'സ്വപ്‌ന സുരേഷ് അനാഥയാകില്ല, ഒരു അഭിഭാഷകനെതിരെ കേസെടുത്താല്‍ 1000 പേര്‍ പകരം വരും'; പിന്തുണച്ച് സുരേന്ദ്രന്‍
തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ കൃഷ്ണ രാജിനെ അറസ്റ്റ് ചെയ്താല്‍ പകരം ആയിരം അഭിഭാഷകരെ ഇറക്കും എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്‌ന സുരേഷ് അനാഥയാകും എന്ന് കരുതിയവര്‍ക്ക് തെറ്റി പോയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു കൂട്ടിച്ചേര്‍ത്തു. സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ മതനിന്ദ ആരോപിച്ച് കേസെടുത്തിരുന്നു.
കൃഷ്ണരാജിനെതിരായ കേസ് വ്യാജവും നീചവും നിന്ദ്യവുമാണ് എന്ന് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാജ് കിരണ്‍ എന്ന ഇടനിലക്കാരന്‍ കൃഷ്ണരാജിനെ പൂട്ടുമെന്ന് പറയുന്ന ശബ്ദരേഖ പുറത്തു വന്ന് 24 മണിക്കൂറിനുള്ളില്‍ അത് സംഭവിച്ചു എന്നും ഇതോട് കൂടി കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യമായി എന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമാണ് ഇന്ന് കെ സുരേന്ദ്രന്‍ നടത്തിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയത് എന്നും മുഖ്യമന്ത്രിക്കെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത് ബി ജെ പിയാണെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. ജനരോഷം ഭയന്ന് വീട്ടില്‍ കിടന്നുറങ്ങാനാവാത്ത ആദ്യത്തെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി എന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരില്‍ പോലും മുഖ്യമന്ത്രിക്ക് ഇറങ്ങാനാവുന്നില്ല എന്നത് ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയന്‍ അന്വേഷണം നേരിടണം എന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചു എന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിനെ കൊണ്ട് ഇ ഡിക്കെതിരെ കേസ് എടുപ്പിച്ചതും ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സ്വപ്നയുടെ 164 മൊഴി പുറത്തു വന്നതോടെ കാര്യങ്ങള്‍ എല്ലാം വ്യക്തമായതായി എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മൊഴി കൊടുത്ത സ്വപ്‌ന സുരേഷിനെതിരെ കേസെടുത്ത സര്‍ക്കാര്‍ ഒരു എ ഡി ജി പിയും 12 ഡി വൈ എസ് പിമാരും ഉള്‍പ്പെടെയുള്ള ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നും ജാമ്യം ലഭിക്കാവുന്ന കേസിലാണ് ഈ പരാക്രമം എന്നും സുരേന്ദ്രന്‍ പരിഹസിച്ചു. പരാതിക്കാരിയെ ഭീഷണിപ്പെടുത്താന്‍ മധ്യസ്ഥനെ അയച്ചു എന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഴിമതി പകല്‍ പോലെ വ്യക്തമായിരിക്കുകയാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

തനിക്ക് നേരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. യു എ ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടാനുള്ള എന്ത് അവകാശമാണ് മുഖ്യമന്ത്രിക്കുള്ളത് എന്നും വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും അഴിമതിക്കെതിരെ സംസാരിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി കേസ് എടുത്തത്. എന്നാല്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നില്‍ എന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്.
പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications