കേരളം ഒന്നിച്ചു ഒറ്റപ്പെടുത്തേണ്ട അപകടകാരിയായ വര്‍ഗീയവാദിയാണ് കെ സുരേന്ദ്രന്‍: പോപ്പുലര്‍ ഫ്രണ്ട്
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ രംഗത്ത്. കേരളം ഒന്നിച്ചുനിന്ന് ഒറ്റപ്പെടുത്തേണ്ട അപകടകാരിയായ വര്‍ഗീയവാദിയാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെന്ന് എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ആര്‍എസ്എസിന്റെ വര്‍ഗീയ ഭ്രാന്തിനൊത്ത് ആഭ്യന്തരവകുപ്പ് തുള്ളരുത് എന്ന മുദ്രാവാക്യമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ടിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും അംഗീകാരവും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇടതുസര്‍ക്കാരും ഹിന്ദുത്വവര്‍ഗീയ വാദികളും നടത്തുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ദുരന്തമുഖത്ത് സേവനം നടത്തുന്ന സാമൂഹിക പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. മുന്‍വര്‍ഷങ്ങളില്‍ കേരളം നേരിട്ട സുനാമി, ഓഖി , പ്രളയം, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങളും നിപ, കോവിഡ് മഹാമാരികളും പരിശോധിച്ചാല്‍ പോപുലര്‍ ഫ്രണ്ടിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ മനസ്സിലാവും.

വോളണ്ടിയര്‍മാരെ ശാസ്ത്രീയമായി പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ് ടീമിന് രൂപം നല്‍കിയത്. ഈ ടീമിന് പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് അഗ്‌നിശമനസേനയെ സമീപിച്ചത്. എന്നാല്‍, നാടിന്റെ നന്‍മ ആഗ്രഹിച്ച് പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വേട്ടയാടുന്നത് നീതികേടും മനുഷ്യത്വരഹിതവുമാണ്. വര്‍ഗീയവാദിയായ സുരേന്ദ്രന്റെ പ്രസ്താവനയുടെ മറപിടിച്ച് അവര്‍ക്കെതിരായി സ്വീകരിച്ച വകുപ്പുതല നടപടികള്‍ ആഭ്യന്തരവകുപ്പ് പിന്‍വലിക്കണം.
കെ സുരേന്ദ്രന്റെയും കൂട്ടരുടെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളത് മുസ്ലിം വിരുദ്ധതയാണ് . പോപുലര്‍ ഫ്രണ്ട് സേവന മേഖലയിലേക്ക് ആവശ്യമായ പരിശീലനം നേടുമ്പോള്‍, മറ്റ് മതങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ച് അവരെ അക്രമിച്ച് ഇല്ലാതാക്കാന്‍ നടത്തുന്ന പരിശീലനമാണ് കെ സുരേന്ദ്രന് ഓര്‍മവരുന്നത്. വര്‍ഗീയത പ്രചരിപ്പിക്കുന്നത് അല്ലാതെ ആര്‍എസ്എസും ബി ജെ പിയും എവിടെയാണ് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുള്ളത് .
കേരളം നേരിടുന്ന പ്രകൃതി ദുരന്തങ്ങളേക്കാള്‍ വലിയ ദുരന്തമാണ് ആര്‍എസ്എസ്. സേവനത്തിന്റെ മറവില്‍ ആര്‍ എസ് എസിന്റെ പോഷകസംഘടനയായ സേവാഭാരതി വഴി കേരളത്തില്‍ കലാപമുണ്ടാക്കാന്‍ വന്‍തോതില്‍ ആയുധം കടത്തുകയാണ്. പറവൂരില്‍ തോക്ക് പിടികൂടിയതും ആലപ്പുഴയിലെ ഷാന്‍ കൊലക്കേസിലെ പ്രതികളെ രക്ഷപെടുത്തിയതും സേവാഭാരതിയുടെ ആംബുലന്‍സിലാണ് .
ആര്‍എസ്എസ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന സേവാഭാരതിക്ക് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ എന്തുകൊണ്ടാണ് അന്ന് വിശദീകരണം ചോദിക്കാതിരുന്നത്.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സേവാഭാരതിക്ക് പരിശീലനം നല്‍കിയത് ഉദ്യോഗസ്ഥരുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം.
ഇക്കാലമത്രയും പോപുലര്‍ ഫ്രണ്ട് ചെയ്ത സേവനങ്ങളൊന്നും ആരുടെയും അനുമോദനമോ , പ്രശംസയോ പ്രതീക്ഷിച്ചല്ല. വോളണ്ടിയേഴ്സിന്റെ സമര്‍പ്പിത സേവനം കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളില്‍ അധികാരികളും സന്നദ്ധസംഘടനകളും പോപുലര്‍ ഫ്രണ്ടിനെ അനുമോദിച്ചിട്ടുണ്ട് .
Recommended Video
മുന്നോട്ടുള്ള യാത്രയില്‍ എന്തൊക്കെ പ്രതിസന്ധികള്‍ നേരിട്ടാലും അതിജീവിച്ച് ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോവും. രാജ്യത്തെ ജനങ്ങളുടെ നീതിക്കും പുരോഗതിക്കും വേണ്ടി പോപുലര്‍ ഫ്രണ്ട് മുന്‍നിരയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു .
പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സോണല്‍ പ്രസിഡന്റ് എസ് നവാസ് അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു.തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് റഷീദ് മൗലവി, സെക്രട്ടറി ഷിയാസ്, തിരുവനന്തപുരം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് റഫീഖ് മൗലവി, സെക്രട്ടറി നവാസ് ഖാന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി .












Click it and Unblock the Notifications