പിപി മുകുന്ദനെതിരെ തുറന്നടിച്ച് കെ സുരേന്ദ്രന്‍; മറുപടി ഇല്ലാഞ്ഞിട്ടല്ല, 'ശോഭ' വിഷയത്തിലും പ്രതികരണം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്ന മുതിര്‍ന്ന നേതാവാണ് പിപി മുകുന്ദന്‍. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറണമെന്നാണ് മുകുന്ദന്റെ നിലപാട്. അദ്ദേഹം പല തവണ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയുന്ന വ്യക്തിയാകണം സംസ്ഥാന പ്രസിഡന്റ് എന്നും മുകുന്ദന്‍ പറയുന്നു.
എന്നാല്‍ പിപി മുകുന്ദന് ശക്തമായ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് കെ സുരേന്ദ്രനിപ്പോള്‍. മറുപടി ഇല്ലാഞ്ഞിട്ടല്ല പറയാതിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ശോഭ സുരേന്ദ്രനെ തഴഞ്ഞതിന് പിന്നില്‍ ചില കളികള്‍ നടന്നു എന്ന വിമര്‍ശനത്തോടും സുരേന്ദ്രന്‍ പ്രതികരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റിയേക്കുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. പകരം സുരേഷ് ഗോപി ഈ പദവിയിലേക്ക് എത്തുമെന്നും പ്രചാരണമുണ്ടായി. എന്നാല്‍ സുരേഷ് ഗോപി ഇക്കാര്യം തള്ളുകയാണ് ചെയ്തത്. കഴിഞ്ഞാഴ്ച അദ്ദേഹം മുകുന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. സുരേന്ദ്രന്‍ മാറണമെന്ന് ആവര്‍ത്തിച്ച മുകുന്ദന്‍, സുരേഷ് ഗോപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് വരേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.

പിപി മുകുന്ദന്റെ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി പറയാന്‍ പോയാല്‍ ഇപ്പോഴുള്ള സാഹചര്യം മാറുമെന്ന് സുരേന്ദ്രന്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും പറയാന്‍ സാധിക്കില്ല. മറുപടി പറയാന്‍ തുടങ്ങിയാല്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വരും. ഒരു കാലത്ത് പിപി മുകുന്ദന്‍ ബിജെപിയുടെ എല്ലാമെല്ലാമായിരുന്നു. പിന്നീട് അത് മാറുകയാണ് ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുകുന്ദനെ പദവികളില്‍ നിന്ന് മാറ്റപ്പെട്ടത് രാഷ്ട്രീയ കരുനീക്കത്തിന്റെ ഭാഗമാണ്. മുകുന്ദനെ മാറ്റാനുണ്ടായ കാരണങ്ങളെല്ലാം ഞാന്‍ പറയാന്‍ പോയാല്‍ എന്തായിരിക്കും അവസ്ഥ. മുകുന്ദന്‍ കുറച്ച് കൂടി പക്വത കാണിക്കണം. എന്തെങ്കിലും അടിസ്ഥാനമുള്ള കാര്യമാണോ അദ്ദേഹം പറയുന്നത്. ഞാന്‍ അതിനെല്ലാം മറുപടി പറയണമെന്നാണോ എന്നും സുരേന്ദ്രന്‍ പ്രതികരിക്കുന്നു.

വളരെ മുതിര്‍ന്ന നേതാവാണ് പിപി മുകുന്ദന്‍. അതുകൊണ്ടാണ് ഞാന്‍ കാര്യങ്ങളൊന്നും തുറന്നുപറയാത്തത്. അല്ലാതെ പറയാന്‍ ഇല്ലാഞ്ഞിട്ടല്ല. സംഘടനാ സെക്രട്ടറിയായിരുന്ന കാലത്ത് മുകുന്ദന്‍ പ്രവര്‍ത്തിച്ചത് എങ്ങനെ, എന്തുകൊണ്ട് ആ പദവി നഷ്ടമായി എന്നുമെല്ലാം എനിക്കറിയാം. എല്ലാം നേരിട്ട് കണ്ട വ്യക്തിയാണ് ഞാന്‍. വസ്തുതകള്‍ അറിഞ്ഞിട്ടുള്ള വിമര്‍ശനങ്ങളില്‍ എനിക്ക് പരാതിയില്ല. വസ്തുതകള്‍ അറിയാന്‍ ശ്രമിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഞാന്‍ ആരോപണ വിധേയനായി എന്നാണ് മുകുന്ദന്‍ പറയുന്നത്. മഞ്ചേശ്വരത്തെ കേസ് സിപിഎം സ്ഥാനാര്‍ഥി നല്‍കിയതാണ്. ബത്തേരിയിലെ കേസ് മുസ്ലിം ലീഗുകാരന്‍ നല്‍കിയതാണ്. കൊടകര കേസിലും ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നു. ഈ മൂന്ന് കേസിലാണ് ഞാന്‍ ആരോപണ വിധേയന്‍ എന്ന് പറയുന്നത്. കേസുകളുടെ നിജസ്ഥിതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാവര്‍ക്കും അറിയാം. കേന്ദ്ര നേതൃത്വത്തിനും അറിയാമെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു.

തനിക്കെതിരെ 300ലധികം കേസുണ്ട്. പാര്‍ട്ടിയിലെ മറ്റു പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ കേസ് വരും. അങ്ങനെ സംഭവിക്കുമ്പോഴേക്ക് ആരോപണ വിധേയന്‍ മാറിനില്‍ക്കണമെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. ഞാന്‍ എന്തെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനം ചെയ്തിട്ടാണോ 300ലധികം കേസെടുത്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.
ഉണ്ണി മുകുന്ദനെ കണ്ട് മീര ജാസ്മിന്‍; വീണ്ടും നിറയുന്ന പുഞ്ചിരി... ദുബായിലെ ചിത്രങ്ങള്‍ വൈറല്‍

ശോഭ സുരേന്ദ്രനെ തഴഞ്ഞു എന്നത് ശരിയല്ല. സംസ്ഥാന അധ്യക്ഷന് തൊട്ടുതാഴെയുള്ള പദവിയാണ് വൈസ് പ്രസിഡന്റിന്റേത്. നിര്‍വാഹക സമിതിയില്‍ കൂടുതല്‍ പേര്‍ വരുന്നത് സന്തോഷമാണ്. കേരളത്തില്‍ നിന്ന് അഞ്ച് പേരുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ഒരാളേയുള്ളൂ. സോഷ്യല്‍ മീഡിയ വഴി ചിലര്‍ ചില നേതാക്കളെ പുകഴ്ത്തി വലുതാക്കുകയാണ്. അവര്‍ ശരിക്കും നേതാക്കളുടെ ശത്രുക്കളാണെന്നും അത് തിരിച്ചറിയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications