ഭീഷണിയൊന്നും ഞങ്ങളെ ബാധിക്കില്ല, ഉപതിരഞ്ഞെടുപ്പ് നേരിടാൻ തയ്യാറെന്നും കെ സുധാകരൻ
തിരുവനന്തപുരം: സത്യവും നീതിയും കോൺഗ്രസിനൊപ്പം തന്നെയാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. വയനാട് എംപിയായ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ കിരാതമായ നടപടി ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് കേരളത്തെയാണ്. ഉപതിരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും പ്രഖ്യാപിച്ചോട്ടെ ഞങ്ങൾ അത് നേരിടാൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു.
സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വിധി രാഷ്ട്രീയ രംഗത്ത് കലാപത്തിന്റെ വേദി ഒരുക്കിയിരിക്കുകയാണ്. ഈ പ്രതിരോധം തുടക്കം മാത്രമാണ്. ഇതുകൊണ്ടൊന്നും രാഹുൽ ഗാന്ധിയും കോൺഗ്രസും തളരുമെന്ന് കരുതരുത്. ഇതിനേക്കാൾ വലിയ കാര്യങ്ങൾ നടന്നിട്ടും ഒരു നടപടിയും എടുത്തിട്ടില്ലെന്നിരിക്കെ ഇപ്പോഴത്തെ രാഹുലിനെതിരായ നീക്കം ആസൂത്രിതമാണ്.

ബ്രിട്ടീഷുകാരെ മുട്ട് കുത്തിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ടെങ്കിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വർഗീയ ഫാസിസത്തിനേയും ആർഎസ്എസിനേയും മുട്ട് കുത്തിക്കാൻ കോൺഗ്രസിന് കരുത്തുണ്ട്. ഭീഷണിയൊന്നും ഞങ്ങളെ ബാധിക്കില്ല. തെരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും പ്രഖ്യാപിച്ചോട്ടെ , നേരിടാൻ ഞങ്ങൾ തയ്യാറാണ്. ഇന്ത്യയിലെ ജനം തീരുമാനിക്കട്ടെ ആര് ഭരിക്കണമെന്നും നീതി നിലനിൽക്കണമോ അനീതി നിലനിൽക്കണമോയെന്ന്.
തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്. അവരുടെ മുന്നിൽ ഞങ്ങൾക്ക് തോക്കേണ്ടി വരില്ലെന്ന് പൂർണവിശ്വാസം ഞങ്ങൾക്കുണ്ട്. നീതിയും സത്യവും ഞങ്ങൾക്കൊപ്പമാണെന്നും ഒരു കാലത്തും ഞങ്ങൾ ഒറ്റപ്പെട്ട് പോകില്ലെന്നുമുള്ള വിശ്വാസം ഞങ്ങൾക്കുണ്ട്.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തന്നെ ഈ പ്രസ്ഥാനം മുന്നോട്ട് പോകും. തടയാനും തടുക്കാനും ആർക്കും സാധിക്കില്ല.
ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി ലോകത്തിലെ വൻ ശക്തിയായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും രാഹുൽ ഗാന്ധിക്കൊപ്പമുണഅട. ഇന്ത്യൻ പാർലമെന്റിൽ സാധാരണക്കാരുടെ ശബ്ദമാണ് രാഹുൽ.
സാധാരണക്കാർക്ക് വേണ്ടി ആരും ശക്തമായി സംസാരിക്കേണ്ട എന്നാണ് മോദി വ്യക്തമാക്കുന്നത്. സകല രാഷ്ട്രീയ മര്യാദകളും കാറ്റിൽ പറത്തിക്കൊണ്ട് രാഹുൽ ഗാന്ധിയ്ക്ക് അയോഗ്യത കൽപ്പിച്ച ബിജെപിയുടെ നാണംകെട്ട രാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾക്ക് കെപിസിസി ആഹ്വാനം ചെയ്യുകയാണെന്നും സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications