ഗോമാംസത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം: ബിഹാറില്‍ ജെഡിയു നേതാവിനെ കൊലപ്പെടുത്തി
പട്ന: ഗോമാംസം കഴിച്ചെന്ന് ആരോപിച്ച് രാജ്യത്ത് വീണ്ടും യുവാവിനെ തല്ലിക്കൊന്നു. ബിഹാറിലെ സമസ്തിപൂരിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഗോമാംസം കഴിച്ചുവെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ഗോരക്ഷക സംഘം തല്ലിക്കൊല്ലുകയായിരുന്നു. ജനതാദൾ (യു) പ്രാദേശിക നേതാവു കൂടിയായ മുഹമ്മദ് ഖലീൽ ആലം (34) ആണ് ആള്‍ക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഖലീലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം നദിക്കരയിൽ നിന്നു പൊലീസ് കണ്ടെത്തുകയായിരുന്നു. തല്ലിക്കൊന്ന ശേഷം മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം .
കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ ഖലീലിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കൂടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം നാല് ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. പരാതി നൽകിയ ശേഷം ഖലീലിന്റെ ഫോണിൽ നിന്നു ചിലർ വീട്ടുകാരെ വിളിച്ചു ഖലീലിനെ മോചിപ്പിക്കുന്നതിനായി പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ഖലീലിന്റെ മോചനത്തിനായി 4 ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടത്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ശനിയാഴ്ച കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. എന്നാൽ, ബുധനാഴ്ച ഉച്ചയ്ക്ക് ഒരു യുവാവിനെ പശു സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു വീഡിയോ പ്രചരിച്ചതോടെയാണ് കേസ് പുതിയ വഴിത്തിരവിലേക്ക് എത്തിയത്. കൊല്ലപ്പെട്ട മുഹമ്മദ് ഖലീൽ ആലം തന്നെയാണ് വീഡിയോയിലുള്ളതെന്ന് പോലീസും നാട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോയിൽ, ഖലീൽ ആലം തന്നെ അക്രമിക്കുന്നവരോട് വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നത് വ്യക്തമാണ്.
പശുക്കളെ കൊല്ലുന്ന സ്ഥലങ്ങൾ വെളിപ്പെടുത്താനും ബീഫ് വിൽക്കുന്ന ആളുകളുടെ പേര് വെളിപ്പെടുത്താനും അക്രമികള്‍ ഖലീലിനെ നിർബന്ധിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതേസമയം അക്രമികളില്‍ ആരേടേയും മുഖം വീഡിയോയിലില്ല. ആക്രമണകാരികൾ പ്രാദേശിക ഭാഷകളിൽ അധിക്ഷേപകരമായ സംസാരിക്കുന്നതും കേള്‍ക്കാന്‍ സാധിക്കും ഖലീലിൻറെ ജീവിതത്തിൽ എത്രമാത്രം ബീഫ് കഴിച്ചിട്ടുണ്ടെന്നും അത് മക്കൾക്കും നൽകിയിട്ടുണ്ടോയെന്നും അക്രമികൾ ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഗോമാംസം കഴിക്കാൻ ഖുറാൻ നിർദ്ദേശിക്കുന്നുണ്ടോ എന്ന് അക്രമികള്‍ ചോദിക്കുമ്പോള്‍ ഇല്ലെന്നും ഭാവിയിൽ ബീഫ് കഴിക്കില്ലെന്നും ഖലീൽ അക്രമികൾക്ക് ഉറപ്പുനൽകുന്നതും വീഡിയോയിൽ കാണാം. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തിലൂടെ മാത്രമേ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കാന്‍ കഴികുയുള്ളുവെന്നും പൊലീസ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications