'സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി': കെ സുരേന്ദ്രനെതിരെ കെ സുധാകരന്‍
തിരുവനന്തപുരം: സി പി എമ്മിലെ വനിതാ പ്രവർത്തകർക്കെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ പരാമർശത്തിനെതിരെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. 'സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി' എന്ന സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്നും ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തിൽ സമീപകാലത്ത് കേട്ടിട്ടില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഇത്രയും മോശമായ പരാമർശം നടത്തിയിട്ടും കെ സുരേന്ദ്രനെതിരെ സി പി എം നേതാക്കള്‍ പ്രതികരിക്കാത്തത് എന്താണെന്നും കെ സുധാകരകന്‍ ചോദിക്കുന്നു.
"സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി " എന്ന കെ സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണ്. ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തിൽ സമീപകാലത്ത് കേട്ടിട്ടില്ല. നരേന്ദ്രമോദിയുടെ അടിമയെ പോലെ കേരളം ഭരിക്കുന്ന പിണറായി വിജയനും സിപിഎമ്മിനും ഈ പരാമർശത്തിനെ എതിർക്കാൻ ഭയമായിരിക്കാം. സ്വന്തം പാർട്ടിയിലെ വനിതകളെ അപമാനിച്ചിട്ടും സിപിഎം പുലർത്തുന്ന മൗനം ഞെട്ടിക്കുന്നതാണ്.- കെ സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണോ കെ സുരേന്ദ്രനെതിരെ ശബ്ദിക്കാൻ പിണറായി വിജയനും എം വി ഗോവിന്ദനും ഒക്കെ ഭയപ്പെടുന്നത് ? എന്തെങ്കിലും നാക്കുപിഴകൾ കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വീഴുമ്പോൾ വലിയ പ്രതികരണങ്ങൾ നടത്തുന്ന സി പി എം നേതാക്കളുടെയും സഹയാത്രികരുടെയും നാവിറങ്ങി പോയിരിക്കുന്നു.

രാഷ്ട്രീയമായി എതിര്‍ചേരിയിൽ ആണെങ്കിലും ഈ വിഷയത്തിൽ സിപിഎമ്മിനെ പോലെ ബിജെപിയെ ഭയന്ന് മിണ്ടാതിരിക്കാൻ കോൺഗ്രസ്സിനാവില്ല. സിപിഎമ്മിലെ സ്ത്രീകളെ അപമാനിച്ച ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണം. കെ സുരേന്ദ്രനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യവും കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിലെ വനിതാ നേതാക്കളെ മുഴുവൻ നിന്ദ്യമായ പരാമർശങ്ങളാൽ അവഹേളിച്ച ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കെ പി സി സി ഉപാധ്യക്ഷന്‍ വിടി ബല്‍റാമും വ്യക്തമാക്കി. സിപിഎമ്മിൽ ധാരാളം സ്ത്രീകളുണ്ട്, ആ പാർട്ടിയിൽ പ്രവർത്തിക്കുന്നവരും അനുഭാവികളും വോട്ട് ചെയ്യുന്നവരുമൊക്കെയായി. ആ ജനവിഭാഗത്തെ മുഴുവനായി അടച്ചാക്ഷേപിക്കുകയും മാനഹാനി വരുത്തുകയുമാണ് ഈ പരാമർശത്തിലൂടെ ബിജെപി നേതാവ് കെ.സുരേന്ദ്രൻ ചെയ്യുന്നത്. എന്നിട്ടും ഇതുവരെ സിപിഎമ്മുകാരുടെ ഭാഗത്തുനിന്ന് ഇതിനെതിരെ ഏതെങ്കിലും പ്രതികരണം തിരിച്ച് ഉണ്ടായതായി കാണുന്നില്ല.
സുരേന്ദ്രന്റെ ഹീനമായ അധിക്ഷേപത്തിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതി പോലെ രാജ്യത്തിന്റെ ഏതെങ്കിലും മൂലയിലുള്ള ഒരു കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ അധിക്ഷേപിക്കപ്പെട്ട വനിതാ സഖാക്കളോ അവരുടെ സഹസഖാക്കളോ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിടി ബല്‍റാം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications