ഷാജന്‍ സ്‌കറിയ അറസ്റ്റില്‍; ഷര്‍ട്ട് ഇടാന്‍ പോലും സമ്മതിക്കാതെ മജിസ്‌ട്രേറ്റിനു മുന്നില്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വീഡിയോയിലുടെ ലൈംഗികാധിക്ഷേപം നടത്തി, അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചു തുടങ്ങിയ പരാതികളിലായിരുന്നു അറസ്റ്റ്. മാഹി സ്വദേശിനിയാണ് പരാതി നല്‍കിയിരുന്നത്.
തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ആണ് ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഷാജന്‍ സ്‌കറിയക്ക് രാത്രി വൈകി ഉപാധികളോടെ ജാമ്യം ലഭിക്കുകയായിരുന്നു.

ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഉടമയും എഡിറ്ററുമാണ് ഷാജന്‍ സ്‌കറിയ. പിണറായി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വാര്‍ത്ത നല്‍കുന്നതിന്റെ പ്രതികാരമാണ് അറസ്റ്റെന്നും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോടു പ്രതികരിച്ചു.
ഷാജന്‍ സ്‌കറിയയെ അദ്ദേഹത്തിന്റെ തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് തിരുവനന്തപുരം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രി ഒന്‍പതരയ്്ക്കായിരുന്നു അറസ്റ്റ്. പൊലീസ് എത്തുമ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന താന്‍. ഷര്‍ട്ട് ധരിക്കാന്‍ പോലും അനുവദിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും തനിക്കെതിരായ കേസ് എന്താണെന്ന് പോലും പറഞ്ഞില്ലെന്നും ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പറഞ്ഞു.
'പിണറായിസം തുലയട്ടെ', 'അഴിമതി വീരനാണ് കേരളത്തിലെ മുഖ്യമന്ത്രി' എന്നീ മുദ്രാവാക്യങ്ങളും ഷാജന്‍ സ്‌കറിയ മുഴക്കി. ജനാധിപത്യം സംരക്ഷിക്കാനാണ് താന്‍ ജയിലിലേക്കു പോകുന്നതെന്നും തനിക്കെതിരേ ചുമത്തിയതെല്ലാം കള്ളക്കേസാണെന്നും പറഞ്ഞു. അവസാന ശ്വാസം വരെ പിണറായിയുടെ വൃത്തികേടിനെതിരെ പോരാടുമെന്നും ഷാജന്‍ സ്‌കറിയ പറഞ്ഞു.
2024 ഡിസംബര്‍ 23-ന് പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അധിക്ഷേപിച്ചു എന്നാണ് പരാതി. അപകീര്‍ത്തികരവും മോശം ഭാഷയുമാണ് വീഡിയോയുടെ ഉള്ളടക്കമെന്നും പരാതിയിലുണ്ട്. യുഎഇയില്‍ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ നടപടി. ഭാരതീയ ന്യായ സംഹിതയിലെ 79-ാം വകുപ്പും ഐടി നിയമത്തിലെ 120-ാം വകുപ്പുപ്രകാരവുമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.












Click it and Unblock the Notifications