ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇനിയെന്ത്? അമ്മയും ഡബ്ല്യുസിസിയുമടക്കം മുഴുവന്‍ സിനിമാ സംഘടനകളുമായി ഇന്ന് യോഗം
തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനായി ഇന്ന് യോഗം ചേരും. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് യോഗം വിളിച്ചിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം നടക്കുന്നത്. ഡബ്ല്യു സി സി, അമ്മ, മാക്ട, ഫെഫ്ക, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വര്‍ഷം മുമ്പാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഡബ്ല്യു സി സി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് കമ്മിറ്റി രൂപീകരിച്ചത്. ജസ്റ്റിസ് ഹേമ, റിട്ട ഐ എ എസ് ഓഫീസര്‍ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി.

മലയാള ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്നങ്ങള്‍ പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷത്തോളം എടുത്താണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ നടി പാര്‍വതി തിരുവോത്ത് അടക്കമുള്ള ഡബ്ല്യു സി സി അംഗങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യു സി സി തന്നെ ആവശ്യപ്പെട്ടെന്ന മന്ത്രി പി രാജീവിന്റെ പരാമര്‍ശവും വിവാദമായി. തങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് പറഞ്ഞിട്ടില്ല എന്ന് ഡബ്ല്യു സി സി അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് സംഘടനാ പ്രതിനിധികള്‍ ഇന്നത്തെ യോഗത്തില്‍ പ്രതിഷേധം അറിയിക്കാനാണ് സാധ്യത.

റിപ്പോര്‍ട്ടില്‍ തുടര്‍ചര്‍ച്ചയല്ല വേണ്ടത്, നിയമം കൊണ്ടുവരുകയാണ് ചെയ്യേണ്ടതെന്നാണ് ഡബ്ല്യു സി സി ആവശ്യപ്പെടുന്നത്. റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും പുറത്തു വിടണമെന്ന് സര്‍ക്കാരിന് എഴുതി നല്‍കിയിരുന്നു എന്നും മന്ത്രി ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഡബ്ല്യു സി സി പറഞ്ഞിരുന്നു. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തരുത് എന്നാല്‍ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും പരസ്യമാക്കണം എന്നിവയാണ് ജനുവരി 21ന് മന്ത്രി പി രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഡബ്ല്യു സി സി പറഞ്ഞിരുന്നത്.

എന്നാല്‍ മന്ത്രി പി രാജീവ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഡബ്ല്യു സി സി പ്രതിനിധികളെ താന്‍ കണ്ടിരുന്നു എന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് അവര്‍ തന്നെ ആവശ്യപ്പെട്ടു എന്നുമായിരിപുന്നു പറഞ്ഞിരുന്നത്. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്റ്റിന് കീഴില്‍ അല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട് കണ്ടപ്പോളും മന്ത്രി ഈ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും സിനിമാ മേഖലയിലെ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തില്‍ വനിതാ കലാകാരന്മാര്‍ മുന്നോട്ട് വരാനുള്ള ധൈര്യം കാണിച്ചുവെന്നത് നല്ല സൂചനയാണ് എന്നും ഈ സംഭവങ്ങളിലെ ഇരകള്‍ക്കൊപ്പമാണ് തങ്ങളുടെ സര്‍ക്കാര്‍ നിലകൊള്ളുന്നത് എന്നും രാജീവ് പറഞ്ഞിരുന്നു.
സൂപ്പര്‍ലുക്കില്‍ പാര്‍വതി; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications