ജഡ്ജി നിയമനം: സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത 10 പേരുകള്‍ കേന്ദ്രം തിരിച്ചയച്ചു
ദില്ലി: സുപ്രീം കോടതി കൊളീജിയം സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്ത 10 ജഡ്ജിമാരുടെ പേരുകൾ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചില്ല. മുൻ ചീഫ് ജസ്റ്റിസ് ബിഎൻ കിർപാലിന്റെ മകനും മുതിർന്ന അഭിഭാഷകനുമായ സൗരഭ് കിർപാല്‍ ഉള്‍പ്പടേയുള്ളവർ അടങ്ങിയ പട്ടികയാണ് നവംബർ 25 കേന്ദ്രസർക്കർ തിരിച്ചയച്ചത്. നേരത്തെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കൊളീജിയം ആവർത്തിച്ച ചില പേരുകളും സർക്കാർ തിരിച്ചയച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. തന്റെ ലൈംഗിക താല്‍പര്യങ്ങള്‍ തുറന്ന് പറഞ്ഞത് കാരണമാണ് താന്‍ തഴയപ്പെട്ടുന്നതെന്ന് കിർപാല്‍ അടുത്തിടെ എന്‍ ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
"എന്റെ ലൈംഗികതയാണ് ഒഴിവാക്കപ്പെടാന്‍ കാരണം. ഒരു സ്വവർഗ്ഗാനുരാഗിയെ ബെഞ്ചിലേക്ക് നിയമിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല," കിർപാല്‍ അഭിമുഖത്തില്‍ പറഞ്ഞു. 2017 മുതല്‍ ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചില്ലെന്നാണ് ആരോപണം. കിർപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയാണു ശുപാർശ ചെയ്തത്. 2017 മുതൽ ഇദ്ദേഹത്തിന്റെ പേരു ശുപാർശ ചെയ്യുന്നതാണെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. 2021 ലാണു സുപ്രീം കോടതി കൊളീജിയം കിർപാലിനെ അംഗീകരിച്ചത്.

കൊളീജിയം നടപടിക്ക് പകരം കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗം നടപ്പിലാക്കുമെന്ന വാർത്തകള്‍ വരുന്നതിനിടയിലാണ് കൊളീജിയം ശുപാർശകള്‍ തള്ളിക്കൊണ്ടുള്ള സർക്കാർ നടപടി. ജുഡീഷ്യൽ നിയമനങ്ങൾക്കുള്ള കേന്ദ്രാനുമതി വൈകുന്നതിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം അതൃപ്തി വ്യക്തമാക്കുകയും ചെയ്കിരുന്നു. '' കൊളീജിയം ഒരിക്കൽ ഒരു പേര് ആവർത്തിച്ചാൽ, അത് ആഅധ്യായത്തിന്റെ അവസാനമാണ്. ദയവായി ഇത് പരിഹരിക്കുക, ഇക്കാര്യത്തിൽ ജുഡീഷ്യൽ തീരുമാനം എടുക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്," എന്നായിരുന്നു ജസ്റ്റിസുമാരായ എസ് കെ കൗൾ, എ എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞത്.
അതേസമയം, കൊളീജിയം നൽകിയ ശുപാർശകളിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും ജഡ്ജിമാരുടെ സമിതി നൽകിയ എല്ലാ ശുപാർശകളിലും സർക്കാർ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും കേന്ദ്ര നിയമവകുപ്പ് മന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊളീജിയം സംവിധാനത്തിന് പകരം മികച്ച സംവിധാനം കൊണ്ടുവരുന്നത് വരെ സർക്കാർ അതിനെ മാനിക്കുമെന്നും എന്നാൽ അതുവരെ കൊളീജിയം ശുപാർശകൾ അനുസരിച്ച് പ്രവർത്തിക്കുന്നതിന് മുമ്പ് സർക്കാർ വേണ്ടത്ര ജാഗ്രത പുലർത്തുമെന്നും നിയമമന്ത്രി കൂട്ടിച്ചേർത്തിരുന്നു.












Click it and Unblock the Notifications