കളമശ്ശേരി സ്ഫോടനം: ദൗർഭാഗ്യകരം, ശക്തമായ അന്വേഷണമെന്ന് മുഖ്യമന്ത്രി, അമിത് ഷാ വിളിച്ചു
കൊച്ചി:കളമ്മശ്ശേരിയിലെ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തിന്റെ മറ്റ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. എറണാകുളം ജില്ലയിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഡി ജി പി അടക്കമുള്ള സംസ്ഥാനത്തെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ അങ്ങോട്ട് പുറപ്പെട്ടിട്ടുമുണ്ട്. ഏതാനും സമയം കൊണ്ട് അവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് കാര്യങ്ങളൊന്നും ഇപ്പോള്‍ പറയാനായിട്ടില്ല. ഗൌരവമായി തന്നെ ഈ വിഷയം എടുത്തുകൊണ്ടുള്ള നീക്കമാണ് നടത്തുന്നത്. ഡി ജി പിയുമായി സംസാരിച്ചു. ഒരാള്‍ മരണപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരതരമാണെന്നും അറിഞ്ഞു. വിവരങ്ങള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഏത് തരത്തിലുള്ള ആക്രമണമാണ് എന്ന് മനസ്സിലാക്കാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ആഭ്യന്ത്യര മന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. അന്വേഷണത്തില്‍ സഹായിക്കാനായി ദില്ലിയില്‍ നിന്നും പ്രത്യേക സംഘത്തെ അയക്കുമെന്ന് അമിത് ഷാ മുഖ്യമന്ത്രിയെ അറിയിച്ചു.

കളമശ്ശേരി സ്ഫോടനം അതീവ പ്രാധാന്യത്തോടെ തന്നെയാണ് കാണുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അഭിപ്രായപ്പെട്ടു. ലോകമെമ്പാടും പാലസ്തീനൊപ്പം അണിചേർന്ന് മുന്നോട്ട് പോകുമ്പോള്‍ കേരള ജനതയും അവർക്കൊപ്പമാണ്. അതില്‍ നിന്ന് ജനശ്രദ്ധ മാറ്റാന്‍ പര്യാപ്തമായ ഭീകരമായ നിലപാട് ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും കർശനമായ നിലപാട് സ്വീകരിച്ചുകൊണ്ട് സർക്കാരും ജനങ്ങളും ഒറ്റക്കെട്ടമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പാലസ്തീന്‍ വിഷയവുമായി ബന്ധമുണ്ടോയെന്ന് ചോദിച്ചാല്‍ അക്കാര്യത്തില്‍ പരിശോധന വേണം. ഇത്തരത്തിലുണ്ടാകുന്ന സംഭവം ഒരു ഭീകര പ്രവത്തനത്തിന്റെ സാധ്യതകളാണ് നല്‍കുന്നത്. അക്കാര്യത്തില്‍ ശക്തമായ അന്വേഷണം വേണം. അപകടമാണെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുക. ബോംബിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെന്നാണ് പറയുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
കളമ്മശ്ശേരിയിലെ ആശുപത്രിയിലേക്ക് ആവശ്യമായ സൗകര്യങ്ങള്‍ എത്തിക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകുമെന്ന് സ്ഥലം സന്ദർശിച്ച ഹൈബി ഈഡന്‍ എംപിയും അറിയിച്ചു. അപകട സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടർ ഉള്‍പ്പെടേയുള്ളവരും എത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദരുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടക്കുന്നു. ആ സ്ഥലം പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. മികച്ച രീതിയിലുള്ള അന്വേഷണം നടത്തുന്നുണ്ട്.
പരിക്കേറ്റ മുഴുവന്‍ ആളുകള്‍ക്കും ചികിത്സ നല്‍കുക എന്നുള്ളതിനാണ് ഇപ്പോഴത്തെ പ്രയോരിറ്റി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇവിടെ എത്തിച്ചേരും. പരിക്കേറ്റ ആളുകളേയും സന്ദർശിക്കും. എല്ലാവരും കണ്ണടച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഹാളിന്റെ മധ്യഭാഗത്ത് നിന്നും സ്ഫോടനം ഉണ്ടായെന്നാണ് പരിപാടിയില്‍ പങ്കെടുത്ത എന്റെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞത്. മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും ഹൈബി ഈഡന്‍ എംപി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications