുള്‍ വഹാബ് പക്ഷം പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കാസിം ഇരിക്കൂർ വിഭാഗവും തങ്ങളുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. മന്ത്രി അഹമ്മദ് ദേവർകോവിലാണ് കാസിം ഇരിക്കൂർ പക്ഷത്തിന്റെ പുതിയ സംസ്ഥാന പ്രസിഡന്റ്.
ജനറല്‍ സെക്രട്ടററിയായി കാസിം ഇരിക്കൂറിനേയും കോഴിക്കോട് ചേർന്ന സംസ്ഥാന കൌണ്‍സില്‍ യോഗം തിരഞ്ഞെടുത്തും ബി ഹംസ ഹാജിയാണ് പുതിയ ട്രഷറർ. നിലവിലെ മെമ്പർഷിപ്പ് കാംപെയിന്‍ 6 മാസം കൂടി തുടരാനും സംസ്ഥാന സമ്മേളനം ഡിസംബറില്‍ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

ഐ എന്‍ എല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും കാസിം ഇരിക്കൂറിനെയടക്കം പുറത്താക്കിയായിരുന്നു വഹാബ് പക്ഷം കഴിഞ്ഞ ദിവസം പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത്. 2022-25 വർഷത്തേക്കുള്ള കമ്മിറ്റിയില്‍ വഹാബ് പ്രസിഡന്റായും സി പി നാസർകോയ തങ്ങള്‍ ജനറല്‍ സെക്രട്ടറിയായും പ്രവർത്തിക്കാനാണ് തീരുമാനം. ബഷീർ ബടേരിയ, എൻകെ അബ്ദുള്‍ അസീസ് എന്നിവർ യഥാക്രമം ട്രഷറർ, ഓർഗനൈസിങ് സെക്രട്ടറി പദവികള്‍ വഹിക്കും.

യോഗത്തിലും യോഗത്തിന് പിന്നാലെയും മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ രൂക്ഷ വിമർശനങ്ങളാണ് എ പി അബ്ദുള്‍ വഹാബ് നടത്തിയത്. മന്ത്രി പാർട്ടിയുടെ മുതലാളിയല്ലെന്നും അദ്ദേഹം പാർട്ടിക്ക് വിധേയമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി വിഭാഗീയ പ്രവർത്തനങ്ങള്‍ നടത്തുകയാണ്. മന്ത്രിക്കെതിരെ എല്‍ ഡി എഫ് നേതൃത്വത്തിന് രേഖാമൂലം പരാതി നല്‍കുമെന്നും വഹാബ് കൂട്ടിച്ചേർത്തു. അവസാനമായി നടന്ന എല്‍ ഡി എഫ് യോഗത്തില്‍ ഐ എന്‍ എല്‍ പ്രതിനിധിയായി മന്ത്രി അഹമ്മദ് ദേവർകോവില്‍ പങ്കെടുത്തിരുന്നു. ഇത് വഹാബ് പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

തർക്കം രൂക്ഷമായതോടെ നേരത്തെ എപി അബ്ദുള്‍ വഹാബിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ദേശിയ കമ്മിറ്റി ഐ എന്‍ എല്ലില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതോടെയാണ് പാർട്ടി പിളർന്നത്. പാർട്ടി രൂപീകരണ സമയം മുതല്‍ ഐ എന്‍ എല്ലിനൊപ്പം ഉണ്ടായിരുന്ന നേതാവാണ് അബ്ദുള്‍ വഹാബ്. എന്നാല്‍ അദ്ദേഹത്തേയും സിപി നാസർ കോയ തങ്ങളേയും പാർട്ടി ആറ് വർഷത്തേക്ക് പുറത്താക്കുകയായിരുന്നു.

കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഐ എൻ എല്‍ എന്ന പാർട്ടിയില്ലെന്നും ഇക്കാര്യം ദേശീയ പ്രസിഡന്റിനോട് സൂപിച്ചതിനെ തുടർന്നാണ് അദ്ദേഹം തനിക്കെതിരെ തിരിഞ്ഞതെന്നും അബ്ദുള്‍ വഹാബ് നേരത്തെ പറഞ്ഞിരുന്നു. ആളുകളെ പാർട്ടിയില്‍ നിന്ന് പുറത്താക്കല്‍ മാത്രമാണ് ദേശീയ കമ്മിറ്റിയുടെ ജോലി, തർക്കങ്ങള്‍ ചർച്ച ചെയ്യാന്‍ മാത്രമായി ഐഎൻഎല്‍ യോഗങ്ങള്‍ മാറിയെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കവും ഇരുപക്ഷവും തുടങ്ങിയിട്ടുണ്ട്. മുന്‍ കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ് ഇന്ന് കാസിം ഇരിക്കൂർ വിഭാഗത്തില്‍ ചേർന്നിട്ടുണ്ട്. പാർട്ടിയുടെ പേരും കൊടിയും ഉപയോഗിക്കുന്നത് സംബന്ധിച്ച തർക്കവും തുടരുകയാണ്. രണ്ടും ഉപയോഗിക്കുന്നതില്‍ നിന്നും വഹാബ് പക്ഷത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കാസിം ഇരിക്കൂർ വിഭാഗം കോടതിയെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications