ജമ്മു കശ്മീരില്‍ ഭൂകമ്പം: 5.8 തീവ്രത; ആളപായവും വലിയ നാശനഷ്ടങ്ങളുമില്ല
ശ്രീനഗർ: ജമ്മു കശ്മീരില്‍ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വൈകിട്ട് 4.19 നാണ് ഉണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻ സി എസ്) വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കശ്മീർ താഴ്വരയില്‍ ഉടനീളം ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.
ചില സ്ഥലങ്ങളിൽ ആളുകൾ വീടുകളിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നും ഇറങ്ങിയോടി. ആശങ്ക സൃഷ്ടിച്ചെങ്കിലും എവിടെ നിന്നും വലിയ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഭൂകമ്പ സാധ്യതയുള്ള പ്രദേശമായതിനാല്‍ കശ്മീർ താഴ്‌വരയിൽ ഭൂചലനങ്ങളുണ്ടായേക്കാമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍പ് പലതവണ താഴ്വരയില്‍ ഭൂകമ്പം ഉണ്ടായിട്ടുണ്ട്.

2005 ഒക്ടോബർ 8-നുണ്ടായ ഭൂകമ്പത്തില്‍ ജമ്മു കശ്മീരിലെ നിയന്ത്രണരേഖയുടെ (എൽഒസി) ഇരുവശങ്ങളിലായി 80000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അന്നുണ്ടായിരുന്നത്. പാക് അധീന കശ്മീരിലെ (പിഒകെ) മുസാഫറാബാദ് പട്ടണം അന്ന് ആകെ തകരുകയും ചെയ്തിരുന്നു.ഇതിനുപുറമെ, ദോഡ, കിഷ്ത്വാർ, റിയാസി, റംബാൻ ജില്ലകൾ ഉൾപ്പെടെ ജമ്മു കശ്മിരിലെ ചെനാബ് താഴ്‌വര മേഖലയിൽ ഇടയ്‌ക്കിടെ ഭൂകമ്പം അനുഭവപ്പെടാറുണ്ട്.
കഴിഞ്ഞ 15 വർഷമായി ഭൗമശാസ്ത്രജ്ഞരും ഭൂകമ്പ ശാസ്ത്രജ്ഞരും ഈ മേഖലകളിലെ ഭൂചലനങ്ങളുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.ഈ മാസം 14-ന് പുലർച്ചെ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജമ്മു കശ്മീരിൽ അനുഭവപ്പെട്ടിരുന്നു. ബാരമുള്ള മേഖലയില്‍ ആഗസ്റ്റ് 20 ന് രണ്ടു തവണയായി ഭൂമി കുലുക്കമുണ്ടായി. റിക്ടര്‍ സ്കെയിലിൽ ആദ്യത്തെ ഭൂമി കുലുക്കത്തിന്‍റെ തീവ്രത 4.9 ആണ് രേഖപ്പെടുത്തിയത്. രണ്ടാമത്തേതിൽ 4.8 തീവ്രതയും രേഖപ്പെടുത്തി. അവസാനമായുണ്ടായ രണ്ട് അപകടത്തിലും ആള്‍ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.












Click it and Unblock the Notifications