ഐഎൻടിയുസി നേതാവ് രാമഭദ്രന്റെ കൊലപാതകം; 14 സിപിഎമ്മുകാർ പ്രതികൾ, ശിക്ഷ ഈ മാസം 30ന് വിധിക്കും
തിരുവനന്തപുരം: ഐഎന്‍ടിയുസി നേതാവ് അഞ്ചൽ രാമഭദ്രൻ വധക്കേസിലെ 18 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. 4 പേരെ വെറുതെ വിട്ടു. കൊലപാതകം, ഗൂഡാലോചന, ആയുധം കൈയിൽ വയ്ക്കുക എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണ്. വെറുതെ വിട്ടവരിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഉൾപ്പെടുന്നുണ്ട്.
തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്‌താവിച്ചത്. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 30ന് വിധിക്കും. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹൻ അടക്കം നാലു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 19 പ്രതികളുണ്ടായിരുന്ന കേസിലെ ഒരു പ്രതി നേരത്തെ മരണപ്പെട്ടിരുന്നു. ശേഷിക്കുന്ന പതിനെട്ട് പേരിൽ പതിനാല് പേരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

2010ലാണ് അഞ്ചലിൽ രാമഭദ്രനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. മകൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന രാമഭദ്രനെ വീട്ടിൽ അതിക്രമിച്ച് കയറിയ സിപിഎം പ്രവർത്തകർ മകളുടെ കൺമുന്നിൽ വച്ച് വെട്ടിക്കൊലപ്പെത്തിയെന്നാണ് കേസ്. രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ.
കൊല്ലപ്പെടുമ്പോൾ ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു രാമഭദ്രൻ. ആദ്യം ലോക്കൽ പോലീസും, പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു. കേസിൽ അറസ്‌റ്റിലായവർ എല്ലാം സിപിഎം പ്രവർത്തകരാണ്.
കൊലപാതകത്തിൽ നേരിട്ട് പങ്കളിയായ ആളുകൾക്ക് പുറമേ ഗൂഡാലോചനക്കും, പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് സിപിഎം നേതാക്കളെ പ്രതി ചേർത്തത്. മുൻ മന്ത്രി മേഴ്‌സികുട്ടിയുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗമായ മാർക്‌സൺ, കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ജയമോഹൻ, മുൻ അഞ്ചൽ ഏരിയ സെക്രട്ടറി പിഎസ് സുമൻ, ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ എന്നിവരുൾപ്പെടെ പ്രതിപട്ടികയിൽ പേരുണ്ടായിരുന്നു.
2019ലാണ് കേസിൽ സിബിഐ കുറ്റപത്രം നൽകിയത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റായിരുന്നു കേസ് അന്വേഷിച്ചത്. 126 സാക്ഷികളുണ്ടായിരുന്നന കേസിൽ സിപിഎം പ്രവർത്തകരായ സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതിന് പുറമെ അറസ്‌റ്റ് ചെയ്‌ത പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ഡിവൈഎസ്‌പി വിനോദ് കുമാർ മൊഴി നൽകിയത് വിവാദത്തിന് ഇടയാക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications