പ്രവാസികളെ പിഴിയാൻ വിമാനക്കമ്പനികൾക്ക് വഴിയൊരുക്കി, കേന്ദ്രസർക്കാരിനെതിരെ ജോൺ ബ്രിട്ടാസ്
വിമാനക്കൂലിയുടെ പേരിലുളള വിമാനക്കമ്പനികളുടെ ചൂഷണത്തിനെതിരെ ജോൺ ബ്രിട്ടാസ് എംപി. സംസ്ഥാന സർക്കാരും എംപിമാരും അടക്കം നിരന്തരം ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമുണ്ടായില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു.
ഗൾഫിലെ നമ്മുടെ പ്രവാസികളാണ് ഏറ്റവും കൂടുതൽ വിമാനക്കൂലി ചൂഷണത്തിന് ഇരയാകുന്നത്. ഇപ്പോൾ നിരക്കുപരിധി ഉത്തരവിട്ട കേന്ദ്ര സർക്കാർ ഇത്രയും നാൾ പ്രവാസികളെ പിഴിയാൻ വിമാനക്കമ്പനികൾക്ക് അവസരം കൊടുത്തത് മാപ്പില്ലാത്ത കുറ്റമാണെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
ജോൺ ബ്രിട്ടാസിന്റെ കുറിപ്പ് വായിക്കാം: 'വിമാനക്കൂലിയുടെ കാര്യത്തിൽ ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ ചൂഷണത്തിനിരയാകുന്നത് നമ്മുടെ ഗൾഫ് പ്രവാസികളാണ്. ഏത് ഉത്സവവും വിശേഷവും വന്നാലും വിമാനക്കൂലി വാണംപോലെ കുതിച്ചുയരും. ഒരു വർഷം ഈയിനത്തിൽ 4,000 കോടി രൂപയോളം നമ്മുടെ സഹോദരങ്ങളിൽനിന്ന് നമ്മുടെ സ്വന്തം വിമാനക്കമ്പനികൾ അധികം പിഴിഞ്ഞെടുക്കും. സംസ്ഥാന സർക്കാരും കേരളത്തിലെ ജനപ്രതിനിധികളും നിരന്തരമായി ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. സഹികെട്ട്, ഉത്സവകാലങ്ങളിൽ പ്രവാസികൾക്കു കേരളത്തിലേക്കു വരാനും മടങ്ങാനും ചാർട്ടേഡ് വിമാനങ്ങൾ തുടങ്ങാൻ സംസ്ഥാന ഗവണ്മെന്റ് അനുമതി തേടിയെങ്കിലും ലഭിച്ചില്ല.

ഇനി നമ്മുടെ ഇൻഡിഗോ പ്രതിസന്ധിയിലേക്കു വരാം. 1937-ലെ എയർക്രാഫ്റ്റ് നിയമം റൂൾ 135 (4) പ്രകാരം കഴിഞ്ഞ ദിവസം ടിക്കറ്റുകളുടെ ഉയർന്ന വിലയ്ക്കു പരിധി നിശ്ചയിച്ച് കേന്ദ്രം ഉത്തരവിറക്കി. ദൂരത്തിന് അനുസരിച്ചുള്ള സ്ലാബുകളും പ്രഖ്യാപിച്ചു. ഈ സീസണിലെ ശരാശരി നിരക്കിനേക്കാൾ രണ്ടു മടങ്ങെങ്കിലും വരും ഈ തുകയെങ്കിലും, ആഭ്യന്തര റൂട്ടിൽ ഇക്കോണമി ടിക്കറ്റിന് ലക്ഷം കടക്കുന്ന പ്രവണതയ്ക്ക് അതു വിരാമം കുറിക്കും.
ഇതേ എയർക്രാഫ്റ്റ് റൂൾ ചൂണ്ടിക്കാണിച്ച്, നിരവധി തവണ ചോദ്യമായും ഉപക്ഷേപമായും ഈ വിഷയം ഞാൻ ഉയർത്തിയിരുന്നു. വിമാനക്കമ്പനികൾ കാർട്ടൽ ആയി പ്രവർത്തിക്കുന്നതു തടയാൻ കഴിയില്ലെന്നും വിപണിയിലെ ആവശ്യ-ലഭ്യതാ മാനദണ്ഡമാണ് കേന്ദ്ര സർക്കാരിന്റെ നിദാനമെന്നുമുള്ള പല്ലവിയാണ് ആവർത്തിച്ചുകൊണ്ടിരുന്നത്. ഇങ്ങനെ പറഞ്ഞിരുന്ന സർക്കാർ എന്തേ നിരക്കുപരിധിയുള്ള ഉത്തരവ് ഇപ്പോൾ വിമാനക്കമ്പനികൾക്കു പൊടുന്നനേ നല്കിയത്?
തങ്ങളുടെ പക്കലുള്ള അധികാരം ഉപയോഗിക്കാതെ ഇക്കാലമെല്ലാം നമ്മുടെ ഗൾഫ് സഹോദരങ്ങളെ പിഴിയാൻ വിമാനക്കമ്പനികൾക്ക് വഴിവച്ചുകൊടുത്ത മാപ്പർഹിക്കാത്ത കുറ്റത്തിന് എന്തു ശിക്ഷയാണ് നമ്മൾ നല്കേണ്ടത്? വികസിതഭാരതമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന ഇക്കൂട്ടരോട് എന്തു സമീപനം സ്വീകരിക്കണമെന്ന് പ്രവാസികളും നാട്ടിലുള്ള അവരുടെ ബന്ധുമിത്രാദികളും തീരുമാനിക്കണം. ഗൾഫിലുള്ള പ്രവാസി സംഘടനകളും ഇക്കാര്യം ശ്രദ്ധിക്കുമെന്നു വിചാരിക്കുന്നു'.












Click it and Unblock the Notifications